വനിത, മുസ്‌ലിം പ്രാതിനിധ്യം പേരിനു മാത്രം

ബംഗളൂരു: സ്ഥാനാര്‍ഥികള്‍ അടക്കം തീരുമാനമായ കര്‍ണാടക തിരഞ്ഞെടുപ്പു ഗോദയില്‍ വനിത, മുസ്‌ലിം സ്ഥാനാര്‍ഥികളില്‍ വന്‍ ഇടിവ്. മുന്‍നിര പാര്‍ട്ടികളായ കോണ്‍ഗ്രസ്, ബിജെപി, ജനതാദള്‍ (എസ്) അടക്കമുള്ള പാര്‍ട്ടികള്‍ ഭൂരിഭാഗം സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചപ്പോള്‍ ആകെയുള്ളത് 22 വനിതകളും  മുസ്‌ലിം വിഭാഗത്തില്‍ നിന്ന് 23 പേരും മാത്രം. ആകെയുള്ള 225 സീറ്റുകളിലേക്ക്  മൂന്നു പാര്‍ട്ടികളും 497 സ്ഥാനാര്‍ഥികളെ ഇതുവരെ പ്രഖ്യാപിച്ചു കഴിഞ്ഞ സാഹചര്യത്തിലാണ് വനിത, മുസ്‌ലിം പ്രാതിനിധ്യത്തിലെ ഈ അന്തരം.
215 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച കോണ്‍ഗ്രസ് പട്ടികയില്‍ 15 വനിതകളും 15 മുസ്‌ലിംകളും ഇടംപിടിച്ചപ്പോള്‍ ബിജെപി ഇതുവരെ പ്രഖ്യാപിച്ച 154 സ്ഥാനാര്‍ഥികളില്‍ നാലു വനിതകള്‍ മാത്രമാണുള്ളത്. മുസ്‌ലിം വിഭാഗത്തില്‍ നിന്ന് ഒരാള്‍ പോലും പട്ടികയിലില്ല. കര്‍ണാടകയില്‍ പ്രബലരായ ജെഡിഎസിലെ സ്ഥിതിയും വ്യത്യസ്തമല്ല. പ്രഖ്യാപിച്ച 126 സ്ഥാനാര്‍ഥികളില്‍ നാലു സ്ത്രീകളും ഏഴു മുസ്‌ലിംകളും മാത്രമാണ് ഉള്‍പ്പെട്ടത്.
2011 സെന്‍സസ് പ്രകാരം സംസ്ഥാനത്ത് 50 ശതമാനം സ്ത്രീകളും 13 ശതമാനം മുസ്‌ലിംകളും ഉണ്ടെന്നാണു കണക്ക്. ഇതുവരെ പ്രഖ്യാപിച്ച സ്ഥാനാര്‍ഥി പട്ടികകളില്‍ ഇരു വിഭാഗത്തിന്റെയും മൊത്തം പ്രാതിനിധ്യം അഞ്ചു ശതമാനത്തില്‍ താഴെയാണുള്ളത്. വിജയസാധ്യതയും സാമൂഹിക പ്രാതിനിധ്യവുമാണു സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന്റെ മാനദണ്ഡമെന്നാണു രാഷ്ട്രീയപ്പാര്‍ട്ടികളുടെ വിഷയത്തിലെ പ്രതികരണം. പ്രഖ്യാപിക്കാന്‍ ബാക്കിയുള്ള സീറ്റുകളില്‍ ഇരു വിഭാഗങ്ങളില്‍ നിന്നും കൂടുതല്‍ പേരെ ഉള്‍പ്പെടുത്തുമെന്നും പാര്‍ട്ടികള്‍ പ്രതികരിച്ചു. 2013ല്‍ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം 224 അംഗങ്ങളില്‍ ആറു വനിതകളും 11 മുസ്‌ലിംകളും മാത്രമായിരുന്നു നിയമസഭയിലെത്തിയത്.

RELATED STORIES

Share it
Top