വന്യജീവി പ്രതിരോധം: നിര്‍മിക്കേണ്ടത് 36 കിലോമീറ്റര്‍ കരിങ്കല്‍ ഭിത്തി

കല്‍പ്പറ്റ: വന്യജീവി പ്രതിരോധത്തിനു വയനാട് വന്യജീവി സങ്കേതത്തിലെ ജനവാസ കേന്ദ്രങ്ങളുടെ അതിര്‍ത്തിയില്‍ നിര്‍മിക്കേണ്ടത് 36 കിലോ മീറ്റര്‍ കരിങ്കല്‍ ഭിത്തി.
ഇതിനു കണക്കാക്കുന്നത് ഏകദേശം 100 കോടി രൂപ ചെലവ്. സുല്‍ത്താന്‍ ബത്തേരി എംഎല്‍എ ഐ സി ബാലകൃഷ്ണന്റെ സബ്മിഷനു വനം മന്ത്രി കെ രാജു  നല്‍കിയ മറുപടിയിലാണ് ഈ വിവരം. വനാതിര്‍ത്തി ഗ്രാമങ്ങളെ വന്യജീവി ശല്യത്തില്‍നിന്നു രക്ഷിക്കാന്‍ സാധ്യമായ കാര്യങ്ങളെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുമെന്നും മന്ത്രിയുടെ മറുപടിയിലുണ്ട്. വന്യജീവി സങ്കേതത്തില്‍ 2010-11 മുതല്‍ ഇതുവരെ കാട്ടാനയുടെ ആക്രമണത്തില്‍ പത്തും കടുവയുടെ മൂന്നും പാമ്പുകടിയേറ്റ് രണ്ടും പേര്‍ മരിച്ചതായും 69 പേര്‍ക്ക് പരിക്കേറ്റതായും മന്ത്രിയുടെ മറുപടിയില്‍ വ്യക്തമാക്കുന്നു. തോല്‍പ്പെട്ടി, കുറിച്യാട്, സുല്‍ത്താന്‍ ബത്തേരി, മുത്തങ്ങ എന്നീ നാല് റേഞ്ചുകള്‍ ഉള്‍പ്പെടുന്നതാണ് വയനാട് വന്യജീവി സങ്കേതം.
ഇതില്‍ തോല്‍പ്പെട്ടി ഒഴികെ റേഞ്ചുകള്‍ സുല്‍ത്താന്‍ ബത്തേരി താലൂക്കിലാണ്. 57 എന്‍ക്ലോഷറുകളും 96 സെറ്റില്‍മെന്റുകളും ഉള്‍പ്പെടുന്നതാണ് വന്യജീവി സങ്കേതം. ആന, കടുവ, പന്നി, മാന്‍, കുരങ്ങ്, മലയണ്ണാന്‍, മയില്‍ എന്നിവ ജനവാസകേന്ദ്രങ്ങളില്‍ ഇറങ്ങുന്നുണ്ട്.  കഴിഞ്ഞ എട്ടു വര്‍ഷങ്ങള്‍ക്കിടെ വന്യജീവികള്‍ വരുത്തിയ കൃഷി നാശത്തിനു 6433 കേസുകളിലായി 297.18 ലക്ഷം രൂപ നഷ്ടപരിഹാരമായി വിതരണം ചെയ്തിട്ടുണ്ട്. ആകെ 7232 നഷ്ടപരിഹാര അപേക്ഷകളില്‍ 537 ലക്ഷം രൂപയാണ് നല്‍കിയത്. വന്യജീവി ആക്രമണം തടയുന്നതിനു ശാസ്ത്രീയ മാര്‍ഗങ്ങള്‍ സ്വീകരിച്ചുവരുന്നുണ്ട്. പ്രശ്‌നക്കാരനായ ഒരാനയെ മയക്കുവെടിവച്ചു വീഴ്ത്തി റേഡിയോ കോളര്‍ ഘടിപ്പിച്ച് നീരീക്ഷിച്ചുവരികയാണ്. രാത്രി വൈകി സഞ്ചരിക്കുന്ന യാത്രക്കാര്‍ക്ക് മുന്നറിയിപ്പ നല്‍കുന്നതിനു എംഎസ്എസ് ഏര്‍ലി വാണിംഗ് സംവിധാനം നടപ്പിലാക്കിയിട്ടുണ്ട്. മറ്റു പ്രതിരോധ മാര്‍ഗങ്ങളും പ്രാവര്‍ത്തികമാക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

RELATED STORIES

Share it
Top