വന്യമൃഗങ്ങളും യുദ്ധവും

യുദ്ധവും ആഭ്യന്തരസംഘര്‍ഷവും മനുഷ്യരെ മാത്രമല്ല ജീവജാലങ്ങളെയും ബാധിക്കും. അമേരിക്ക വിയറ്റ്‌നാമില്‍ ഏജന്റ് ഓറഞ്ച് എന്ന രാസായുധം ഉപയോഗിച്ചതുമൂലം ചത്തൊടുങ്ങിയ ജീവജാലങ്ങള്‍ക്കു കണക്കില്ല. 1977 തൊട്ട് 1992 വരെ ആഫ്രിക്കന്‍ രാഷ്ട്രമായ മൊസാംബിക്കില്‍ ആഭ്യന്തരയുദ്ധം ശക്തമായപ്പോള്‍ രാജ്യത്തെ ജിറാഫുകളും ആനകളും 90 ശതമാനം ഇല്ലാതായി. ഉഗാണ്ടയിലെ ക്രൈസ്തവ ഭീകരസംഘടനയായ ലോഡ്‌സ് റസിസ്റ്റന്‍സ് ആര്‍മി സജീവമായിരുന്ന കാലത്ത് രണ്ടിനം കൃഷ്ണമൃഗങ്ങളാണ് പറ്റേ അപ്രത്യക്ഷമായത്. ആഭ്യന്തര കുഴപ്പങ്ങള്‍ കൂടുതലുള്ള ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ രണ്ടു വിഭാഗങ്ങളുടെ പോരാട്ടം വന്യമൃഗമേഖലകളെ സാരമായി ബാധിക്കുന്നു എന്നാണ് ഒരു പഠനത്തില്‍ വ്യക്തമായത്. കുഴിബോംബുകളും നാടന്‍ബോംബുകളും മൃഗങ്ങളെ കൊല്ലുന്നു. വനംകാക്കുന്നവര്‍ സ്ഥലംവിടുന്നതിനാല്‍ മാംസത്തിനും ആനക്കൊമ്പിനും മൃഗങ്ങളുടെ നഖം, പല്ല് എന്നിവയ്ക്കുമായി പോരാളികള്‍ കാട്ടിലിറങ്ങുന്നു. കാട്ടില്‍ തന്നെ ജീവിച്ച് അവര്‍ ഒളിയുദ്ധം നടത്തുന്നു. വനംകൊള്ളയില്‍നിന്നു കിട്ടുന്ന പണം ആയുധം വാങ്ങാന്‍ ഉപയോഗിക്കുന്നു. വനമൃഗങ്ങളുടെ എണ്ണത്തില്‍ കുറവു വരുന്നതിന്റെ പ്രധാന കാരണം ഇടയ്ക്കിടെ പൊട്ടിപ്പുറപ്പെടുന്ന സംഘര്‍ഷങ്ങളാണ്. സമൂഹത്തെ മൊത്തം ബാധിക്കുന്ന അരക്ഷിതാവസ്ഥ മൃഗങ്ങളെയും ബാധിക്കുന്നു. ഉഗാണ്ടയിലും മൊസാംബിക്കിലും കണ്ടപോലെ ചില മൃഗങ്ങള്‍ പൂര്‍ണമായി ഇല്ലാതാവുന്ന സംഭവങ്ങള്‍ കുറഞ്ഞുവരുന്നു. മൊസാംബിക്കിലെ ആനകളും ജിറാഫുകളും ക്രമേണ തിരിച്ചുവന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

RELATED STORIES

Share it
Top