വന്യമൃഗ ശല്യം: പഞ്ചായത്തുകളില്‍ ജാഗ്രതാ സമിതി

കണ്ണൂര്‍:  ജില്ലയിലെ വന്യമൃഗശല്യവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ജനപ്രതി—നിധികളുമായും ഉദ്യോഗസ്ഥരുമായും വനംവകുപ്പ് മന്ത്രി അഡ്വ. കെ രാജു ചര്‍ച്ച നടത്തി. വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ മരിച്ചാല്‍ നഷ്ടപരിഹാരം അഞ്ചുലക്ഷമായിരുന്നത് 10 ലക്ഷം രൂപയും കൃഷിനാശം ഉള്‍പ്പെടെയുള്ളവയുടെ നഷ്ടപരിഹാരം നിലവിലുള്ളതിന്റെ ഇരട്ടിയുമാക്കിയതായി മന്ത്രി അറിയിച്ചു. മരണപ്പെടുന്നവരുടെ ബന്ധുക്കള്‍ക്ക് ഒരാഴ്ചയ്ക്കകം അഞ്ചുലക്ഷവും നിയമപരമായ അവകാശ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന മുറയ്ക്ക് ബാക്കി തുകയും നല്‍കണം. മറ്റ് നാശങ്ങള്‍ക്കുള്ള നഷ്ടപരിഹാരം മൂന്നുമാസത്തിനകം നല്‍കണം.
ജില്ലയില്‍ ഫണ്ട് ലഭ്യമല്ലെങ്കില്‍ മറ്റു ജില്ലകളില്‍നിന്ന് ലഭ്യമാക്കണമെന്നും ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. വിളനാശത്തിന് നിലവില്‍ നല്‍കുന്ന നഷ്ടപരിഹാരം വളരെ കുറവാണെന്ന് ആക്ഷേപമുയര്‍ന്ന പശ്ചാത്തലത്തില്‍ അക്കാര്യം ഗൗരവമായി പരിഗണിക്കും. നിലവില്‍ ആനപ്രതിരോധ സംവിധാനം ഇല്ലാത്ത സ്ഥലങ്ങളില്‍ അത് നിര്‍മിക്കാന്‍ സംവിധാനമൊരുക്കും. കേളകം പഞ്ചായത്തിലൂടെ കടന്നുപോവുന്ന 9.25 കിലോമീറ്റര്‍ ആനപ്രതിരോധ മതില്‍ സംസ്ഥാനത്തെ തന്നെ ഏറ്റവും നീളമേറിയതാണെന്നും അതിനോട് ചേര്‍ന്ന് നിര്‍മിക്കാന്‍ ബാക്കിയുള്ള 2.1 കിലോമീറ്റര്‍ കൂടി പണിയാന്‍ സംവിധാനമൊരുക്കുമെന്നും മന്ത്രി പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനും വനം വകുപ്പ് ഉദ്യോഗസ്ഥന്‍ കണ്‍വീനറുമായി രൂപീകരിച്ച ജനജാഗ്രതാ സമിതികള്‍ മൂന്ന് മാസ—ത്തിലൊരിക്കല്‍ യോഗം ചേര്‍ന്ന് പ്രദേശത്തെ വന്യമൃഗശല്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യണം. വനാതിര്‍ത്തി പങ്കിടുന്ന പഞ്ചായത്തുകള്‍ക്ക് പുറമെ വന്യമൃഗശല്യമുള്ള സമീപ പഞ്ചായത്തുകളിലും ജാഗ്രതാ സമിതികള്‍ രൂപീകരിക്കണം. നിലവില്‍ സൗരോര്‍ജവേലി കേടായിക്കിടക്കുന്ന പ്രദേശങ്ങളില്‍ അറ്റകുറ്റപ്പണി നടത്തി പ്രവര്‍ത്തനസജ്ജമാക്കാന്‍ നടപടിയെടുക്കും.
ഭാവിയില്‍ അവ കേടുവരാതെ സംരക്ഷിക്കുന്നതിന് താല്‍ക്കാലികാടികാസ്ഥാനത്തില്‍ ഒരാളെ നിയമിക്കാന്‍ ജാഗ്രതാ സമിതിക്ക് അധികാരമുണ്ട്. വന്യമൃഗശല്യമുണ്ടാവുന്ന പ്രദേശങ്ങളില്‍ ഉടനെയെത്തി സഹായങ്ങള്‍ ചെയ്യുന്നതിനുള്ള റാപിഡ് റെസ്‌പോണ്‍സ് ടീം നിലവില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ക്കായി ഒരു ടീം എന്നതിനു പകരം ഓരോ ജില്ലയ്ക്കും ഓരോ ടീമിനെ നല്‍കും. ഇതിലെ അംഗസംഖ്യ വര്‍ധിപ്പിക്കുന്ന കാര്യവും പരിഗണനയിലാണ്. ഉദ്യോഗസ്ഥര്‍ക്ക് പുറമെ ജനങ്ങളുടെ സേവനംകൂടി ലഭ്യമാക്കുന്നതിന് തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് പരിശീലനം നല്‍കും. നാട്ടിലിറങ്ങുന്ന കാട്ടാനകളെ തിരികെ കാട്ടിലെത്തിക്കാന്‍ കുങ്കിയാനകളുടെ സേവനം ലഭ്യമാക്കും. ഇതിനായി മൂന്ന് ആനകളെ തമിഴ്‌നാട്ടിലേക്ക് പരിശീലനത്തിന് അയച്ചിട്ടുണ്ട്. വനാതിര്‍ത്തിയില്‍ ജണ്ട കെട്ടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം ജനപ്രതിനിധകളുടെ സാന്നിധ്യത്തില്‍ പരിഹരിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. ആറളം ഫാം ഉള്‍പ്പെടെ വന്യമൃഗശല്യം നേരിടുന്ന പ്രദേശങ്ങള്‍ ന്യായമായ നഷ്ടപരിഹാരം നല്‍കി വനംവകുപ്പ് ഏറ്റെടുക്കുന്ന കാര്യം പരിഗണിക്കും. ജനപ്രതിനിധികളില്‍നിന്ന് ലഭിച്ച നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം പ്രത്യേകമായി ചേരുമെന്നും മന്ത്രി വ്യക്തമാക്കി.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ എംഎല്‍എമാരായ കെ സി ജോസഫ്, സണ്ണി ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി, പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്‌സ് സി കേശവന്‍, എപിസിസിഎഫ് (കോഴിക്കോട്), പ്രദീപ് കുമാര്‍, അസിസ്റ്റന്റ് കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, ഡിഎഫ്ഒ സുനില്‍ പാമിഡി, കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്‌സ് (പാലക്കാട്) ബി അഞ്ജന്‍ കുമാര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, ആറളം ഫാം പ്രതിനിധി സംസാരിച്ചു.

RELATED STORIES

Share it
Top