വനിതാ ക്രിക്കറ്റ് ലോകകപ്പ് : പാകിസ്താനെ തകര്‍ത്ത് ഇംഗ്ഗണ്ട്‌ലണ്ടന്‍: ആദ്യ മല്‍സരത്തില്‍ ഇന്ത്യക്ക് മുന്നില്‍ അടിയറവ് പറഞ്ഞ ഇംഗ്ലണ്ട് ടീമിന്റെ ബാറ്റിങ് ചൂട് പാക് ബൗളര്‍മാര്‍ നന്നായി അറിഞ്ഞപ്പോള്‍ ഐസിസി വനിതാ ലോകകപ്പില്‍ ആതിഥേയരായ ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം. ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം 107 റണ്‍സിനാണ് ഇംഗ്ലണ്ട് പാകിസ്താനെ നാണം കെടുത്തിയത്. ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ടിനുവേണ്ടി നതാലി ഷിവര്‍ (136) ക്യാപ്റ്റന്‍ ഹീതര്‍ നൈറ്റ് (106) എന്നിവര്‍ സെഞ്ച്വറിയോടെ കളം നിറഞ്ഞപ്പോള്‍ 50 ഓവറില്‍ ഏഴ് വിക്കറ്റിന് 377 റണ്‍സ് പടുത്തുയര്‍ത്തി. എന്നാല്‍ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം  പാകിസ്താന്റെ വിജയ ലക്ഷ്യം 29.    2 ഓവറില്‍ 215 റണ്‍സാക്കി നിശ്ചയിച്ചെങ്കിലും നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സെടുക്കാനെ പാകിസ്താന് കഴിഞ്ഞുള്ളൂ.മോശം തുടക്കത്തിന് ശേഷം മൂന്നാം വിക്കറ്റിലൊത്തുചേര്‍ന്ന ഷിവറും ഹീതറും ചേര്‍ന്ന് ഇംഗ്ലണ്ടിനെ മികച്ച സ്‌കോറിലേക്കെത്തിക്കുകയായിരുന്നു. 92 പന്തില്‍ 14 ഫോറും നാല് സിക്‌സറും പറത്തിയാണ് ഷിവറിന്റ സെഞ്ച്വറി പ്രകടനം. ഹീതര്‍ 109 പന്തുകളില്‍ നിന്ന് 12 ഫോറും രണ്ട് സിക്‌സും സഹിതമാണ് 106 റണ്‍സ് കണ്ടെത്തിയത്. ഇരുവരും 213 റണ്‍സാണ് മൂന്നാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ഫ്രാന്‍ വില്‍സനാണ് (33) ഇംഗ്ലണ്ട് സ്‌കോര്‍ബോര്‍ഡിനെ 377ലെത്തിച്ചത്. 19 പന്തില്‍ ആറ് ബൗണ്ടറികളടക്കമാണ് ഫ്രാന്‍ ബാറ്റിങ് വെടിക്കെട്ട് കാഴ്ചവച്ചത്. പാകിസ്താനുവേണ്ടി അസ്മാവിയ ഇക്ബാല്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ കെയ്‌നെറ്റ് ഇംതിയാസ് രണ്ടും സന മിര്‍, ലര്‍ഷ സന്ധു എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി തിളങ്ങി.മറുപടി ബാറ്റിങിനിറങ്ങിയ പാകിസ്താന്‍ ബാറ്റ്‌സ്മാന്‍മാരെ തുടക്കം മുതലേ ഇംഗ്ലണ്ട് വിറപ്പിച്ചു. മൂന്നാം ഓവറില്‍ തന്നെ പാകിസ്താന്റെ ആദ്യ വിക്കറ്റ് പിഴുത ഇംഗ്ലണ്ട് ബൗളര്‍മാര്‍ റണ്‍സ് വിട്ടുകൊടുക്കാനും പിശുക്കുകാണിച്ചതോടെ പാകിസ്താന്‍ താരങ്ങള്‍ റണ്‍സ് കണ്ടെത്താനാവാതെ വെള്ളം കുടിച്ചു. പാക് നിരയില്‍ ആയിഷ സഫര്‍ (56) അര്‍ധ സെഞ്ച്വറിയുമായി പുറത്താവാതെ നിന്നു. ഇംഗ്ലണ്ടിന് വേണ്ടി കത്രീന ബ്രൂട്ട് രണ്ടു വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ അലക്‌സ് ഹാര്‍ട്ട്‌ലി ഒരു വിക്കറ്റും സ്വന്തമാക്കി.

RELATED STORIES

Share it
Top