വധുവുമായി എത്തിയ ഹെലികോപ്റ്റര്‍ പൊട്ടിത്തെറിച്ചു

ബ്രസീലിയ: ബ്രസീലില്‍ വിവാഹച്ചടങ്ങിന് വധു എത്തിയ ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ തകര്‍ന്നുവീണ് കത്തിയമര്‍ന്നു. എന്നാല്‍, വധു ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. ബ്രസീലിലെ വടക്കന്‍ സാവോപോളോയിലാണ് സംഭവം. ആര്‍ടി ഡോട്ട് കോമാണ് വാര്‍ത്ത റിപോര്‍ട്ട് ചെയ്തത്.
ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമാണിപ്പോള്‍.  ഒരു മുന്തിരിത്തോപ്പില്‍ നടന്ന വിവാഹച്ചടങ്ങില്‍ വധുവുമായി എത്തിയ ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. ഹെലികോപ്റ്ററില്‍ പൈലറ്റും ഫോട്ടോഗ്രാഫറും ഒരു കുട്ടിയുമുള്‍പ്പെടെ ഏഴു യാത്രക്കാരാണുണ്ടായിരുന്നത്. നിസ്സാര പരിക്കേറ്റ ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രാഥമിക ചികില്‍സയ്ക്കു ശേഷം വിട്ടയച്ചു. വധു വിവാഹവേദിയിലേക്ക് ഹെലികോപ്റ്ററില്‍ എത്തുന്നത് മൊബൈല്‍ കാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് വൈറലായത്. അപ്രതീക്ഷിതമായി അപകടം സംഭവിച്ചതോടെ വിവാഹവേദിയില്‍ നിന്നവരെല്ലാം നാലുപാടും ചിതറിയോടി. വിവാഹവേദിക്ക് സമീപം ഇറക്കാന്‍ ശ്രമിക്കുന്നതിനിടെ ഹെലികോപ്റ്റര്‍ നിയന്ത്രണം വിടുകയായിരുന്നു. തുടര്‍ന്ന്, വധുവിനെയും മറ്റുള്ളവരെയും സുരക്ഷിതരായി പുറത്തിറക്കി. ഇതിനു പിന്നാലെ ഹെലികോപ്റ്റര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. എങ്കിലും വിവാഹച്ചടങ്ങുകള്‍ക്ക് മുടക്കമുണ്ടായില്ല. നേരത്തേ നിശ്ചയിച്ച പ്രകാരം വിവാഹച്ചടങ്ങുകള്‍ നടന്നു.

RELATED STORIES

Share it
Top