വനിതാ ക്രിക്കറ്റ് ലോകകപ്പ് സന്നാഹ മല്‍സരം : ശ്രീലങ്കയെ തകര്‍ത്ത് ഇന്ത്യക്യൂന്‍സ്പാര്‍ക്ക്: ഐസിസി വനിതാ ലോകപ്പിന് മുന്നോടിയായുള്ള സന്നാഹ മല്‍സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരേ ഇന്ത്യക്ക് ജയം. 109 റണ്‍സിനാണ് ഇന്ത്യയുടെ പെണ്‍പുലികള്‍ ശ്രീലങ്കയെ നാണം കെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 275 റണ്‍സ് അടിച്ചെടുത്തപ്പോള്‍ മറുപടി ബാറ്റിങിലെ ശ്രീലങ്കയുടെ പോരാട്ടം 48.4 ഓവറില്‍ 166 റണ്‍സില്‍ അവസാനിച്ചു. നാല് വിക്കറ്റ് വീഴ്ത്തിയ രാജേശ്വരി ഗയവാടിന്റെ ബൗളിങ് പ്രകടനമാണ് ഇന്ത്യക്ക് കൂറ്റന്‍ ജയം സമ്മാനിച്ചത്. നേരത്തെ അര്‍ധ സെഞ്ച്വറി നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ മിഥിലി രാജിന്റെയും(85) പൂനം റൗത്തിന്റെയും(69) ബാറ്റിങ് പ്രകടനമാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്കുവേണ്ടി തകര്‍പ്പന്‍ തുടക്കമാണ് പൂനം റൗത്തും സ്മൃതി മന്ദനയും(44) ചേര്‍ന്ന് സമ്മാനിച്ചത്. ഇരുവരുടെയും കൂട്ടുകെട്ട് പൊളിയുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡ് 92 റണ്‍സിലെത്തിയിരുന്നു.  89 പന്തില്‍ 11 ബൗണ്ടറികള്‍ പറത്തിയാണ് മിഥിലി 85 റണ്‍സ് അടിച്ചെടുത്തത്. ബൗളിങില്‍ ശിഖ പാണ്ഡെ രണ്ടു വിക്കറ്റും ഇക്ത ബിഷിത്, ദീപ്തി ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി ഇന്ത്യന്‍ നിരയില്‍ തിളങ്ങി.

RELATED STORIES

Share it
Top