വനിതാ കമ്മീഷന്‍ എല്ലാ ജില്ലകളിലും കൗണ്‍സലിങ് സേവനം നല്‍കും

തിരുവനന്തപുരം: കുടുംബപ്രശ്‌നങ്ങളില്‍ പെടുന്നവര്‍ക്ക് മാ ര്‍ഗനിര്‍ദേശം നല്‍കുന്നതിനും ധൈര്യം പകരുന്നതിനും കേരള വനിതാ കമ്മീഷന്‍ എല്ലാ ജില്ലയിലും കൗണ്‍സലിങ് സേവനം നല്‍കുമെന്നും കമ്മീഷന്‍ അംഗങ്ങളായ ഇ എം രാധയും ഷാഹിദാ കമാലും അറിയിച്ചു. കമ്മീഷന്റെ മേഖലാ ഓഫിസ് രണ്ടു മാസത്തിനകം കോഴിക്കോട്ട് ആരംഭിക്കും. രണ്ടു പദ്ധതികള്‍ക്കും സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചു.
ഇന്നലെ തിരുവനന്തപുരം തൈക്കാട് റസ്റ്റ് ഹൗസില്‍ നടന്ന അദാലത്തില്‍ 52 പരാതികളില്‍ തീര്‍പ്പുകല്‍പ്പിച്ചു. ആകെ 130 കേസുകളാണ് പരിഗണിച്ചത്.
ആറ് കേസുകളില്‍ പോലിസ് റിപോര്‍ട്ട് തേടും. നാല് കേസുകളില്‍ കൗണ്‍സലിങ് നല്‍കും. ബാക്കിയുള്ളവ അടുത്ത അദാലത്തില്‍ വീണ്ടും പരിഗണിക്കും. ശരിയായ സമയത്ത് ദമ്പതികള്‍ക്കിടയിലെ പ്രശ്ങ്ങളില്‍ ഇടപെടുന്നതിന് കുടുംബങ്ങള്‍ക്കുള്ളില്‍ ഇണക്കുകണ്ണികള്‍ ഇല്ലാത്ത സാഹചര്യമാണുള്ളതെന്ന് കമ്മീഷനംഗങ്ങള്‍ പറഞ്ഞു. നിയമത്തിനു മുന്നിലെത്തി തിരിച്ചുപിടിക്കാന്‍ കഴിയുന്നതല്ല ബന്ധങ്ങളിലെ ഊഷ്മളത. ഈ സാഹചര്യത്തിലാണ് കൗണ്‍സലര്‍ സേവനം വര്‍ധിപ്പിക്കാനും ബോധവല്‍ക്കരണ പരിപാടികള്‍ക്ക് പ്രാധാന്യം നല്‍കാനും തീരുമാനിച്ചിട്ടുള്ളതെന്നും അവര്‍ പറഞ്ഞു. പ്രതിവര്‍ഷം ആറായിരത്തോളം പരാതികള്‍ കമ്മീഷന് മുന്നിലെത്തുന്നുണ്ട്.
വിവിധ ജില്ലകളില്‍നിന്ന് പരാതിക്കാര്‍ക്ക് തിരുവനന്തപുരത്തെ ആസ്ഥാന ഓഫിസില്‍ എത്തി ഹിയറിങിന് ഹാജരാവാന്‍ കഴിയാത്തതിനാലാണ് മാസത്തിലൊരിക്കല്‍ ജില്ലകളില്‍ അദാലത്ത് നടത്തുന്നത്. സാധാരണക്കാര്‍ക്ക് പണച്ചെലവില്ലാതെ നീതി ലഭ്യമാക്കാനുള്ള സംവിധാനമെന്ന നിലയിലാണ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നത്. അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ കമ്മീഷന്റെ മൂന്ന് മേഖലാ ഓഫിസുകള്‍ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. ആദ്യ ഓഫിസാണ് കോഴിക്കോട്ട് ആരംഭിക്കുന്നത്. ഇതുകൂടാതെ വയനാട്ടിലെ അവിവാഹിതരായ അമ്മമാര്‍ക്ക് നിയമസഹായം നല്‍കുന്നതിനും ഈ വര്‍ഷം പദ്ധതി നടപ്പാക്കും.

RELATED STORIES

Share it
Top