വനശ്രീ കേന്ദ്രം തുറന്നില്ല; മന്ത്രിയുടെ ഉറപ്പ് പാഴായി

കുളത്തൂപ്പുഴ: വീടുവയ്ക്കാനായി സൗജന്യനിരക്കില്‍ മണല്‍നല്‍കുക എന്ന ലക്ഷ്യത്തോടെ കുളത്തൂപ്പുഴയില്‍ വനം വകുപ്പ് സ്ഥാപിച്ച വനശ്രീ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ഇതുവരെ ആരംഭിച്ചില്ല. ഇതോടെ മണല്‍ വിതരണം ഉടന്‍ ആരംഭിക്കുമെന്ന വകുപ്പ് മന്ത്രിയും പ്രഖ്യാപനം പാഴായിരിക്കുകയാണ്. കേന്ദ്രത്തിന്റെ ഉദ്ഘാടനം കഴിഞ്ഞിട്ട് ഒരു വര്‍ഷത്തോളമായി. എന്നാല്‍ ഒരുപിടിമണ്ണ് പോലും വീട് നിര്‍മാണത്തിന് ഇവിടെ നിന്നും നല്‍കിയിട്ടില്ല. പാവപ്പെട്ടവരുടെ വീട് നിര്‍മാണത്തിന് ഏറെ സഹായകരമായിരുന്ന മണല്‍കലവറ നിര്‍ത്തലായി രണ്ടുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് വനശ്രീകേന്ദം ആരംഭിച്ചത്. ബി പിഎല്‍, എ പി എല്‍ വിഭാഗങ്ങള്‍ക്ക് വ്യത്യസ്ഥ വിലകള്‍ ഈടാക്കി മണല്‍ നല്‍കുന്നത് സര്‍ക്കാര്‍ സഹായത്തോടെ വീടുനിര്‍മ്മിക്കുന്നവര്‍ക്ക് ഏറെ സഹായമായിരുന്നു. എന്നാല്‍ ഉദ്ഘാടനം കഴിഞ്ഞ് ഒരുവര്‍ഷം ആയിട്ടും മണല്‍ വിതരണം നടത്താന്‍ കഴിയാതിരിക്കുന്നത് ആസൂത്രണത്തിലെ പിഴവ് മൂലമാണെന്നാണ് വിവരം .മണല്‍ വിതരണത്തിന് പുതുക്കിയ നിരക്ക് നിശ്ചയിക്കാത്തതാണ് വിതരണം ആരംഭിക്കുവാന്‍ തടസ്സം നേരിടുന്നത്. ഓണ്‍ലൈനായി അപേക്ഷ സ്വീകരിച്ച് മണല്‍ വിതരണം ഉടന്‍ ആരംഭിക്കുമെന്നാണ് ഇപ്പോഴുള്ള നിലപാട്. വനംവകുപ്പും നിര്‍മിതിയും സംയുക്തമായി നടത്തിയിരുന്ന മണല്‍കലവറ ഇപ്പോള്‍ വനശ്രീകേന്ദ്രം എന്ന പേരില്‍ വനംവകുപ്പ് മാത്രമായി ഏറ്റെടുത്തിരിക്കുന്നത്. കല്ലടയാറ്റില്‍ നിന്നും ശേഖരിച്ച നൂറുക്കണക്കിന് ലോഡ് മണല്‍  മാസങ്ങളായി ഈകേന്ദ്രത്തില്‍ കൂട്ടി ഇട്ടിരിക്കുകയാണ്.

RELATED STORIES

Share it
Top