വനംവകുപ്പ് തീരുമാനം അട്ടിമറിച്ചു; യൂക്കാലി മരങ്ങള്‍ നടുന്നതായി പരാതി

തെന്മല:ജലചൂഷണം നടത്തുന്ന മരങ്ങള്‍ വേണ്ടെന്ന വനം വകുപ്പ് തിരുമാനം അട്ടിമറിച്ച് മന്ത്രിയുടെ മണ്ഡലത്തില്‍ വ്യാപകമായി യൂക്കാലി മരങ്ങള്‍ നടുന്നതായി ആക്ഷേപം. പ്രതിഷേധവുമായി മലയോരത്തെ ജനങ്ങള്‍ രംഗത്ത്.
വനം മന്ത്രിയുടെ മണ്ഡലമായ പുനലൂരിലെ തെന്മല ഡിവിഷനില്‍ ആര്യങ്കാവ് റേഞ്ചിലാണ് യൂക്കാലി മരങ്ങള്‍ നടുന്നത്. പാലരുവി ,തലപ്പാറ ,പാണ്ട്യന്‍പാറ സെക്ഷനുകളിലാണ് നടീല്‍ തുടങ്ങിയത്. ക്ലീയര്‍ ഫില്ലിങ് നടത്തിയ കൂപ്പുകളാണിവയെല്ലാം. ജലചൂഷണം നടത്തുന്ന യൂക്കാലി ,മാഞ്ചിയം, അക്കേഷ്യാ മരങ്ങള്‍ പ്ലാന്റേഷനില്‍ നിന്ന് വെട്ടിമാറ്റുന്ന മുറക്ക് ജനവാസ മേഖലകളിലടക്കം ഘട്ടം ഘട്ടമായി കശുമാവ് കൃഷി വ്യാപിപ്പിക്കുമെന്ന വനം മന്ത്രിയുടെ പ്രഖ്യാപനം ഇതോടെ ഉദ്യോഗസ്ഥര്‍ അട്ടിമറിക്കുകയാണ്. വനമേഖലയില്‍ കശുമാവ് കൃഷി വരുന്നതോടെ പ്രാദേശികമായി കൂടുതല്‍ പേര്‍ക്ക് തൊഴിലും സര്‍ക്കാരിന് കൂടുതല്‍ വരുമാനവും വര്‍ധിക്കുമെന്നതാണ് പദ്ധതി ആകര്‍ഷകമാക്കിയത്.
കശുവണ്ടി വികസന കോര്‍പറേഷന്‍ പദ്ധതി ഏറ്റെടുത്ത് ജില്ലയില്‍ വ്യാപകമാക്കിയിരിക്കുകയാണ്. കൂടാതെ മേഖലയില്‍ വന്യമൃഗശല്യങ്ങള്‍ കുറയുമെന്നതും മലയോര ജനങ്ങള്‍ക്ക് ആശ്വാസകരമാണ്. യൂക്കാലി,മാഞ്ചിയം, അക്കേഷ്യാ മരങ്ങള്‍ വ്യാപകമായി ജലചൂഷണം നടത്തുന്നവ ആണെന്നതിനാല്‍ മേഖലയിലെ കുടിവെള്ള സ്രോതസുകള്‍ വീണ്ടും വറ്റി വരണ്ട് മേഖലയില്‍ വ്യാപക കുടിവെള്ള ക്ഷാമം ഉണ്ടാകുമെന്ന ആശങ്കയിലാണ് ജനങ്ങള്‍.
മേഖലയിലെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മന്ത്രിയെ തെറ്റിധരിപ്പിച്ചാണ് പല പദ്ധതികളും സ്ഥലം മാറ്റമടക്കമുള്ളവ നടപ്പിലാക്കുന്നതെന്നും പരാതിക്കിടെയാണ് ജലചൂഷണം നടത്തുന്ന മരങ്ങളുടെ നടീല്‍ വ്യാപകമായത്. ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റിന് കരാര്‍ പ്രകാരം 2025 വരെ  മരങ്ങള്‍ നല്‍കണമെന്ന് ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥര്‍ മരങ്ങള്‍ നടുന്നത്.
എന്നാല്‍ കരാര്‍ പ്രകാരം നല്‍കാനുള്ളതില്‍ കൂടുതല്‍ തടി ഇപ്പോള്‍ തന്നെ ലഭ്യമാണെന്ന് വനം മന്ത്രി തന്നെ കണക്കുകള്‍ ചൂണ്ടിക്കാട്ടി വ്യക്തമാക്കിയിരുന്നു. യൂക്കാലി ,മാഞ്ചിയം, അക്കേഷ്യാ മരങ്ങള്‍ വച്ച് പിടിപ്പിക്കുന്ന പദ്ധതിയായാല്‍ നടീല്‍,പരിപാലനം,കാട് വെട്ട് ,വളമിടീല്‍ തുടങ്ങിയവക്കായി ലക്ഷങ്ങളുടെ അഴിമതി നടത്തുവാന്‍ ഉദ്യോഗസ്ഥര്‍ക്കാകും. മറിച്ച് കശുവണ്ടിയായാല്‍ തങ്ങള്‍ക്ക് തട്ടിപ്പ് വരുമാനം കുറയുമെന്നതാണ് പദ്ധതി അട്ടിമറിക്കുന്നതിന് പിന്നിലെന്ന് മലയോര നിവാസികള്‍ ആരോപിക്കുന്നു.

RELATED STORIES

Share it
Top