വനിതാകമ്മീഷന്‍ ഉത്തരവ് കാറ്റില്‍ പറത്തി സ്‌കൂളുകളില്‍ ചുരിദാര്‍ വിലക്ക്

കൊല്ലം:അധ്യാപികമാര്‍ ചുരിദാര്‍ ധരിക്കുന്നത് വിലക്കിയ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ക്കെതിരേ സംസ്ഥാന വനിതാ കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടും വിലക്ക് നിര്‍ബാധം തുടരുന്നു.  ജില്ലയിലെ പത്തോളം സ്‌കൂളുകളില്‍  ചുരിദാര്‍ ധരിക്കാനുള്ള മൗലികാവകാശത്തെ ധ്വംസിക്കുന്ന നിലപാടാണ് മാനേജ്‌മെന്റുകള്‍ കൈക്കൊള്ളുന്നത്. ഇത് അനുസരിക്കാന്‍ തയ്യാറാകാത്തവരെ കോര്‍പറേറ്റ് മാനേജ്‌മെന്റുകള്‍ സ്ഥലംമാറ്റം  ഉള്‍പ്പടെയുള്ള നടപടികളെടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. ഇത് പേടിച്ച് അധ്യാപികമാര്‍ പരാതിപ്പെടാന്‍ തയ്യാറാകുന്നില്ല. ഇത്തരത്തിലുള്ള പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം വനിതാകമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ പരവൂര്‍ എസ്എന്‍വി ഗേള്‍സ് ഹൈസ്‌കൂളിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. അധ്യാപികമാര്‍ ചുരിദാര്‍ ധരിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്താന്‍ സ്‌കൂള്‍ അധികൃതര്‍ക്ക് അധികാരമില്ലെന്നും, അങ്ങനെ വിലക്കേര്‍പ്പെടുത്തിയാല്‍ കമ്മീഷന്‍ ശക്തമായ നടപടിയെടുക്കുമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു. പരാതി നല്‍കിയതിന്റെ പേരില്‍ പരാതിക്കാരിക്കെതിരേ വൈരാഗ്യബുദ്ധിയോടെ മാനേജ്‌മെന്റില്‍ നിന്ന് ഏതെങ്കിലും തരത്തിലുള്ള നടപടിയുണ്ടായാല്‍ കമ്മീഷന്‍ അതിനെ ഗൗരവത്തോടെ കാണുമെന്നും ഉത്തരവില്‍ നിരീക്ഷിച്ചിരുന്നു. സ്‌കൂളില്‍ അധ്യാപികമാര്‍ക്ക് സാരി, ചുരിദാര്‍, സാല്‍വാര്‍ കമ്മീസ് തുടങ്ങിയ വസ്ത്രങ്ങള്‍ ധരിക്കാമെന്ന് ഡിപിഐയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. നിയമങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിച്ചാണ് മാനേജ്‌മെന്റുകള്‍ അധ്യാപികമാരുടെ വസ്ത്രധാരണത്തിലുള്ള സ്വാതന്ത്ര്യത്തെ നിഷേധിക്കുന്നത്. എസ്എന്‍ ട്രസ്റ്റിന്റെ സ്‌കൂളുകളില്‍ അധ്യാപികമാര്‍ ചുരിദാര്‍ ധരിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് എസ്എന്‍ ട്രസ്റ്റ് ചെയര്‍മാന്‍ വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എന്നാല്‍ ജില്ലയിലെ ട്രസ്റ്റിന്റെ പല സ്‌കൂളുകളിലും വിലക്ക് നില നില്‍ക്കുന്നുണ്ട്. ലോക്കല്‍ മാനേജര്‍മാരുടെ താല്‍പ്പര്യമാണ് ഇതിന് പിന്നിലെന്ന് ആക്ഷേപമുണ്ട്. വ്യാപകമായ പരാതികള്‍ ഉയരുകയും അത് ശ്രദ്ധയില്‍പ്പെടുകയും ചെയ്തതോടെ സ്‌കൂളുകളില്‍ മിന്നല്‍ പരിശോധന നടത്താനും കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കാനുമാണ് കമ്മീഷന്റെ തീരുമാനം.

RELATED STORIES

Share it
Top