വനംവകുപ്പിന്റെ സഹായം തേടിയെത്തിയ വൃദ്ധനെ വീണ്ടും കാട്ടാന ആക്രമിച്ചു

അടിമാലി: കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് രക്ഷനേടാന്‍ വനംവകുപ്പിന്റെ സഹായം തേടിയ വൃദ്ധനെ കാട്ടാന വീണ്ടും ആക്രമിച്ചു. കല്ലാര്‍ വട്ടയാര്‍ ഉപ്പുംതറപ്പേല്‍ തങ്കപ്പ(70)നാണ് കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റത്.
തങ്കപ്പന്‍ അടിമാലി താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. ഞായറാഴ്ച രാത്രി 10 മണിയോടെയാണ് തങ്കപ്പന്റെ വീടിന് നേരെ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം ഉണ്ടായത്. വീടിന്റെ മേല്‍കൂരയും മറ്റും ഇളകുകയും ആനയുടെ ചിന്നംവിളി കേട്ടുമാണ് തങ്കപ്പന്‍ ഉറക്കമുണര്‍ന്നത്. പിന്‍വാതിലൂടെ വീടിന്റെ പുറത്തിറങ്ങിയ തങ്കപ്പന്‍ ചെന്നുപെട്ടത് കാട്ടാനയുടെ മുന്നിലും.
ഒരുവിധത്തില്‍ രക്ഷപ്പെട്ട് ഓടിയ തങ്കപ്പന്‍ മരത്തിലിടിച്ച് വീഴുകയായിരുന്നു. ഇവിടെ നിന്ന് എഴുനേല്‍ക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പുലര്‍ച്ചെ നാട്ടുകാരെത്തിയാണ് തങ്കപ്പനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിക്ക് സാരമുള്ളതല്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. കാട്ടാനശല്യം ജീവന് ഭീഷണിയാണെന്ന് കാട്ടി കഴിഞ്ഞ ദിവസം തങ്കപ്പന്‍ മൂന്നാര്‍ ഡിഎഫ്ഒയ്ക്ക് പരാതി നല്‍കിയിരുന്നു.
എന്നാല്‍, വനംവകുപ്പ് ഇതു സംബന്ധിച്ച് അന്വേഷണമോ മറ്റ് നടപടികളോ സ്വീകരിച്ചില്ലെന്ന് തങ്കപ്പന്‍ പറഞ്ഞു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കുമെന്നും തങ്കപ്പന്‍ പറഞ്ഞു.

RELATED STORIES

Share it
Top