വനിതാ ഉദ്യോഗസ്ഥര്‍ കാടിറങ്ങി; വനവാസം നല്‍കിയ അനുഭവങ്ങളുമായി

അബ്ദുസ്സമദ്  എ

കുമളി: ഒരാഴ്ചത്തെ വനവാസം നല്‍കിയ ജീവിതാനുഭവങ്ങളുമായി വനിതാ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ കാടിറങ്ങി. തിരുവനന്തപുരം സ്വദേശികളായ കാതോട് ജിഎസ് ഭവനില്‍ ജി എസ് സുചിത്ര, നല്ലൂര്‍വട്ടം മേലേക്കിടയങ്കരവിള വീട്ടില്‍ അരോമ ജി ജെ, ഇടുക്കി കുഴിത്തൊളു പുതുപ്പറമ്പില്‍ എ പി നിഷമോള്‍ എന്നിവര്‍ക്കാണ് പുതിയ നിയോഗം ലഭിച്ചത്. പെരിയാര്‍ കടുവാസങ്കേതത്തിലെ നിബിഡവനമേഖലയായ പെരിയാര്‍ റേഞ്ചിലെ ചൊക്കംപെട്ടിയില്‍ വനസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിച്ചിരുന്ന വനിതാ സിവില്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്കാണ് പെരിയാറിനെ അടുത്തറിയാനായത്. കേരളത്തിലെ ഏറ്റവും നീളം കൂടിയ നദിയായ പെരിയാറിന്റെ ഉദ്ഭവസ്ഥാനമായ ചൊക്കംപെട്ടി മലനിരകള്‍ നേരിട്ട് കാണാന്‍ കഴിഞ്ഞത് തങ്ങള്‍ക്ക് ലഭിച്ച ഏറ്റവും വലിയ ഭാഗ്യമാണെന്ന് ഇവര്‍ പറഞ്ഞു. നിരവധി പുരുഷ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇവിടെ ക്യാംപ് ചെയ്തു ജോലി ചെയ്തിട്ടുണ്ടെങ്കിലും വനിതാ ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കുന്നത് ആദ്യമാണ്. ഏഴ് ദിവസം നീണ്ടുനിന്ന ക്യാംപിനിടയില്‍ നാലു ദിവസത്തോളം നടന്നാണ് ക്യാംപ് ഷെഡില്‍ എത്തിയത്. തങ്ങള്‍ക്ക് തൊട്ടുമുമ്പേ നടന്നുപോയ ആനക്കൂട്ടത്തിന്റെ ചൂട് മാറാത്ത ആനപ്പിണ്ടം കണ്ടതും യാത്രയിലുടനീളം നിരവധി പാമ്പുകളെയും കടുവ ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ കാല്‍പ്പാടുകള്‍ കണ്ടതും ചെറിയൊരു ഭയം ഉണ്ടാക്കിയിരുന്നു. എന്നാല്‍, കാട് വീടാക്കിയ പരിചയസമ്പന്നരായ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഒപ്പമുണ്ടായിരുന്നത് ആശ്വാസം നല്‍കി. തിരുവനന്തപുരം അരിപ്പ ഫോറസ്റ്റ് ട്രെയിനിങ് അക്കാദമിയില്‍ നിന്നു പരിശീലനം പൂര്‍ത്തിയാക്കിയ ശേഷമാണ് ഇവര്‍ പെരിയാര്‍ കടുവാസങ്കേതത്തില്‍ എത്തിയത്. തേക്കടിയില്‍ വനിതാ ഫോറസ്റ്റ് ഉദേ്യാഗസ്ഥര്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് വനിതകള്‍ നിബിഡ വനമേഖലയായ പെരിയാര്‍ റേഞ്ചില്‍ ഔദ്യോഗിക ചുമതല ഏറ്റെടുക്കുന്നത്. എന്നാല്‍, ജനവാസ മേഖലയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ നിരവധി വനിതാ ഉദ്യോഗസ്ഥര്‍ ജോലി ചെയ്തിട്ടുണ്ടെങ്കിലും ഏറ്റവും കൂടുതല്‍ പ്രതികൂല സാഹചര്യമുള്ള പെരിയാര്‍ റേഞ്ചില്‍ വനിതകള്‍ ജോലി ചെയ്തിട്ടില്ല. കാരണം, ഇവിടെ പുറംലോകവുമായി ബന്ധപ്പെടാന്‍ ആകെയുള്ളത് വനംവകുപ്പിന്റെ വയര്‍ലെസ്  സംവിധാനം മാത്രമാണ്. ഒരു ദിവസം 15 കിലോമീറ്റര്‍ നടന്നാലേ ഒരു ക്യാംപ് ഷെഡില്‍ നിന്നു മറ്റൊരു ക്യാംപ് ഷെഡില്‍ എത്താന്‍ കഴിയൂ. കെട്ടിടം ഇല്ലാത്ത മേഖലകളില്‍ നദീതീരത്ത് ടെന്റ് കെട്ടിയാണ് താമസം. ഫോറസ്റ്റ് അക്കാദമിയില്‍ നിന്നു ലഭിച്ച കഠിന പരിശീലനം ഏത് സാഹചര്യങ്ങളെയും നേരിടാനുള്ളതായതിനാല്‍ ഉള്‍വനത്തി ല്‍ തന്നെ ജോലി ചെയ്യാമെന്ന ചങ്കൂറ്റം ഇവര്‍ക്കുണ്ടായിരുന്നു.

RELATED STORIES

Share it
Top