വനിതാ കമ്മീഷന്‍ മഹാശ്ചര്യം!

നാട്ടുകാര്യം - കുന്നത്തൂര്‍ രാധാകൃഷ്ണന്‍
വനിതാ കമ്മീഷന്‍ എന്നു കേള്‍ക്കുമ്പോള്‍ ഒരു പത്രാസൊക്കെ തോന്നുമെങ്കിലും സംഗതി നിരുപദ്രവിയാണ്. സര്‍ക്കാരാണ് കമ്മീഷനെയും അതിന്റെ അധ്യക്ഷയെയും നിയമിക്കുന്നത്. അതിനാല്‍ കൂറ് സര്‍ക്കാരിനോട് തന്നെ ആയിരിക്കണമെന്നാണ് അലിഖിത നിയമം.
വനിതാക്ഷേമം തന്നെയാണ് കമ്മീഷന്റെ പ്രധാന ലക്ഷ്യം. വനിതകള്‍ പീഡിപ്പിക്കപ്പെടുന്നുണ്ടോ, തൊഴിലിടങ്ങളില്‍ സിസിടിവി കാമറകള്‍ യഥോചിതം സ്ഥാപിച്ചിട്ടുണ്ടോ, പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ തരുണ്‍ തേജ്പാലുമാര്‍ പതുങ്ങിയിരിപ്പുണ്ടോ എന്നൊക്കെ പരിശോധിക്കാന്‍ കമ്മീഷന് സംവിധാനമുണ്ട്. എന്നാല്‍, സംഭവം അന്വേഷിച്ച് വടിവൊത്ത അക്ഷരത്തില്‍ റിപോര്‍ട്ട് സമര്‍പ്പിക്കാനേ കമ്മീഷന് അധികാരമുള്ളൂ. കുറ്റവാളികളെ ശിക്ഷിക്കാന്‍ കമ്മീഷന് ഇച്ചിരി പുളിക്കും. ച്ചാല്‍ അധികാരല്ല്യ, അതന്നെ.
ഉദാഹരണമായി, പട്ടാപ്പകല്‍ ഒരു ബലാല്‍സംഗത്തിന് കമ്മീഷന്‍ അധ്യക്ഷ തന്നെ സാക്ഷിയായെന്ന് വയ്ക്കുക. വാണിയംകുളം ചന്തയിലാണ് സംഭവം നടക്കുന്നതെന്നും സങ്കല്‍പിക്കുക. ചന്തയില്‍ പച്ചക്കറിയും മായം ചേര്‍ക്കാത്ത മീനും വാങ്ങാനാണ് വേഷപ്രച്ഛന്നയായി കമ്മീഷന്‍ അധ്യക്ഷ എത്തിയതെന്ന് സങ്കല്‍പിക്കാം. അവശ്യവസ്തുക്കള്‍ വാങ്ങുകയല്ല, വനിതകള്‍ ചന്തയില്‍ സുരക്ഷിതരാണോ എന്ന് പരിശോധിക്കുകയായിരുന്നു അധ്യക്ഷയുടെ ഉന്നം.
പ്രതീക്ഷിച്ചതുപോലെ ഒരു പെണ്‍കുട്ടിയുടെ നിലവിളി കേട്ടു. അധ്യക്ഷ നിലവിളി കേട്ട കെട്ടിടത്തിന് അടുത്തേക്കോടി. താമസിയാതെ അസാരം ജനവും തടിച്ചുകൂടി. എല്ലാവരുടെ കൈവശവും സ്മാര്‍ട്ട് ഫോണുമുണ്ട്. ബലാല്‍സംഗം പകര്‍ത്തുകയാണ് ലക്ഷ്യം. അധ്യക്ഷ ചൂടായി: ''നിങ്ങള്‍ എന്താണ് മിഴിച്ചുനില്‍ക്കുന്നത്? ബലാല്‍സംഗവീരനെ പൂശാത്തതെന്ത്?''
ജനം കോറസ്സില്‍: ''ചങ്ങാതിയുടെ കൈയില്‍ തോക്കും വടിവാളുമുണ്ട്. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ എത്തിച്ചാല്‍ ഒരുകൈ നോക്കാം.''
അങ്ങനെയിരിക്കെ, സംഭവം കഴിഞ്ഞ് വേട്ടക്കാരനും ഇരയും പുറത്തിറങ്ങി. അതോടെ ജനം സ്ഥലംവിട്ടു. ആള്‍ക്കൂട്ട ആക്രമണം അങ്ങനെ ഒഴിവായി. എന്നാല്‍, കമ്മീഷന്‍ അധ്യക്ഷയുണ്ടോ വിടാന്‍ പോവുന്നു. വേട്ടക്കാരനെ സമീപിച്ച് അധ്യക്ഷ ഇപ്രകാരം പറയുന്നു: ''പോവാന്‍ വരട്ടെ, പട്ടാപ്പകല്‍ ബലാല്‍സംഗം നടത്തി മുങ്ങാമെന്ന് കരുതിയോ?''
വേട്ടക്കാരന്‍: ''ബലാല്‍സംഗമോ? എപ്പോള്‍, എന്തിന്, എങ്ങനെ, ആര്?''
അധ്യക്ഷ: ''ഈ പാവം പെണ്‍കുട്ടിയെ സോറി, ഇരയെ ഇങ്ങനെ പീഡിപ്പിക്കാന്‍ എങ്ങനെ മനസ്സ് വന്നു? നടക്ക് പോലിസ് സ്‌റ്റേഷനിലേക്ക്?''
അധ്യക്ഷ ഇരുവരെയും സ്‌റ്റേഷനിലെത്തിച്ചു. അപ്പോള്‍ വേട്ടക്കാരനോട് എസ്‌ഐ പറഞ്ഞു: ''പഞ്ചായത്ത് പ്രസിഡന്റ് സര്‍ ഇരിക്കണം. ഈ പെണ്ണുമ്പിള്ളമാര്‍ ആരൊക്കെ?''
''വലിയ പെണ്ണുമ്പിള്ള വനിതാ കമ്മീഷന്‍ അധ്യക്ഷയും ചെറിയ പെണ്ണുമ്പിള്ള എന്റെ നാടകത്തിലെ നായികയുമാണ്.''
''സ്‌റ്റേഷനില്‍ വന്നതിന്റെ കാരണം പറയൂ.'' ''ബലാല്‍സംഗം ആരോപിച്ച് വനിതാ കമ്മീഷന്‍ അധ്യക്ഷ ഞങ്ങളുടെ നാടക റിഹേഴ്‌സല്‍ അലങ്കോലമാക്കി. ആള്‍ക്കൂട്ടത്തെ സംഘടിപ്പിച്ച് കൊല ആസൂത്രണം ചെയ്തു. അതിനാല്‍ അവര്‍ക്കെതിരേ കേസെടുക്കണമെന്നാണ് എന്റെയും നായികയുടെയും ആവശ്യം.''
അതു കേട്ടതോടെ മാരത്തണ്‍ ഓട്ടം തുടങ്ങിയ അധ്യക്ഷയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. മേല്‍പറഞ്ഞ നാടോടിക്കഥ കേള്‍ക്കാത്ത ദേശീയ വനിതാ കമ്മീഷന്‍ ഒരു മഹാ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നു: 'കുമ്പസാരം നിരോധിക്കണം.'
അതു കേട്ട് വത്തിക്കാനും റോമാ നഗരവും ഒന്നടങ്കം കുലുങ്ങിയെന്നാണ് അസോസിയേറ്റഡ് പ്രസ് റിപോര്‍ട്ട് ചെയ്യുന്നത്. നീറോ ചക്രവര്‍ത്തി ചത്തു മണ്ണായതിനാല്‍ റോം കത്തിയെരിഞ്ഞില്ലത്രേ.
വൈദികന്‍മാര്‍, കുമ്പസാര രഹസ്യം പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി വിശ്വാസികളായ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്നു എന്ന് കമ്മീഷന് ബോധ്യമായിട്ടുണ്ട്. കുമ്പസാരമേ നിരോധിച്ചാല്‍ ആ പ്രശ്‌നം തീര്‍ന്നു. കുമ്പസാരമുറിയില്‍ സിസിടിവി കാമറ സ്ഥാപിച്ചാല്‍ പോരേ എന്ന് ചിലര്‍ ചോദിക്കുന്നുണ്ട്. മണ്ടന്‍മാര്‍ എന്നല്ലാതെ അവരെക്കുറിച്ച് എന്തു പറയാനാണ്. കുമ്പസാരം സിസിടിവി കാമറകള്‍ പകര്‍ത്തിയാല്‍ അത് പരസ്യമായിപ്പോവില്ലേ ബലാലേ. പിന്നെ കുമ്പസാര രഹസ്യം എന്ന് അതിനെ വിളിക്കാനാവുമോ?
കുമ്പസാരം നിരോധിച്ചാല്‍ ഒരു പ്രശ്‌നമുണ്ട്. ചെയ്തുപോയ പാപങ്ങള്‍ ഏറ്റുപറയാന്‍ എന്താണ് മറ്റൊരു മാര്‍ഗം?
മാര്‍ഗമുണ്ട്. ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ മുമ്പാകെ പെണ്ണുങ്ങള്‍ക്ക് കുമ്പസാരിക്കാം. എല്ലാ തിന്‍മയുടെയും പര്യായമായ ആണുങ്ങള്‍ കുമ്പസാരിക്കും എന്ന് കരുതാനാവില്ല. അമ്പലങ്ങളിലെ പ്രാര്‍ഥനയും കാലക്രമത്തില്‍ നിരോധിക്കാന്‍ കമ്മീഷന് പരിപാടിയുണ്ട്. ദൈവത്തിന്റെ പ്രതിപുരുഷനായ പൂജാരി പീഡകന്റെ റോളില്‍ എത്താന്‍ തുടങ്ങിയിട്ട് കാലമെത്രയായി. പ്രാര്‍ഥനയ്‌ക്കെത്തിയാലല്ലേ പീഡനത്തിന് പ്രസക്തിയുള്ളൂ.
നാടോടുമ്പോള്‍ നടുവെ ഓടണം എന്ന ആപ്തവാക്യമാണത്രേ കമ്മീഷനെ ഭരിക്കുന്നത്. തെളിച്ച വഴിയെ പോയില്ലെങ്കില്‍ പോവുന്ന വഴിയെ തെളിക്കുക എന്ന തത്ത്വവും കമ്മീഷന്‍ അംഗീകരിക്കുന്നുണ്ടത്രേ. ഇങ്ങനെ പോയാല്‍ വനിതാ കമ്മീഷന് കുമ്പസാരിക്കേണ്ടിവരുമോ പടച്ചോനേ?                                                    ി

RELATED STORIES

Share it
Top