വധശിക്ഷ തുടരണമെന്ന് 12 സംസ്ഥാനങ്ങള്‍

ന്യൂഡല്‍ഹി:  രാജ്യത്ത് വധശിക്ഷ നല്‍കുന്നത് നിര്‍ത്തലാക്കണമെന്ന ദേശീയ നിയമ കമ്മീഷന്‍ ശുപാര്‍ശയ്‌ക്കെതിരേ ഡല്‍ഹിയിലെ എഎപി സര്‍ക്കാരും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും. ഭീകരവാദമൊഴികെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് വധശിക്ഷ  നല്‍കുന്നത് ഒഴിവാക്കണമെന്ന് 2015ല്‍  ജസ്റ്റിസ് എ പി ഷാ അധ്യക്ഷനായ നിയമ കമ്മീഷന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ശുപാര്‍ശ ചെയ്തിരുന്നു. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകളുടെ അഭിപ്രായം തേടിയിരുന്നു. ഇതിനു മറുപടിയായാണ് ഡല്‍ഹിയും തമിഴ്‌നാടും ഉള്‍പ്പെടെ 12 സംസ്ഥാനങ്ങള്‍    വധശിക്ഷ ഒഴിവാക്കുന്നതിനെതിരേ നിലപാട് എടുത്തത്.
മൊത്തം 14 സംസ്ഥാനങ്ങളാണ്  ഇതുവരെ വിഷയത്തില്‍ മറുപടി നല്‍കിയത്. ഇതില്‍ 12 സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും വധശിക്ഷ ഒഴിവാക്കരുതെന്ന ആവശ്യമാണ് മുന്നോട്ട് വച്ചത്. ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍, ബിഹാര്‍, ജാര്‍ഖണ്ഡ്, തമിഴ്‌നാട്, ഡല്‍ഹി സംസ്ഥാനങ്ങളാണ് വധശിക്ഷ തുടരണമെന്ന നിലപാട് അറിയിച്ചത്. ക്രൂരവും മനസ്സാക്ഷിയില്ലാത്തതുമായ കൊലപാതകങ്ങള്‍ക്കും ബലാല്‍സംഗത്തിനും വധശിക്ഷ വേണമെന്നാണ് ഈ സംസ്ഥാനങ്ങള്‍ വാദിക്കുന്നത്. അതേസമയം, കര്‍ണാടകയും ത്രിപുരയിലെ കഴിഞ്ഞ ഇടതുസര്‍ക്കാരും വധശിക്ഷയ്‌ക്കെതിരായാണ് നിലപാട് അറിയിച്ചത്.  രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങള്‍ക്കും വിഷയത്തില്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും കേരളം അടക്കമുള്ള മറ്റു സംസ്ഥാനങ്ങള്‍ ഇതുവരെ നിലപാട്  വ്യക്തമാക്കിയിട്ടില്ല.
സിപിഎം കേന്ദ്ര കമ്മിറ്റിയും പിബിയും വധശിക്ഷ നടപ്പാക്കുന്നതിനെതിരാണെങ്കിലും വിഷയത്തില്‍ കേരളത്തിലെ ഇടതു സര്‍ക്കാര്‍ ഇതുവരെ നിലപാട് അറിയിച്ചിട്ടില്ല. ചൈന, ഇന്ത്യ, ഇറാന്‍, ഇറാഖ്, സൗദി അറേബ്യ എന്നീ രാജ്യങ്ങളില്‍ മാത്രമാണ് ഇപ്പോഴും വധശിക്ഷ നടപ്പാക്കുന്നതെന്നാണ് റിപോര്‍ട്ടില്‍ പറയുന്നത്. 2014ല്‍ 98 രാജ്യങ്ങളാണ് വധശിക്ഷ നിര്‍ത്തലാക്കിയത്.
140 രാജ്യങ്ങള്‍ വധശിക്ഷ നിയമത്തില്‍ നിന്ന് തന്നെ എടുത്തുമാറ്റിയിട്ടുണ്ട്.  വധശിക്ഷ ആവശ്യമാണോയെന്ന് പരിശോധിക്കാന്‍ 2013ലാണ് സുപ്രിംകോടതി നിയമ കമ്മീഷനെ ചുതലപ്പെടുത്തിയത്. ഇതേതുടര്‍ന്ന് 2015ലാണ് ഭീകരവാദം, യുദ്ധം തുടങ്ങിയവ ഒഴികെയുള്ള കുറ്റങ്ങള്‍ക്ക് വധശിക്ഷ ഒഴിവാക്കണമെന്ന് കമ്മീഷന്‍ ശുപാര്‍ശ ചെയ്തത്. ഭീകരവാദത്തിനും യുദ്ധത്തിനും മറ്റു കുറ്റകൃത്യങ്ങളില്‍ നിന്ന് വ്യത്യാസം ഇല്ല. എങ്കിലും രാജ്യസുരക്ഷ മുന്‍നിര്‍ത്തി ഈ കുറ്റങ്ങള്‍ക്ക് വധശിക്ഷ നിലനിര്‍ത്താമെന്നാണ് കമ്മീഷന്‍ റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.

RELATED STORIES

Share it
Top