വന്നു പാര്‍ട്ടിക്കോടതി, പള്ളിക്കോടതി

കണ്ണേറ് - കണ്ണന്‍

ശരീഅത്ത് കോടതി എന്നു കേട്ടാല്‍ അപ്പോള്‍ വരും സഖാക്കള്‍ക്ക് മൂക്കത്തു ശുണ്ഠി. നാട്ടില്‍ നടപ്പുള്ള നിയമവ്യവസ്ഥയെ അപ്പാടെ അട്ടിമറിച്ച് ആറാം നൂറ്റാണ്ടിന്റെ തമോമയകാലത്തേക്ക് നാടിനെ തിരിച്ചുകൊണ്ടുപോവുന്ന പുരോഹിതപ്പരിഷകളുടെ നേരെ അവര്‍ ഉറഞ്ഞുതുള്ളും. ശരീഅത്തെന്ന് പറയുമ്പോഴേക്കും ദേഹത്ത് ചൊറിഞ്ഞുതിണര്‍ക്കുന്ന ഒരുപറ്റം സെക്കുലറിസ്റ്റുകളുമുണ്ട് നാട്ടില്‍. അവരുടെ ആക്രോശങ്ങള്‍ വേറെ. ഈ അവസ്ഥയില്‍ സ്വന്തം നാട്ടിലുണ്ടാവുന്ന കുടുംബതര്‍ക്കങ്ങളില്‍ മാധ്യസ്ഥ്യം പറയാന്‍ പോലും പേടിയാണ് മഹല്ലു ഭാരവാഹികള്‍ക്ക്. ശരീഅത്ത് കോടതി എന്നെങ്ങാനും പറഞ്ഞു മേക്കിട്ടുകയറാന്‍ വന്നാലോ!
എന്നാല്‍, ഇതേ സഖാക്കന്‍മാരാണിപ്പോള്‍ സ്വന്തമായൊരു ശരീഅത്ത് കോടതി സ്ഥാപിച്ചതും കോടതിയില്‍ ജഡ്ജിമാരായി മന്ത്രി എ കെ ബാലനെയും എംപി ശ്രീമതി ടീച്ചറെയും നിശ്ചയിച്ചതും. ഈ ജഡ്ജിമാര്‍ കോടതി നടപടികളുമായി മുന്നോട്ടുനീങ്ങുകയാണ്. രണ്ടു ദിവസം മുമ്പ് ജഡ്ജിമാര്‍ പാലക്കാട്ടെത്തി പി കെ ശശിക്കെതിരേ പരാതി പറഞ്ഞ വനിതാ നേതാവിന്റെ മൊഴിയെടുക്കുകയും കത്തുകള്‍, ഓഡിയോ ക്ലിപ്പുകള്‍ തുടങ്ങിയ മെറ്റീരിയല്‍ എവിഡന്‍സ് പരിശോധിക്കുകയും ചെയ്തുവത്രേ. വിസ്താരവും എതിര്‍വിസ്താരവും ഏപ്പോള്‍ അവസാനിക്കുമെന്നും ഏതൊക്കെ സാക്ഷികള്‍ കൂറുമാറുമെന്നും ആരെല്ലാം മാപ്പുസാക്ഷികളാവുമെന്നുമൊന്നും ഇപ്പോള്‍ പറയാന്‍ പറ്റാത്ത രീതിയിലാണ് വിചാരണ പുരോഗമിക്കുന്നത്. ജഡ്ജി എ കെ ബാലന്‍ മന്ത്രിയുടെ ഓര്‍ഡര്‍, ഓര്‍ഡര്‍ വിളികള്‍ ഇടയ്ക്കിടെ കോടതിമുറിയുടെ പുറത്തേക്ക് കേട്ടിരുന്നുവെന്നും അതുകേട്ട് പുറത്തു തടിച്ചുകൂടിനിന്ന ഡിഫിക്കാര്‍ കൂടക്കൂടെ അക്ഷമരായെന്നുമാണ് ശത്രുക്കള്‍ പറയുന്നത്. വിചാരണ കഴിഞ്ഞ് പി കെ ശശിയെന്ന പ്രതിയെ ശിക്ഷിച്ചാല്‍ തന്നെയും പാര്‍ട്ടിക്കകത്ത് അപ്പീല്‍ കോടതിയുണ്ട്. സംസ്ഥാന കമ്മിറ്റി കോടതി, കണ്‍ട്രോള്‍ കമ്മീഷന്‍ കോടതി, പിബിയെന്ന സുപ്രിംകോടതി- ഇതെല്ലാം കടന്നുകയറി ശശിയെമ്മല്ലേയുടെ കാര്യത്തില്‍ തീര്‍പ്പാവുമ്പോഴേക്കും കാര്യങ്ങള്‍ കുഴഞ്ഞുമറിഞ്ഞ് എവിടെയെത്തുമെന്ന് ആരു കണ്ടു! പുള്ളി പക്ഷേ, ശശിയാവുമെന്നു പറയാന്‍ ഇത്തിരി ബുദ്ധിമുട്ടാണ്.
ഏതായാലും ശശിയെമ്മല്ലെയുടെ കാര്യത്തില്‍ കിട്ടിയ പാര്‍ട്ടിക്കോടതിയെന്ന സാധ്യത അപാരമായ തുറവികളാണ് പാര്‍ട്ടിക്ക് ഉണ്ടാക്കിക്കൊടുത്തിട്ടുള്ളത്. ഭാവിയില്‍ എല്ലാ ബ്രാഞ്ച് കമ്മിറ്റികളുടെയും ലോക്കല്‍ കമ്മിറ്റികളുടെയും ഏരിയാ കമ്മിറ്റികളുടെയും ജില്ലാ കമ്മിറ്റികളുടെയും പരിധിയില്‍ വരുന്ന സഖാക്കന്‍മാരുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിക്കാനും ശിക്ഷ വിധിക്കാനും അതത് തലത്തില്‍ കോടതികളുണ്ടാക്കാമല്ലോ. പറഞ്ഞു കേള്‍ക്കുന്നത് ശരിയാണെങ്കില്‍ അത്തരം കേസുകള്‍ ഇപ്പോള്‍ ധാരാളമുണ്ട്. ബലാല്‍സംഗം, സ്ത്രീപീഡനം, അനധികൃത പണപ്പിരിവ്, വീടുകയറി ആക്രമണം, വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി പണം പിടുങ്ങല്‍ എന്നു തുടങ്ങി ഹവാല വരെയുള്ള എണ്ണമറ്റ കേസുകളിലാണ് സഖാക്കള്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇവയൊക്കെ അന്വേഷിക്കണമെങ്കില്‍ നേരത്തേ പറഞ്ഞ ലോക്കല്‍ കോടതികള്‍ മാത്രം മതിയാവുകയില്ല. പാര്‍ട്ടിഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് പ്രത്യേക കോടതികള്‍ സ്ഥാപിക്കേണ്ടിയും വരും. ഈ പാര്‍ട്ടിക്കോടതികള്‍ സജീവമായാല്‍ കേരളത്തിലെ ക്രമസമാധാന- നിയമപ്രശ്‌നങ്ങളെല്ലാം ഏതാണ്ട് തീര്‍ന്നുകിട്ടും. കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം കുറയും! നീതിന്യായ വ്യവസ്ഥ ശുഭ്രസുന്ദരമാകും. ഹായ്!
സ്വന്തമായി പാര്‍ട്ടിക്കോടതികള്‍ സ്ഥാപിച്ചു പ്രവര്‍ത്തിക്കുന്നതുകൊണ്ടായിരിക്കണം പള്ളിക്കോടതികളോടും സഖാക്കള്‍ക്കിപ്പോള്‍ യാതൊരു എതിര്‍പ്പുമില്ല. ഫ്രാങ്കോ മുളയ്ക്കല്‍ എന്ന ബിഷപ്പിന്റെ കാര്യത്തില്‍ സംഭവിക്കുന്നത് നോക്കുക. ബിഷപ് തിരുമേനി തന്നെ 13 വട്ടം പീഡിപ്പിച്ചു എന്നാണ് അങ്ങേരുടെ കീഴിലുള്ള സന്ന്യാസിനി സമൂഹത്തില്‍ പ്രവര്‍ത്തിച്ചുപോരുന്ന കന്യാസ്ത്രീയമ്മയുടെ പരാതി! പക്ഷേ, മാസം രണ്ടായിട്ടും പോലിസിന് യാതൊരു അനക്കവുമില്ല. പള്ളിക്കോടതിയില്‍ തന്നെയാണ് കേസ് ഇപ്പോഴും. നാട്ടിലെ നിയമങ്ങളൊന്നും ബിഷപ്പിന് ബാധകമല്ലേയെന്നു ചോദിച്ചാല്‍, പള്ളിയായാലും പാര്‍ട്ടിയായാലും ശരി അവരവര്‍ തന്നെ കാര്യങ്ങള്‍ തീരുമാനിക്കട്ടെ എന്നതാണ് പുതിയ കാലത്തെ നിയമം എന്നാണ് കണ്ണനു തോന്നുന്നത്. മേലില്‍ പാര്‍ട്ടിക്കോടതിയുടെ മാതൃകയില്‍ ഇടവകകള്‍തോറും പള്ളിക്കോടതികള്‍ സ്ഥാപിക്കാം; സത്യക്രിസ്ത്യാനികളുടെ തെറ്റുകുറ്റങ്ങള്‍ സഭാമേലാളന്‍മാര്‍ക്ക് വിചാരണ ചെയ്യാം. പോലിസ് വകുപ്പിന് പണി കുറഞ്ഞുകിട്ടും. പള്ളിയും പാര്‍ട്ടിയും ഒരേ ദിശയില്‍ സഞ്ചരിക്കുന്ന സുവര്‍ണകാലമിതാ വരുന്നു എന്നു പറഞ്ഞാല്‍ എല്ലാമായല്ലോ!
അധികാര വികേന്ദ്രീകരണമെന്നാല്‍ ഇതുതന്നെയാണെന്ന കാര്യത്തില്‍ കണ്ണന് എതിരഭിപ്രായമൊന്നുമില്ല. ഈ വികേന്ദ്രീകരണത്തെ ശരീഅത്ത് കോടതി, ഖാപ് പഞ്ചായത്ത് എന്നൊക്കെപ്പറഞ്ഞ് നിന്ദിക്കാനും കണ്ണനില്ല. പക്ഷേ, ഒരു സംശയം ബാക്കിനില്‍ക്കുന്നു. പാര്‍ട്ടി സഖാക്കളുടെയും പാതിരിമാരുടെയും കാര്യത്തില്‍ സ്വന്തമായ നിയമവും സ്വന്തമായ വിചാരണയും സ്വന്തമായ ശിക്ഷാവിധികളുമൊക്കെയാണ് നടപ്പില്‍വരുത്തേണ്ടതെങ്കില്‍ അതു തന്നെ പോരേ മറ്റുള്ളവര്‍ക്കും? ഏതെങ്കിലുമൊരു മുസ്‌ലിം പയ്യനെ കഷ്ടകാലത്തിന് ഒരു അന്യമതക്കാരി കല്യാണം കഴിക്കുകയെങ്ങാനും ചെയ്താല്‍ അവരുടെ പിന്നാലെ യമനിലേക്കും സിറിയയിലേക്കും വരെ ആളെവിട്ട് അന്വേഷിക്കാന്‍ പോലിസിനും കോടതിക്കും എന്തൊരു താല്‍പര്യമാണ്! അപ്പോള്‍ ശരീഅത്തും ഐഎസും മൗലികവാദവും രാജ്യദ്രോഹവുമൊക്കെ പൊന്തിവരും. അതായത്, പാര്‍ട്ടിക്കും പള്ളിക്കും ഒരു നീതി, മറ്റുള്ളവര്‍ക്കു വേറെ നീതി. ഇതുതന്നെയാവാം വൈരുധ്യാത്മക ഭൗതികവാദം.

******

കന്യാസ്ത്രീകളും അച്ചന്‍മാരും പൊതുസമൂഹമൊന്നടങ്കവും ചേര്‍ന്ന് ഹൈക്കോടതിപ്പടിക്കല്‍ കിടന്നു തൊണ്ടകാറി മുദ്രാവാക്യം വിളിച്ചിട്ടും കരഞ്ഞുപറഞ്ഞിട്ടും ഫ്രാങ്കോ ബിഷപ്പിന് യാതൊരു കുലുക്കവുമില്ല. പോലിസ് അദ്ദേഹത്തിന്റെ വരവുകാത്ത് എതിരേല്‍ക്കാന്‍ നില്‍ക്കുകയാണ്. നാട്ടില്‍ കാലുകുത്തിയ പാടെ ബിഷപ്പിനെ പോലിസ് ഉപചരിച്ചാനയിച്ച് കാലു കഴുകിക്കുമോ ചോദ്യം ചെയ്യുമോ എന്നൊക്കെ ആര്‍ക്കറിയാം. പക്ഷേ, ജേക്കബ് വടക്കുംചേരിയുടെ കാര്യത്തില്‍ ഇതേ പോലിസിന് എന്തൊരു ഉശിരാണെന്നോ! വടക്കുംചേരിയുടെ എല്ലില്ലാത്ത നാവിലൂടെ വരുന്ന വര്‍ത്തമാനം, പ്രകൃതി ചികില്‍സ പോലെ തന്നെ നിര്‍ഗുണപരമാണെന്നാണ് കണ്ണന്‍ കരുതുന്നതെങ്കിലും ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍ അങ്ങനെയല്ല ചിന്തിക്കുന്നത്. അതിനാല്‍ വെറുമൊരു വര്‍ത്തമാനത്തിന്റെ പേരില്‍ വടക്കുംചേരി അഴികളെണ്ണുന്നു; കന്യാസ്ത്രീകളെ കാണുന്നപാടെ മുട്ടിയുരുമ്മാനും കെട്ടിപ്പിടിക്കാനും മോഹം മുളയ്ക്കുന്ന മുളയ്ക്കല്‍ ബിഷപ് ഒരു പോറലുമേല്‍ക്കാതെ നില്‍ക്കുന്നു- ഇതാണ് പിണറായി ഭരണകാലത്തെ ലോകനീതി.
അറസ്റ്റ് ചെയ്യാനും ജയിലിലടയ്ക്കാനും മാത്രം എന്തു വലിയ മഹാപാതകമാണ് ജേക്കബ് വടക്കുംചേരി ചെയ്തത്? വിഡ്ഢിത്തങ്ങള്‍ പറയുന്നതിന് ഇത്രയും വലിയ ശിക്ഷ കൊടുക്കണോ എന്നാണ് കണ്ണന്റെ ചോദ്യം. വടക്കുംചേരി പറയുന്ന കാര്യങ്ങള്‍ ആധുനിക വൈദ്യശാസ്ത്രത്തിന്റെ യുക്തികള്‍ക്ക് യോജിക്കുന്നതല്ല എങ്കില്‍ ഹോമിയോപ്പതിയും ആയുര്‍വേദവും ഇതേ യുക്തിയുമായി പൊരുത്തപ്പെടുമോ എന്നൊന്നും ചോദിക്കരുത്. ശൈലജ ടീച്ചറുടെ യുക്തിയനുസരിച്ച് ഹോമിയോപ്പതി-ആയുര്‍വേദ കോളജുകളും ആയുര്‍വേദ ആശുപത്രികളും ഹോമിയോ ആശുപത്രികളും നടത്തുന്ന ആരോഗ്യവകുപ്പിന്റെ ഉദ്യോഗസ്ഥന്‍മാരെ മുഴുവനും ജയിലിലടയ്‌ക്കേണ്ടേ എന്നും ചോദിക്കരുത്. ഇപ്പോഴത്തെ നിലപാട് വച്ചു ചിന്തിച്ചാല്‍ ശൈലജ ടീച്ചറാണ് ആദ്യം ജയിലില്‍ പോവേണ്ടതെന്നാണ് കണ്ണന്റെ അഭിപ്രായം. അതു കഴിഞ്ഞതിനുശേഷം പോരായിരുന്നുവോ വടക്കുംചേരിയുടെ നേരെ പ്രയോഗിച്ച കോര്‍ട്ട് മാര്‍ഷ്യല്‍.
ഒരു കാര്യത്തില്‍ ഏതായാലും കണ്ണന് അല്‍പം ആശ്വാസമുണ്ട്. വടക്കുംചേരിയെ ജയിലിലടച്ചത് തെറ്റായിപ്പോയി എന്നു പറയാന്‍ നാട്ടിലാളുണ്ട്. വി എസ് അച്യുതാനന്ദനാണ് ഇതു പറഞ്ഞത് എന്നതുകൊണ്ടുതന്നെ വടക്കുംചേരിയുടെ റിമാന്‍ഡ് നീട്ടുമോ ശിക്ഷ ഇരട്ടിപ്പിക്കുമോ എന്ന സംശയവുമുണ്ട് അതോടൊപ്പം. വി എസ് പറഞ്ഞ എല്ലാ കാര്യത്തിലും പിണറായി സര്‍ക്കാരിന്റെ നടപടികള്‍ ഇങ്ങനെയാണല്ലോ.
വി എസ് വളരെ ആത്മാര്‍ഥതയോടെ തന്നെയാണ് തന്റെ ജോലി ചെയ്യുന്നത്. തഞ്ചം കിട്ടുമ്പോഴെല്ലാം തന്റെ ജോലിയോട് നീതിയും തനിക്കു കിട്ടിയിട്ടുള്ള സ്റ്റേറ്റ് കാറിനോടും അലവന്‍സുകളോടും കൂറും കാണിക്കാന്‍ വേണ്ടി കൃത്യമായി സഖാവ് ഓരോരോ ഭരണപരിഷ്‌കാര നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കും. അതു ചെയ്യണം, ഇതു ചെയ്യണം എന്നൊക്കെ നിര്‍ദേശിക്കും. ഈ ഭരണപരിഷ്‌കാര നിര്‍ദേശങ്ങള്‍ മുഴുവനും പിണറായിയും സഹസഖാക്കളും ചവറ്റുകുട്ടയിലേക്കു വലിച്ചെറിയും. അതാണ് കേരളത്തിലെ ഭരണപരിഷ്‌കാര കമ്മീഷന്റെ ചരിത്രനിയോഗം. സഖാവ് വി എസിന് പക്ഷേ, പ്രശ്‌നമൊന്നുമില്ല. വടക്കുംചേരിയുടേതാണ് നിര്‍ഭാഗ്യം. വി എസ് ഇടപെട്ടതുകൊണ്ടു മാത്രം കക്ഷി കുടുങ്ങിയതു തന്നെ. അങ്ങനെയാകുന്നു പിണറായിയെന്ന മുണ്ടുടുത്ത മോദിയുടെയും ശൈലജ ടീച്ചറെന്ന പെണ്ണായിപ്പിറന്ന പിണറായിയുടെയും രാജനീതി; അല്ലെങ്കില്‍ വി എസ് വിരോധം.
ഏതായാലും അവസ്ഥ ഇതാണെങ്കില്‍ ഇനിയും സകലമാന വിഷയങ്ങളിലും അഭിപ്രായം പറഞ്ഞു സ്വയം നാറണോ എന്ന് സഖാവ് വി എസ് ആലോചിക്കുന്നത് നല്ലതാണ്; വി എസിനെപ്പറ്റി മന്ത്രി ബാലന്‍ ഏറ്റവുമൊടുവില്‍ പറഞ്ഞ വാക്കുകള്‍ക്കുശേഷം വിശേഷിച്ചും. ഗൗരിയമ്മയുടെ സ്ഥാനമാണ് വി എസിന് മന്ത്രി കല്‍പിച്ചുകൊടുത്തത്. അതേ സ്ഥാനം തന്നെ ഒ രാജഗോപാലിനും കൊടുത്തു. അതായത്, ഗൗരിയമ്മയും ഒ രാജഗോപാലും ആരാണോ, അതേപോലെയാണ് സഖാക്കള്‍ക്ക് വി എസ്. ഈ രണ്ടുപേരും പാര്‍ട്ടിക്കാര്‍ക്ക് ആരാണെന്നൊന്ന് സ്വയം ചോദിക്കുക, എന്നിട്ട് വി എസിന്റെ സ്ഥാനം അടയാളപ്പെടുത്തുക. കാര്യങ്ങള്‍ തെളിഞ്ഞുകിട്ടും.

അവശിഷ്ടം: സ്വവര്‍ഗരതിക്ക് അംഗീകാരം വേണം: സുപ്രിംകോടതി
- കോണ്‍ഗ്രസ്സില്‍ സ്വവര്‍ഗചതിക്ക് പണ്ടേ അംഗീകാരമുണ്ടെന്ന് കെ കരുണാകരന്റെ മകള്‍ പത്മജ. ി

RELATED STORIES

Share it
Top