വനം വകുപ്പ് കാമറ മോഷണം: ഒരാള്‍ കൂടി നിരീക്ഷണത്തില്‍

എടക്കര: കടുവാ സെന്‍സസിനായി വനംവകുപ്പ് സ്ഥാപിച്ച കാമറ മോഷ്ടിച്ച നായാട്ടുസംഘത്തില്‍ ഉള്‍പ്പെട്ട ഒരാള്‍കൂടി പോലിസിന്റെ നിരീക്ഷണത്തില്‍. കേസില്‍ ഉള്‍പ്പെട്ട വഴിക്കടവ് സ്വദേശി ആനപ്പട്ടത്ത് ഗഫൂറാണ് പോലിസ് നിരീക്ഷണത്തിലുള്ളത്. സംഭവത്തിന് ശേഷം വിദേശത്തേക്ക് കടന്ന ഇയാള്‍ ഒരാഴ്ച മുന്‍പ് നാട്ടിലെത്തിയതായി പോലിസിന് വിവരം ലഭിച്ചിട്ടുണ്ട്. മോഷ്ടിക്കപ്പെട്ട കാമറക്ക് മുന്‍പില്‍ സ്ഥാപിച്ച മറ്റൊരു കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് കേസിന് അടിസ്ഥാനമായത്. മുഖം പതിയാതിരുന്ന ഈ ദൃശ്യം ഗഫൂറിന്റേതായിരുന്നു. കേസില്‍ റിമാന്‍ഡിലായിരുന്ന വെണ്ടേക്കുംപൊട്ടി കുന്നുമ്മല്‍ സ്മിനു, മണ്ണൂര്‍കാട്ടില്‍ സുജേഷ് എന്ന നാണി, കേസില്‍ നായാട്ടിന് ഉപയോഗിച്ച തോക്ക് നല്‍കിയ മുണ്ട ചിത്രംപള്ളി ഷാജഹാന്‍ എന്നിവരെ കൂടുതല്‍ തെളിവെടുപ്പിനായി പോലിസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. ചോദ്യം ചെയ്യലില്‍ രണ്ട് വര്‍ഷം മുന്‍പ് മറ്റൊരു തോക്ക് ഷാജഹാന്‍ കൈവശം വച്ചിരുന്നതായി തെളിയുകയും ഇതുമായി ബന്ധപ്പെട്ട് പോലിസ് മറ്റൊരു കേസുകൂടി രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. മുന്‍പ് നായാട്ടിനായി ഉപയോഗിച്ചിരുന്ന ഈ തോക്ക്  വനാതിര്‍ത്തിയില്‍ സൂക്ഷിച്ചിരുന്നതാണ്. ജണ്ട നിര്‍മാണത്തിന് സര്‍വേ നടക്കുന്നതിനിടെ വനം ജീവനക്കാര്‍ കണ്ടെടുത്ത ഈ തോക്ക് ഇടനിലക്കാരായ വനം ജീവനക്കാര്‍ മുഖേന വീണ്ടെടുക്കാന്‍ ഷാജഹാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഒരു വനം ജീവനക്കാരന്‍ തോക്ക് മറ്റാര്‍ക്കോ മറിച്ച് വില്‍പന നടത്തുകയായിരുന്നു. ഈ ജീവനക്കാരനെതിരെയും പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഷാജഹാന്റെ വീട്ടില്‍ നിന്നും സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്ത സംഭവത്തില്‍ ഇവ നല്‍കിയ ആളെക്കുറിച്ചും പോലിസിന് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മൂന്ന് ദിവസത്തെ തെളിവെടുപ്പിന് ശേഷം പ്രതികളെ നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. തൃശൂര്‍ സയന്റിഫിക് അസിസ്റ്റന്റ് അനീഷിന്റെ നേതൃത്വത്തില്‍ ശാസ്ത്രീയ പരിശോധനകളും നടത്തിയിരുന്നു. മരുത മണ്ണുച്ചീനിയില്‍ കടുവാ സെന്‍സസിനായി വനം വകുപ്പ് സ്ഥാപിച്ച കാമറ മോഷ്ടിച്ച നായാട്ടുസംഘത്തിലെ ഏഴ് പേരെ കഴിഞ്ഞ പതിനെട്ടിനാണ് വഴിക്കടവ് പോലിസ് അറസ്റ്റ് ചെയ്തത്. നായാട്ടുസംഘത്തിന് തോക്ക് നല്‍കിയതിന് മരുത സ്വദേശിയായ ജോഷിയേയും പിന്നീട് ഈ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. ഡിവൈഎസ്പി മോഹനചന്ദ്രന്റെ നിര്‍ദ്ദേശപ്രകാരം എടക്കര സിഐ പി കെ അബ്ദുള്‍ ബഷീര്‍, വഴിക്കടവ് എസ്‌ഐ എം അഭിലാഷ്, എഎസ്‌ഐ എം അസൈനാര്‍ എന്നിവരടങ്ങിയ പ്രതേ്യക അനേ്വഷണസംഘമാണ് കേസ് അനേ്വഷിക്കുന്നത്.

RELATED STORIES

Share it
Top