വനിതാ നേതാക്കള്‍ക്കെതിരേ ഭീഷണി കര്‍ശന നടപടി സ്വീകരിക്കണമെന്ന് മന്ത്രി

തിരുവനന്തപുരം: വനിതാ നേതാക്കള്‍ക്കെതിരേ ഭീഷണി ഉയര്‍ത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മന്ത്രി കെ കെ ശൈലജ. ശബരിമല വിഷയത്തില്‍ അഡ്വ. പി സതീദേവിക്കെതിരേ വധഭീഷണി മുഴക്കിയ സംഭവത്തില്‍ ഗോപാലകൃഷ്ണനെതിരേ കേസെടുക്കണം.
സുപ്രിംകോടതി വിധിയനുസരിച്ച് സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശം സംരക്ഷിക്കുന്നതിന് പുരോഗമനവാദികളായ നിരവധി പേര്‍ രംഗത്തെത്തി അഭിപ്രായ പ്രകടനം നടത്തിയിരുന്നു. കേരള സര്‍ക്കാര്‍ കോടതിവിധി നടപ്പാക്കാന്‍ ബാധ്യസ്ഥരാണ്. ഇതിനെതിരേ ജനങ്ങളെ ഇളക്കിവിട്ട് വൈകാരികമായ പ്രശ്‌നങ്ങളുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നതിനെതിരേ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷ ന്‍ നേതാക്കളും മഹിളാ കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണയും ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയും അടക്കം നിരവധി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഇവരെല്ലാം തന്നെ സ്ത്രീകളുടെ അവകാശ നിഷേധം, സ്ത്രീകള്‍ക്കു നേരെയുള്ള അവഹേളനം എന്നിവയ്‌ക്കെതിരേ രംഗത്തുവരുകയും കോടതിവിധിയെ സ്വാഗതം ചെയ്യുകയും ചെയ്തിട്ടുമുണ്ട്. ഇതിന്റെ ഭാഗമായാണ് കണ്ണൂര്‍ എംപി പി കെ ശ്രീമതി, കേരള വനിതാ കമ്മീഷന്‍ ചെയര്‍മാന്‍ എം സി ജോസഫൈന്‍, യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സന്‍ ചിന്ത ജെറോം തുടങ്ങിയ നിരവധി പേര്‍ അഭിപ്രായം പ്രകടിപ്പിച്ചത്. ഇവരെയെല്ലാം കടന്നാക്രമിച്ച് നവമാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ്.
ഇത്തരക്കാര്‍ക്കെതിരേ സൈബര്‍ നിയമമനുസരിച്ച് കര്‍ശന നടപടി സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top