വനഭൂമി വിട്ടുനല്‍കാന്‍ കേന്ദ്ര അനുമതിയായെന്ന് മന്ത്രി

തിരുവനന്തപുരം:  കോഴിക്കോട് ജില്ലയിലെ താമരശ്ശേരി ചുരത്തിലെ 3, 5, 6, 7, 8 വളവുകള്‍ വീതി കൂട്ടുന്നതിന് ആവശ്യമായി വരുന്ന 0.91968 ഹെക്ടര്‍ വനഭൂമി  വിട്ടു നല്‍കുന്നതിന് സമ്മതമറിയിച്ചുകൊണ്ടുള്ള കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അറിയിപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് ലഭിച്ചതായി മന്ത്രി ജി സുധാകരന്‍ അറിയിച്ചു.
ദേശീയപാത 212-ല്‍ വരുന്ന താമരശ്ശേരി ചുരം വയനാട് ജില്ലയിലേക്കുള്ള പ്രധാന റോഡാണ്. പ്രസ്തുത ചുരത്തിലുളള 9 മുടിപ്പിന്‍ വളവുകളില്‍ 2, 4, 9 വളവുകള്‍ നേരത്തെ വീതി കൂട്ടി ഇന്റര്‍ലോക്ക് ചെയ്തതാണ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ബാക്കി 5 വളവുകള്‍ വീതി കൂട്ടുന്നതിന് വനംഭൂമി വേണ്ടി വരികയും, അതിനാവശ്യമായ 32,05,099 രൂപ വനംമന്ത്രാലത്തിനു രണ്ടു തവണകളായി നല്‍കുകയും ചെയ്തിരുന്നു.
വനം മന്ത്രാലയം ചില സാങ്കേതിക പ്രശ്‌നങ്ങള്‍ തടസ്സമായി ഉന്നയിച്ചതിന്റെ ഭാഗമായി അനുമതി ലഭിക്കാതെയിരിക്കുകയായിരുന്നു. ഈ ഘട്ടത്തില്‍ പൊതുമരാമത്തുമന്ത്രിയും, വകുപ്പ് സെക്രട്ടറി കമലവര്‍ദ്ധന റാവുവും ഡല്‍ഹിയില്‍ കേന്ദ്ര വനം പരിസ്ഥിതി സെക്രട്ടറി സി കെ മിശ്രയുമായി ചര്‍ച്ച നടത്തിയിരുന്നു. അദ്ദേഹത്തിന്റെ ഇടപെടലിന്റെ കൂടി ഭാഗമായിട്ടാണ് ഇപ്പോള്‍ അനുമതി ലഭിച്ചിട്ടുളളതെന്നും മന്ത്രി അറിയിച്ചു.
ദേശീയപാത 212-ലെ കുന്ദമംഗലം മുതല്‍ ലക്കിടി വരെയുള്ള 42 കിലോമീറ്ററില്‍ നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന 17 കോടി രൂപയുടെ റോഡ് സുരക്ഷാ പ്രവൃത്തിയില്‍ 3, 5 വളവുകളിലെ വീതി കൂട്ടി വികസിപ്പിക്കുന്നതും ഉള്‍പ്പെടുന്നുണ്ട്.
കേന്ദ്രാനുമതിയുടെ അടിസ്ഥാനത്തില്‍ ഈ പ്രവൃത്തി ഉടന്‍ പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിച്ചതായും ബാക്കി വരുന്ന 6, 7, 8 വളവുകളില്‍ വീതി കൂട്ടുന്ന പ്രവൃത്തിക്ക് ഫണ്ട് അനുവദിക്കുന്നതിന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തോട് ആവശ്യപ്പെടുമെന്നും മന്ത്രി ജി സുധാകരന്‍ അറിയിച്ചു.

RELATED STORIES

Share it
Top