വന്യജീവി ആക്രമണം: നഷ്ടപരിഹാരം ഉയര്‍ത്തി

തിരുവനന്തപുരം: വന്യജീവി ആക്രമണങ്ങളില്‍ ജീവന്‍ നഷ്ടപ്പെടുന്നവരുടെ ആശ്രിതര്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരം അഞ്ചുലക്ഷത്തില്‍ നിന്ന് 10 ലക്ഷമായി ഉയര്‍ത്തിയതായി മന്ത്രി കെ രാജു നിയമസഭയില്‍ അറിയിച്ചു. അതോടൊപ്പം കാര്‍ഷിക നഷ്ടത്തിനുള്ള ധനസഹായവും വര്‍ധിപ്പിക്കും. ഇക്കോ ഡെവലപ്‌മെന്റ് കമ്മിറ്റി (ഇഡിസി) അംഗങ്ങള്‍ക്കും തൊഴിലാളികള്‍ക്കും നിലവിലെ പ്രതിദിനകൂലിയില്‍ 100 രൂപയുടെ വര്‍ധന വരുത്തും.
മാഞ്ചിയം, യൂക്കാലിപ്റ്റസ് തുടങ്ങിയ വിദേശ മരങ്ങള്‍ ജലാംശം ഊറ്റിയെടുക്കുന്നു എന്നതിന് ശാസ്ത്രീയമായ പിന്‍ബലമില്ല. അതേസമയം, ഇവ ഗുരുതരമായ പരിസ്ഥിതി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്നതിന് അനുഭവസാക്ഷ്യമുണ്ടെന്നും കെ രാജു പറഞ്ഞു. അതേസമയം, അംബേദ്കര്‍ സമഗ്ര കോളനി വികസന പദ്ധതിക്ക് തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം നിലവിലെ 40 പട്ടികജാതി കുടുംബങ്ങള്‍ എന്നത് 30 ആയി കുറയ്ക്കുമെന്ന് മന്ത്രി എ കെ ബാലന്‍ നിയമസഭയില്‍ അറിയിച്ചു.
അടുത്തവര്‍ഷം മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. പട്ടികജാതി വിഭാഗങ്ങള്‍ക്ക് ഭൂമി വാങ്ങുന്നതിന് ഗ്രാമപ്രദേശങ്ങളില്‍ അഞ്ചു സെന്റിന് 3.45 ലക്ഷം രൂപയും മുനിസിപ്പാലിറ്റി മേഖലയില്‍ മൂന്നു സെന്റിന് 4.5 ലക്ഷം രൂപയും കോര്‍പറേഷന്‍ പരിധിയില്‍ മൂന്നു സെന്റിന് ആറു ലക്ഷം രൂപയും അനുവദിക്കും. ചെറിയ മൂല്യമുള്ള മുദ്രപത്രങ്ങളായ 50, 100 എന്നിവയുടെ ദൗര്‍ബല്യം കണക്കിലെടുത്ത് സംസ്ഥാനത്ത് അധികമായി സ്‌റ്റോക്കുള്ള ഒരു രൂപ മുതല്‍ അഞ്ചു രൂപ വരെയുള്ള നോണ്‍ ജൂഡീഷ്യല്‍ സ്റ്റാമ്പ് പേപ്പറുകള്‍ 50 രൂപ മൂല്യമുള്ളവയായും ഏഴു മുതല്‍ 10 രൂപവരെ മൂല്യമുള്ളവ—യെ 100 രൂപയുടെ സ്റ്റാമ്പ് പേപ്പറായും പുനര്‍മൂല്യനിര്‍ണയം നല്‍കി ഉത്തരവിട്ടതായി മന്ത്രി തോമസ് ഐസക് നിയമസഭയില്‍ അറിയിച്ചു.
സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ക്ക് മൂന്ന് ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കാന്‍ തീരുമാനിച്ചതായി മന്ത്രി ടി പി രാമകൃഷ്ണന്‍ നിയമസഭയില്‍ അറിയിച്ചു. എട്ടു മണിക്കൂര്‍ കൂടുതല്‍ ജോലി ചെയ്യുന്നവര്‍ക്ക് നിയമാനുസൃതമായ ഓവര്‍ടൈം അലവന്‍സും റസ്റ്റ് റൂം സൗകര്യം ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്കെതിരേയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട് 2111 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നു മന്ത്രി എ കെ ബാലന്‍ നിയമസഭയില്‍ പറഞ്ഞു. ഇതില്‍ രണ്ടു കേസുകളില്‍ മാത്രമാണ് പ്രതികള്‍ ശിക്ഷിക്കപ്പെട്ടത്.

RELATED STORIES

Share it
Top