വനം വകുപ്പിന്റെ ഔഷധത്തോട്ടം കത്തിനശിച്ചു

മാനന്തവാടി: വനം വകുപ്പിന് കീഴിലെ ഔഷധത്തോട്ടത്തിന് തീപിടിച്ചു. എട്ട് ഏക്കറിലധികം വരുന്ന ഭാഗത്തെ ഔഷധതോട്ടവും മരങ്ങളും കത്തിനശിച്ചു. ബേഗൂര്‍ ഫോറസ്റ്റ് റെയ്ഞ്ചിന് കീഴിലുള്ള തലപ്പുഴ ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട മാനന്തവാടി അമ്പുകുത്തി വനം വകുപ്പ് ഔഷധത്തോട്ടത്തിലാണ് അഗ്‌നി ബാധയുണ്ടായയത്. ഇന്നലെ രാവിലെ 11.30 യോടെയാണ് ചെന്നലായി ഭാഗത്തെ ഔഷധത്തോട്ടത്തില്‍ ആദ്യം തീ പടരുന്നത് നാട്ടുകാര്‍ കണ്ടത്. തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെയും ഫയര്‍ഫോഴ്‌സ് അധികൃതരേയും വിവരമറിയിക്കുകയായിരുന്നു. വന്‍തോതില്‍ പുല്ലുകള്‍ നിറഞ്ഞ ഔഷധത്തോട്ടത്തില്‍ തീ പടര്‍ന്നു പിടിക്കുകയായിരുന്നു. പത്ത് ഹെക്ടര്‍ വരുന്ന ഔഷധത്തോട്ടത്തിലെ മൂന്ന് ഹെക്ടറിലേറെ വരുന്ന സ്ഥലത്തെ ഔഷധചെടികളും അപൂര്‍വ ഇനത്തില്‍പ്പെട്ട മരങ്ങളും പുല്ലുകളും കത്തിനശിച്ചു. മാനന്തവാടി ഫയര്‍സ്‌റ്റേഷന്‍ ഓഫിസില്‍ നിന്നും രണ്ട് യൂനിറ്റ് എത്തിയാണ് ഒന്നര മണിക്കൂറിന് ശേഷം തീ നിയന്ത്രണ വിധേയമാക്കിയത്. ചെന്നലായി റോഡിനോട് ചെര്‍ന്നുള്ള ജനവാസ മേഖലയിലേക്ക് തീ ആളി പടരുന്നത് തടയാന്‍ കഴിഞ്ഞത് വന്‍ ദുരന്തം ഒഴിവാകാന്‍ സഹായകമായി. ഓഷധ ത്തോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന വനം വകുപ്പിന്റെ തേന്‍ സംസ്‌ക്കരണ യൂനിറ്റ് കെട്ടിടത്തിലേക്ക് തീ പടര്‍ന്നാല്‍ വന്‍ നാശനഷ്ട്ടങ്ങള്‍ക്കും കാരണമാവുമായിരുന്നു. വനം വകുപ്പ് നട്ട് പരിപാലിച്ച് വരുന്ന അപൂര്‍വ ഇനം ഔഷധസസ്യങ്ങളാണ് കാട്ടുതീയില്‍ കത്തിയമര്‍ന്നത്. അതേ സമയം, ഫയര്‍ ലൈന്‍ യഥാസമയം നടത്തിയിരുന്നുവെങ്കില്‍ വന്‍ നാശനഷ്ടം ഉണ്ടാവുമായിരുന്നില്ലെന്നാണ് പൊതുജനാഭിപ്രായം. എല്ലാ വര്‍ഷവും വേനലില്‍ ഔഷധതോട്ടത്തില്‍ തീ പിടിക്കുന്നത് ദുരൂഹതക്കും ഇടയാക്കുന്നുണ്ട്. മാനന്തവാടി ഫയര്‍സ്‌റ്റേഷന്‍ ഓഫിസര്‍ കുഞ്ഞിരാമന്‍, ലീഡിങ് ഫയര്‍മാര്‍ തങ്കച്ചന്‍, ഇ ജെ മത്തായി, ബിനു എം ബി, ശശി കെ ജി, ജോര്‍ജ് വിസി, അലക്‌സാണ്ടര്‍ പിവി, പ്രവീണ്‍ കുമാര്‍, ഫോറസ്റ്റര്‍മാരായ പി അനില്‍കുമാര്‍ ,രവീന്ദ്രന്‍, ബിഎഫ്ഒമാരായ എന്‍ എ രാജന്‍, കെ രമേശന്‍, കെ മുകുന്ദന്‍, കെ കെ രതീഷ് കുമാര്‍ എന്നിവരടങ്ങുന്ന സംഘത്തിന്റെയും നാട്ടുകാരുടെയും ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് തീ അണച്ചത്.

RELATED STORIES

Share it
Top