വനിതാ ദിനം: പോലിസ് സ്റ്റേഷനുകളുടെ നിയന്ത്രണം പെണ്‍പടയ്ക്ക്

കല്‍പ്പറ്റ: ലോക വനിതാ ദിനത്തില്‍ സംസ്ഥാനത്തെ പോലിസ് സ്റ്റേഷനുകളുടെ നിയന്ത്രണം പെണ്‍പടയ്ക്ക്  നല്‍കിക്കൊണ്ടുള്ള സംസ്ഥാന പോലിസ് മേധാവിയുടെ നിര്‍ദേശം അനുസരിച്ച് ജില്ലയില്‍ സ്റ്റേഷന്‍ ചാര്‍ജ് വഹിക്കേണ്ട വനിതാ പോലിസുകാരുടെ ലിസ്റ്റ് തയ്യാറായി.
എട്ടിന് മാനന്തവാടി സ്റ്റേഷനില്‍ ത്രേസ്യാമ്മ, പുല്‍പ്പള്ളിയില്‍ സത്യഭാമ, കല്‍പ്പറ്റയില്‍ സിവി ഗ്രേസി, സുല്‍ത്താന്‍ ബത്തേരിയില്‍ കെ സൗമിനി എന്നിവര്‍ എസ്‌ഐമാരാവും. അന്നേ ദിവസം പ്രസ്തുത സ്‌റ്റേഷനുകളിലെ പരാതികള്‍ സ്വീകരിക്കുന്നതും, നടപടികള്‍ സ്വീകരിക്കുന്നതും ഇവരായിരിക്കും. വനിതാ ദിനത്തിലാണ് പോലിസ് സ്റ്റേഷനുകളുടെ നിയന്ത്രണം വനിതാ പോലിസിനു കൈമാറാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതു സംബന്ധിച്ച് എല്ലാ പോലിസ് മേധാവികള്‍ക്കും, റേഞ്ച് ഐജിമാര്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു.
ഇതേതുടര്‍ന്ന് ജില്ലയിലെ വനിതാ സിഐ, എസ്‌ഐമാരുടെ എണ്ണം, അവരെ നിയമിക്കാന്‍ കഴിയുന്ന സ്റ്റേഷന്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ഡിജിപി ആരാഞ്ഞിരുന്നു. സംസ്ഥാനത്തുള്ള 471 ലോക്കല്‍ പോലിസ് സ്റ്റേഷനുകളിലേക്കാണ് ഒരു ദിവസത്തേക്ക് സ്റ്റേഷന്‍ ഹൗസ് ഓഫിസ ര്‍(എസ്എച്ച്ഒ) മാരായി വനിതകളെ നിയമിക്കുന്നത്.
വനിതാ  പോലിസുകാര്‍ കുറവാണെങ്കിലും കഴിയുന്നത്ര സ്റ്റേഷനുകളില്‍ അവരെ എസ്എച്ച്ഒ ആയി നിയമിക്കാനാണ് നീക്കം. വയനാട്ടില്‍ ഇത്തരത്തില്‍ നാല് സ്റ്റേഷനുകളിലെ എസ്എച്ചമാരുടെ സ്ഥാനം അന്നേ ദിവസം വനിതകളായിരിക്കും അലങ്കരിക്കുക.  16 സ്റ്റേഷനുകളിലെ ജി ഡി ചാര്‍ജ്ജും വനിതകളായിരിക്കും നിര്‍വഹിക്കുക.
മറ്റ് 9 വനിതാ പോലിസുകാരെ വിവിധ സ്റ്റേഷനുകളിലായി വ്യത്യസ്ത ഡ്യൂട്ടികള്‍ക്കായും നിയോഗിച്ചിട്ടുണ്ട്. ജില്ലയിലെ കല്‍പ്പറ്റ സ്‌റ്റേഷന്‍ പൂര്‍ണമായും അന്നേദിവസം വനിതകള്‍ ഭരിക്കും. എസ്‌ഐ ആയി സിവി ഗ്രേസിയും, ജിഡി ചാര്‍ജ്ജായി നസീമയും, പോലിസ്‌ഡ്രൈവറായി ജസീലയും അന്നേ ദിവസം ചാര്‍ജ്ജേറ്റെടുക്കും. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായാണ് പോലിസ് സ്റ്റേഷനുകളിലും ഇത്തരത്തിലൊരു മാറ്റത്തിന് സര്‍ക്കാര്‍ മുതിര്‍ന്നത്.

RELATED STORIES

Share it
Top