വനിതാ പ്രവര്‍ത്തകര്‍വെള്ളം കോരികളോ?

thriveniനിതാ പ്രാതിനിധ്യത്തെക്കുറിച്ച് ആവേശത്തോടെ പ്രസംഗിച്ചു വരുന്ന കോണ്‍ഗ്രസ്സിന്റെ തിരഞ്ഞെടുപ്പ് അവലോകനയോഗത്തില്‍ നിന്ന് മുതിര്‍ന്ന വനിതാനേതാക്കള്‍ ഇറങ്ങിപ്പോയത് നാം കണ്ടു. തിരഞ്ഞെടുപ്പില്‍ വനിതാപ്രാതിനിധ്യം ഇല്ലാത്തതിലെ പ്രതിഷേധമായിരുന്നു ഇത്. ഈ ഇറങ്ങിപ്പോക്ക് ഒരു മാറ്റത്തിനുള്ള സൂചനയായൊന്നും കരുതേണ്ടതില്ല. തദ്ദേശ തിരഞ്ഞെടുപ്പില്‍ സംവരണം ഉള്ളതുകൊണ്ട് മാത്രം, സ്ത്രീകളെ സ്ഥാനാര്‍ഥികളാക്കിയ രാഷ്ട്രീയപ്പാര്‍ട്ടികള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വനിതകളെ പാടെയങ്ങ് അവഗണിക്കുന്നതായാണു കണ്ടത്. തമ്മില്‍ ഭേദം സിപിഎം മാത്രമാണെന്നു പറയേണ്ടിവരും.140 മണ്ഡലമുള്ളതില്‍ 12 എണ്ണത്തിലെങ്കിലും വനിതാ സ്ഥാനാര്‍ഥികളെ മല്‍സരിപ്പിച്ചു. സിപിഐക്ക് നാലും ജനതാദള്‍ എസിന് ഒന്നുംവീതം വനിതാ സ്ഥാനാര്‍ഥികളാണുണ്ടായിരുന്നത്. യുഡിഎഫില്‍ കോണ്‍ഗ്രസ് മാത്രമാണ് വനിതാ സ്ഥാനാര്‍ഥികളെ മല്‍സരിപ്പിച്ചത്. അതും ഏഴുപേര്‍ മാത്രം.

എന്‍ഡിഎയില്‍ ബിജെപിയുടെ ഏഴും ബിഡിജെഎസിന്റെ ഒന്നും ചേര്‍ത്ത് എട്ടുപേര്‍. 24 സ്ഥാനാര്‍ഥികളെ മല്‍സരിപ്പിച്ച മുസ്‌ലിംലീഗില്‍ നിന്ന് ഒരു വനിതാ സ്ഥാനാര്‍ഥി പോലും ഇല്ലായിരുന്നു എന്നത് അവരുടെ പാരമ്പര്യത്തെ ഉയര്‍ത്തിക്കാണിച്ചു. എല്ലാ ജില്ലയിലും ഓരോ വനിതാ സ്ഥാനാര്‍ഥി എന്നതായിരുന്നു സിപിഎമ്മിന്റെ ലക്ഷ്യം. അതു നടന്നില്ല എന്നു മാത്രമല്ല, സ്ത്രീകള്‍ക്കു നല്‍കിയ പല സീറ്റുകളും വിജയസാധ്യത കുറഞ്ഞതാണെന്നും ആക്ഷേപമുണ്ടായിരുന്നു. എന്നിരുന്നാലും 140 മണ്ഡലങ്ങളുള്ള കേരള നിയമസഭയില്‍ എട്ടു വനിതാ എംഎല്‍എമാരെയെങ്കിലും എത്തിക്കാന്‍ അവര്‍ക്കായി.

പ്രതിപക്ഷത്ത് ഒരു വനിതാ എംഎല്‍എയുമില്ലെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. യുഡിഎഫില്‍ ആകെയുണ്ടായിരുന്ന വനിതാ എംഎല്‍എ പി കെ ജയലക്ഷ്മി ഈ പ്രാവശ്യം നടന്ന തിരഞ്ഞെടുപ്പില്‍ 1,307 വോട്ടിന് തോല്‍ക്കുകയും ചെയ്തു.മൊത്തത്തില്‍ 109 വനിതകളാണ് 2016 നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചത്. എല്‍ഡിഎഫ് വനിതാ സ്ഥാനാര്‍ഥികളായ ഐഷാ പോറ്റി, കെ കെ ശൈലജ, മേഴ്‌സിക്കുട്ടിയമ്മ, വീണ ജോര്‍ജ്, യു പ്രതിഭ ഹരി, ഇ എസ് ബിജിമോള്‍, ഗീത ഗോപിയും പിന്നെ സി കെ ആശ എന്നിവര്‍ക്കു മാത്രമേ നിയമസഭയിലേക്ക് പ്രവേശിക്കാനായുള്ളൂ. ഇതില്‍ രണ്ടു വനിതകളെ മന്ത്രിമാരാക്കി എന്നത് അഭിമാനകരമാണ്. ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസ്സിന്റെ വനിതാവിരുദ്ധ നിലപാടുകളാണ് ഏറെ സങ്കടകരം.

women-2ബിന്ദുകൃഷ്ണയെയും ഷാനിമോള്‍ ഉസ്മാനെയും പോലുള്ള നേതാക്കളെ പാടെ അവഗണിക്കുന്നതിനെതിരേ അവര്‍ തന്നെ മുന്നോട്ടു വരേണ്ടിവരുന്നു കോണ്‍ഗ്രസ്സില്‍. മിടുക്കിയെന്ന് തെളിഞ്ഞാല്‍ താക്കോല്‍സ്ഥാനത്തെത്തുന്നത് തടയാന്‍ സ്വഭാവദൂഷ്യം ആരോപിക്കാനും സീറ്റ് കൊടുത്ത് നിര്‍ത്തി തോല്‍പിക്കാനും മല്‍സരമാണന്നാണ് ഷാനിമോള്‍ മുമ്പ് പറഞ്ഞത്. അതേ     കാര്യം തന്നെ അവര്‍ ഇത്തവണയും ആവര്‍ത്തിച്ചു. അനാവശ്യ പുരുഷമേധാവിത്വം അടിച്ചേല്‍പ്പിക്കുന്ന കേരളത്തിലെ ഏക മേഖല രാഷ്ട്രീയം മാത്രമാണെന്നും നട്ടെല്ലു വളയ്ക്കാതെ അഭിപ്രായം രേഖപ്പെടുത്തിയാല്‍ അവള്‍ ധിക്കാരിയായി കര്‍ട്ടനു പിന്നിലേക്കു തള്ളപ്പെടുമെന്നും ഷാനിമോള്‍ പറയുന്നു.

ജീവിതം മുഴുവന്‍ പൊതുപ്രവര്‍ത്തനത്തിനായി മാറ്റിവച്ച് കുടുംബപ്രാരബ്ധങ്ങള്‍ക്കും സാമ്പത്തികപ്രതിസന്ധികള്‍ക്കും ഇടയില്‍ സ്വന്തം രാഷ്ട്രീയപ്രമാണങ്ങളെ ജീവനോളം വലുതായി കണ്ട സ്ത്രീകളെ നല്ല അവസരം വരുമ്പോള്‍ തള്ളിമാറ്റുന്നുവെന്ന് പറയുന്ന ഇവര്‍, സ്ത്രീകള്‍ വെള്ളം കോരാനും വിറകുവെട്ടാനും മാത്രമാണോയെന്നും ചോദിക്കുന്നു. ഈ ചോദ്യം ആദ്യം ഉന്നയിക്കേണ്ടത് വനിതാ ലീഗുകാരായിരുന്നു. ഖമറുന്നിസ അന്‍വര്‍ ഇത്തരമൊരു ചോദ്യവുമായി തിരഞ്ഞെടുപ്പിനു മുന്നേ ഒരിക്കല്‍ രംഗത്തെത്തിയെങ്കിലും പിന്നീടവരെ കണ്ടില്ല. കഴിവുള്ള വനിതകളുണ്ടായിരുന്നിട്ടും അവരെയൊന്നും രംഗത്തിറക്കാതെ പുരുഷകേന്ദ്രീകൃത രാഷ്ട്രീയം വാഴുകയാണ്. ഇവിടെ വനിതകള്‍ വോട്ട് ബഹിഷ്‌കരണം അടക്കമുള്ള പ്രതിഷേധവുമായി രംഗത്തിറങ്ങേണ്ടിവരും. അല്ലെങ്കില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേതു പോലെ നിയമം മൂലം സീറ്റുകള്‍ ഉറപ്പിക്കണം. തമിഴ്‌നാട്ടിലും പഞ്ചിമബംഗാളിലും വനിതകള്‍ അടക്കിവാഴുമ്പോള്‍ സാക്ഷര കേരളത്തിന്റെ ഭരണം പുരുഷന്‍മാരുടെ കൈകളില്‍ സുരക്ഷിതമാണെന്ന് ആവര്‍ത്തിച്ച് വനിതകളെ അകറ്റിനിര്‍ത്തുകയാണിവിടെ. എന്നിട്ടോ സ്വന്തം വീട്ടില്‍ പോലും കിടന്നുറങ്ങാന്‍ കഴിയാതെ സ്ത്രീകള്‍ അരക്ഷിതാവസ്ഥയിലും.

RELATED STORIES

Share it
Top