വന്യമൃഗ ശല്യം: സോളാര്‍ ഫെന്‍സിങ്ങുകളുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം

കല്‍പ്പറ്റ: നിയോജക മണ്ഡലത്തിലെ വന്യമൃഗ ശല്യം നേരിടുന്നതിനുള്ള അടിയന്തര നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സി കെ ശശീന്ദ്രന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ കലക്‌ട്രേറ്റില്‍ യോഗം ചേര്‍ന്നു.  വനാതിര്‍ത്തികളില്‍ സ്ഥാപിച്ചിട്ടുള്ള സോളാര്‍ ഫെന്‍സിങ്ങുകളുടെ അറ്റകുറ്റപ്പണികള്‍ എത്രയും പെട്ടെന്ന് ചെയ്ത് തീര്‍ക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
ഫെന്‍സിങ് ഇല്ലാത്ത സ്ഥലങ്ങളിലും സ്ഥാപിക്കുന്നതിന് നിര്‍ദേശം നല്‍കി.  വന്യമൃഗ ശല്യം രൂക്ഷമായ സ്ഥലങ്ങളില്‍ പട്രോളിങ് ശക്തമാക്കും. വനത്തോട് ചേര്‍ന്നുള്ള സ്വകാര്യ വക്തികളുടെ ഭൂമിയില്‍ യഥാസമയങ്ങളില്‍ കാട് വെട്ടിത്തെളിക്കാത്തത് വന്യമൃഗശല്യത്തിന് കാരണമാകുന്നതായി യോഗത്തില്‍ അഭിപ്രായം വന്നു. ഇക്കാര്യം പരിശോധിക്കുവാനും ബന്ധപ്പെട്ട സ്ഥലമുടമയ്‌ക്കെതിരെ നോട്ടീസ് നല്‍കാനും ജില്ലാ കലക്ടര്‍ എ ആര്‍ അജയകുമാര്‍ വൈത്തിരി തഹസില്‍ദാരെ ചുമതലപ്പെടുത്തി.
ഈ സാമ്പത്തിക വര്‍ഷം 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയതായി സൗത്ത് ഡിഎഫ്ഒ പി രഞ്ജിത്കുമാര്‍ യോഗത്തെ അറിയിച്ചു. ജാഗ്രതാ സമിതികള്‍ 31നകം ചേരാനും തീരുമാനമായി. ജില്ലയില്‍ വന്യമൃഗ ശല്യത്തിനെതിരെ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് 192 കോടിയുടെ പദ്ധതി ചര്‍ച്ച ചെയ്തു. യോഗത്തില്‍ മേപ്പാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ കെ സഹദ്, എഡിഎം കെ എം രാജു, മെമ്പര്‍മാര്‍, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

RELATED STORIES

Share it
Top