വനവിസ്തൃതി വര്‍ധിപ്പിച്ചതില്‍ സംസ്ഥാനം മൂന്നാം സ്ഥാനത്ത്

പത്തനംതിട്ട: രാജ്യത്ത് വനവിസ്തൃതി വര്‍ധിപ്പിച്ച അഞ്ച് സംസ്ഥാനങ്ങളില്‍ മൂന്നാംസ്ഥാനം കേരളത്തിനുണ്ടെന്ന് മന്ത്രി കെ രാജു. പത്തനംതിട്ടയില്‍ കേരള ഫോറസ്റ്റ് ഡ്രൈവേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വനവിസ്തൃതിയിലും വനാവരണത്തിലും വര്‍ധനയുണ്ടായിട്ടുണ്ട്. വന്യമൃഗങ്ങളുടെ എണ്ണവും വര്‍ധിച്ചു.
ഇതെല്ലാം വനംവകുപ്പിനെ സംബന്ധിച്ചിടത്തോളം സന്തോഷമുള്ള കാര്യങ്ങളാണ്. എന്നാല്‍ വന്യമൃഗങ്ങള്‍ നാട്ടിലേക്കിറങ്ങുന്നതോടെ പഴി കേള്‍ക്കേണ്ടിവരുന്നതും വനംവകുപ്പ് ഉദ്യോഗസ്ഥരാണെന്നും മന്ത്രി പറഞ്ഞു.
വന്യമൃഗങ്ങള്‍ കൃഷി നശിപ്പിക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ക്കുനേരെ കര്‍ഷകരോക്ഷം സ്വാഭാവികമാണ്. വനംകൊള്ള അവസാനിപ്പിക്കുന്നതിലും പുതിയ കൈയേറ്റങ്ങള്‍ ഒഴിവാക്കുന്നതിലും ശ്ലാഘനീയമായ രീതിയില്‍ വനംവകുപ്പ് പ്രവര്‍ത്തിച്ചിട്ടുണ്ട്.സംസ്ഥാനത്ത് 25 ഫോറസ്റ്റ് സ്‌റ്റേഷനുകള്‍ കൂടി പുതുതായി അനുവദിക്കാന്‍ നടപടിയായിട്ടുണ്ട്. ഇതില്‍ പത്തെണ്ണം പ്രവര്‍ത്തനം തുടങ്ങി.
പുതിയ ഫോറസ്റ്റ് സ്‌റ്റേഷനുകളില്‍ തസ്തികകള്‍ സൃഷ്ടിക്കാന്‍ ശ്രമം നടക്കുകയാണ്. സ്‌റ്റേഷനുകള്‍ക്ക് അതിര്‍ത്തി നിശ്ചയിച്ച് നല്‍കേണ്ടതുണ്ട്. വനസംരക്ഷണ ജോലിക്കു പുറപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്ക് മതിയായ സൗകര്യങ്ങള്‍ ചെയ്തു കൊടുക്കാന്‍ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു. വകുപ്പില്‍ സ്ഥിരം ഡ്രൈവര്‍മാരെ നിയമിക്കുന്നതില്‍ ധനവകുപ്പ് നിലപാട് അനുകൂലമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എ.ഡി. സ്റ്റീഫന്‍ അധ്യക്ഷത വഹിച്ചു.
നഗരസഭ വൈസ് ചെയര്‍മാന്‍ പി കെ ജേക്കബ്, സിപിഐ ജില്ലാ സെക്രട്ടറി എ പി ജയന്‍, സിസിഎഫ് കെ. വിജയാനന്ദന്‍, ഡിഎഫ്ഒമാരായ എം ഉണ്ണിക്കൃഷ്ണന്‍, എസ് ജി മഹേഷ്‌കുമാര്‍, എസിഎഫ് കെ എന്‍ ശ്യാംമോഹന്‍ലാല്‍, എസ് വി വിനോദ്, ടി വിജയന്‍, ബി എസ് ഉണ്ണിമോന്‍ സംസാരിച്ചു.

RELATED STORIES

Share it
Top