വധശ്രമം: പരാതി വ്യാജം;’ വിവാഹമോചനത്തിനായി യുവതി മെനഞ്ഞ നാടകം

തിരുവനന്തപുരം: തലസ്ഥാനത്ത് വീടാക്രമിച്ച് യുവതിയെ വധിക്കാന്‍ ശ്രമിച്ചെന്ന സംഭവം കള്ളക്കഥയെന്ന് തെളിഞ്ഞു. ഭര്‍ത്താവുമായി ബന്ധം വേര്‍പിരിയാന്‍ താന്‍ മെനഞ്ഞ നാടകമായിരുന്നു ഇതെന്ന് യുവതി പോലിസിനോട് വെളിപ്പെടുത്തി. ഫോറന്‍സിക് പരിശോധനയുള്‍പ്പെടെ ശാസ്ത്രീയമായ തെളിവുകള്‍ കൂടി ശേഖരിച്ചശേഷം യുവതിക്കെതിരേ കേസെടുക്കുമെന്നു പോലിസ് അറിയിച്ചു.
വിവാഹം ക്ഷണിക്കാനായി തിരുവനന്തപുരം കരുമം ഇടഗ്രാമം വായനശാലയ്ക്കു സമീപത്തെ വീട്ടിലെത്തിയ ഭര്‍ത്തൃസുഹൃത്തുക്കളായ രണ്ടുപേര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും പിടിവലിക്കിടെ നിലത്തുവീണ് ബോധം നഷ്ടപ്പെട്ടെന്നും പിന്നീട് എന്തു സംഭവിച്ചെന്ന് ഓര്‍മയില്ലെന്നുമായിരുന്നു യുവതി പോലിസിനോട് പറഞ്ഞത്. എന്നാല്‍, ഇന്നലെ ഫോര്‍ട്ട് അസി. കമ്മീഷണര്‍ ദിനിലിന്റെ നേതൃത്വത്തില്‍ വനിതാ പോലിസുകാരുടെ സഹായത്തോടെ യുവതിയുടെ മൊഴിയെടുക്കുകയും ആവര്‍ത്തിച്ച് ചോദ്യം ചെയ്യുകയും ചെയ്തപ്പോഴാണ് മൊഴികളില്‍ വൈരുധ്യമുണ്ടായത്. ഫോറന്‍സിക് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ തെളിവുകള്‍ ശേഖരിച്ച ശേഷമേ യുവതിയുടെ കുറ്റസമ്മതം സ്ഥിരീകരിക്കാന്‍ കഴിയൂവെന്ന് പോലിസ് പറഞ്ഞു.
ഇതു കൂടാതെ മജിസ്‌ട്രേറ്റിനു മുന്നിലും യുവതിയെ ഹാജരാക്കി മൊഴി നല്‍കും. പരിക്കേറ്റ നിലയില്‍ അവശത അഭിനയിച്ച യുവതിയെ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൈക്കാട് സര്‍ക്കാര്‍ ആശുപത്രിയിലേക്കും മാറ്റി. എന്നാല്‍, പിടിവലിയുടെയോ മര്‍ദനത്തിന്റെയോ പരിക്കുകളോ അടയാളങ്ങളോ പരിശോധനയിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതേത്തുടര്‍ന്ന്, വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് കള്ളക്കഥ പൊളിഞ്ഞത്.

RELATED STORIES

Share it
Top