വനപാതയിലൂടെയുള്ള ശ്രദ്ധക്ഷണിക്കല്‍ യാത്രയ്ക്ക് വന്‍ സ്വീകരണം

പടിഞ്ഞാറത്തറ: ജില്ലയിലേക്കുള്ള ചുരമില്ലാപാതയായി അംഗീകരിച്ച് പ്രവൃത്തി തുടങ്ങി പാതിവഴിയില്‍ ഉപേക്ഷിച്ച പൂഴിത്തോട്-പടിഞ്ഞാറത്തറ റോഡിനോടുള്ള അധികൃതരുടെ അവഗണനയില്‍ പ്രതിഷേധിച്ച് പേരാമ്പ്ര യൂനിറ്റ് വ്യാപാരി വ്യവസായി ഏകോപന സമിതിയും നാട്ടുകാരും ചേര്‍ന്ന് നിര്‍ദിഷ്ട റോഡിലൂടെ നടത്തിയ ശ്രദ്ധ ക്ഷണിക്കല്‍ യാത്രയ്ക്ക് ജില്ലാ പ്രവേശനകവാടമായ കുറ്റിയാംവയലിലും പടിഞ്ഞാറത്തറ ടൗണിലും വന്‍ സ്വീകരണം. 1991ല്‍ പൊതുമരാമത്ത് വകുപ്പ് നടത്തിയ സര്‍വേ പ്രകാരം കേവലം 27 കിലോമീറ്റര്‍ ദൂരം മാത്രം റോഡിന്റെ നിര്‍മാണം നടത്തിയാല്‍ ജില്ലയിലേക്ക് ചുരമില്ലാത്ത റോഡ് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് 1994ല്‍ നിര്‍മാണം തുടങ്ങി 14 കിലോമീറ്റര്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ശേഷമാണ് പൂഴിത്തോട് നിര്‍മാണം തുടങ്ങിയത്. ബാക്കി വരുന്ന ഭാഗം പൂര്‍ത്തിയാക്കാന്‍ 52 ഏക്കര്‍ വനഭൂമി ഏറ്റെടുക്കേണ്ടി വരുമെന്നതിനാല്‍ പകരമായി 104 ഏക്കര്‍ ഭൂമി വനംവകുപ്പിന് വിട്ടുനല്‍കുകയുണ്ടായി. എന്നാല്‍, കേന്ദ്ര വനം മന്ത്രാലയത്തിന്റെ അനുമതി ലഭ്യമാക്കാന്‍ പിന്നീട് ക്രിയാത്മകമായ ശ്രമങ്ങളൊന്നും നടത്തിയില്ലെന്നാണ് ആക്ഷേപം. ഇതിനിടയില്‍ നിരവധി തവണ പ്രദേശവാസികള്‍ വിവിധ സമരങ്ങളും ശ്രദ്ധ ക്ഷണിക്കലുമെല്ലാം നടത്തിയെങ്കിലും ഫലമുണ്ടായില്ല. കഴിഞ്ഞ കുറേ മാസങ്ങളായി കാപ്പിക്കളത്ത് റോഡ് കര്‍മസമിതി ഉപവാസമിരിക്കുന്നുണ്ട്. വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനകളും രംഗത്തുണ്ട്. ഇതിനോടെല്ലാം അനുഭാവം പ്രകടിപ്പിച്ചുകൊണ്ടാണ് പേരാമ്പ്ര യൂനിറ്റ് വ്യാപാരി വ്യവസായി ഏകോപന സമിതി നിര്‍ദിഷ്ട റോഡിലൂടെ ശ്രദ്ധക്ഷണിക്കല്‍ യാത്ര നടത്തിയത്. നാട്ടുകാരുള്‍പ്പെടെ 200ഓളം പേരായിരുന്നു യാത്രയ്ക്ക് തയ്യാറായി പെരുവണ്ണാമൂഴിയിലെത്തിയത്. എന്നാല്‍, വനഭൂമിയിലൂടെ യാത്രചെയ്യാന്‍ വനംവകുപ്പ് തടസ്സമുന്നയിച്ചതോടെ 20 പേര്‍ മാത്രം വനപാലകരുടെ നിരീക്ഷണത്തില്‍ ഉച്ചയ്ക്ക് 12ഓടെ യാത്ര ആരംഭിക്കുകയായിരുന്നു. പെരുവണ്ണാമൂഴി, ചെമ്പനോട്, പൂഴിത്തോട് വഴി വനത്തിലൂടെ സഞ്ചരിച്ച് വൈകീട്ട് നാലോടെ ജില്ലയിലേക്ക് പ്രവേശിക്കുന്ന താണ്ടിയോട് 60ല്‍ എത്തിയ ഇവരെ ജനപ്രതിനിധകളുള്‍പ്പെടെ ചേര്‍ന്നു സ്വീകരിച്ചു കുറ്റിയാംവയലിലേക്ക് ആനയിച്ചു. കുറ്റിയാംവയലില്‍ വച്ച് പടിഞ്ഞാറത്തറ പഞ്ചായത്ത് പ്രസിഡന്റ് പി ജി സജേഷ്, വൈസ് പ്രസിഡന്റ് നസീമ പൊന്നാണ്ടി, ജില്ലാ പഞ്ചായത്തംഗം കെ ബി നസീമ, ജോസഫ് പുല്ലന്മാരിയില്‍, പടിഞ്ഞാറത്തറ യൂനിറ്റ് ഭാരവാഹികളായ പി കെ ദേവസ്യ, പി കെ അബ്ദുറഹ്മാന്‍, നൂറുദ്ദീന്‍, കോമ്പി ഹാരിസ്, വി പി അബ്ദു, കര്‍മസമിതി ഭാരവാഹികളായ കമല്‍ ജോസഫ്, ജോണ്‍സന്‍ മാസ്റ്റര്‍, മംഗളം ഗുഡ്‌ഷെപ്പേഡ് ചര്‍ച്ച് വികാരി ഫാ. മനോജ് തുടങ്ങിയവര്‍ ചേര്‍ന്ന് ഹാരമണിയിച്ചു. രാത്രിയില്‍ പടിഞ്ഞാറത്തറയില്‍ നല്‍കിയ സ്വീകരണയോഗം സി കെ ശശീന്ദന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്‍മുഖന്‍, വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്റ് പി തങ്കമണി സംസാരിച്ചു.

RELATED STORIES

Share it
Top