വനിതാ ലൈബ്രേറിയനെ പിരിച്ചുവിട്ട നടപടിനാളെ മുതല്‍ ചിന്‍മയ വിദ്യാലയത്തിന് മുന്നില്‍ സിഐടിയു സത്യഗ്രഹം

കണ്ണൂര്‍: അന്യായമായി പിരിച്ചുവിട്ട ലൈബ്രേറിയന്‍ പി സീമയെ തിരിച്ചെടുക്കുക, മാനേജ്‌മെന്റിന്റെ തൊഴില്‍പീഡനം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ചാല ചിന്‍മയ വിദ്യാലയത്തിന് മുന്നില്‍ നാളെ മുതല്‍ സീമ അനിശ്ചിതകാല സത്യഗ്രഹം നടത്തും. സമരത്തിന് കേരള അണ്‍ എയ്ഡഡ് ടീച്ചേഴ്‌സ് ആന്റ് സ്റ്റാഫ് യൂനിയന്‍ (സിഐടിയു) പിന്തുണ പ്രഖ്യാപിച്ചു.
യൂനിയന്‍ ജില്ലാ വൈസ് പ്രസിഡന്റാണ് ഇവര്‍. ഒമ്പതുവര്‍ഷമായി ചിന്‍മയ വിദ്യാലയത്തില്‍ ലൈബ്രേറിയനായി ജോലിചെയ്തുവന്ന സീമയെ മതിയായ കാരണമില്ലാതെ പിരിച്ചുവിടുകയായിരുന്നുവെന്ന് യൂനിയന്‍ ഭാരവാഹികള്‍ പറഞ്ഞു. തിരിച്ചെടുക്കാമെന്ന് അനുരഞ്ജന ചര്‍ച്ചയില്‍ ധാരണയായെങ്കിലും പിന്നീട് മാനേജ്‌മെന്റ് പിന്‍മാറി.
ജില്ലാ വൈസ് പ്രസിഡന്റ് ആയതോടെ 2017 മാര്‍ച്ചിലാണ് ആദ്യത്തെ പിരിച്ചുവിടല്‍ നോട്ടീസ് ലഭിച്ചത്. സിബിഎസ്ഇ നിര്‍ദേശാനുസരണം ഒരു തസ്തിക അധികമായി വന്നെന്നും അതിനാല്‍ ഒന്ന് നിര്‍ത്തിയെന്നും പറഞ്ഞായിരുന്നു ആദ്യത്തെ നടപടി. എന്നാല്‍, സീമയുടെ ജൂനിയറായ ലൈബ്രറിയനെ നിലനിര്‍ത്തി. യൂനിയന്‍ സമരം നടത്തുമെന്നായപ്പോള്‍ സീമയെ ഡെപ്യൂട്ടേഷനില്‍ ചിന്‍മയ മിഷന്‍ കോളജിലേക്ക് മാറ്റി. തുടര്‍ന്ന് കടുത്ത മാനസിക പീഡനങ്ങളാണു നേരിട്ടത്. ഇതുസംബന്ധിച്ച് യൂനിയന്‍ ജില്ലാ കമ്മിറ്റിക്ക് കത്ത് നല്‍കി മടങ്ങവെ ചിന്‍മയ മിഷന്‍ സെക്രട്ടറി കെ കെ രാജന്‍ സീമയെ പിടിച്ചുതള്ളി അസഭ്യം പറഞ്ഞു. ഇതിനെതിരേ പോലിസില്‍ പരാതിപ്പെട്ടതിനു പിന്നാലെയാണു ജോലിയില്‍നിന്ന് പിരിച്ചുവിട്ടത്.
ഈമാസം 11ന് രൈരു നായര്‍, ജമിനി ശങ്കരന്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍, കെ കെ രാഗേഷ് എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് എന്നിവര്‍ ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തി ധാരണയിലെത്തി.
എന്നാല്‍ ഒരാഴ്ച കഴിഞ്ഞപ്പോള്‍ മാനേജ്‌മെന്റ് പിന്‍മാറി. ഒത്തുതീര്‍പ്പ് ചര്‍ച്ച പരിഹാസ്യമാക്കിയതിനാലാണ് സമരം നടത്താന്‍ യൂനിയനെ നിര്‍ബന്ധിതമാക്കിയത്. സീമയെ തിരിച്ചെടുക്കുന്നതു വരെ സമരവുമായി മുന്നോട്ടുപോവുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ യൂനിയന്‍ പ്രസിഡന്റ് കെ വി സുമേഷ്, കെ ഗണേശന്‍, അരക്കന്‍ ബാലന്‍ പങ്കെടുത്തു.

RELATED STORIES

Share it
Top