വധഭീഷണി; ഈരാറ്റുപേട്ട നഗരസഭാ ചെയര്‍മാന്‍ എസ് പിക്ക് പരാതി നല്‍കിഈരാറ്റുപേട്ട: നഗരസഭാ ചെയര്‍മാന്‍ ടി എം റഷീദിന് ഫോണിലൂടെ സിപിഎം പ്രവര്‍ത്തകര്‍ വധഭീഷണി മുഴക്കുന്നതായി പരാതി. മകളുടെ വിവാഹം നടത്താന്‍ അനുവദിക്കില്ല, പാര്‍ട്ടി പ്രവര്‍ത്തകരാല്‍ കൊല്ലപ്പെട്ട കുന്നുംപുറത്ത് നസീറിന്റെ അവസ്ഥയുണ്ടാവും, പാര്‍ട്ടി പറഞ്ഞാല്‍ രാജിവയ്ക്കണം, അല്ലാത്തപക്ഷം കൊന്നുകളയും, വീട് തകര്‍ക്കും എന്നിങ്ങനെയുള്ള നിരന്തരമായ ഭീഷണികളാണ് ഫോണിലൂടെ നടത്തുന്നതെന്ന് നഗരസഭാ ചെയര്‍മാന്‍ ജില്ലാ പോലിസ് മേധാവിക്കു നല്‍കിയ പരാതിയില്‍ പറയുന്നു. സിപിഎമ്മിലെ നഗരസഭാ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി കെ കബീറിന്റെ സഹോദരന്‍ ഹുസൈന്‍, കൊച്ചുകലപ്പയെന്ന് വിളിക്കുന്ന ദിലീപ് എന്നിവരാണ് ഭീഷണിമുഴക്കുന്നതെന്നും പരാതിയില്‍ പറയുന്നു. ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കണമെന്നാണ് ഇവര്‍ ഫോണിലൂടെ ആവശ്യപ്പെടുന്നത്. ഏരിയാ, ലോക്കല്‍ കമ്മിറ്റികളിലെ ചിലരുടെ ഒത്താശയോടെയാണ് വധഭിഷണിയെന്ന് ചെയര്‍മാന്‍ ടി എം റഷീദ് പറഞ്ഞു. അതേസമയം, നഗരസഭാ ചെയര്‍മാനെ മാറ്റാനുള്ള സിപിഎം നീക്കം പരാജയപ്പെട്ടപ്പോള്‍ ജനപക്ഷത്തെ നാല് കൗണ്‍സിലര്‍മാര്‍ യുഡിഎഫുമായി ചേര്‍ന്ന് അവിശ്വാസം കൊണ്ടുവരാന്‍ തിരുമാനിച്ചെങ്കിലും ആദ്യടേമില്‍ ചെയര്‍മാന്‍ സ്ഥാനത്തെച്ചൊല്ലി മുസ്്‌ലിം ലീഗും, ജനപക്ഷ പാര്‍ട്ടിയും തമ്മില്‍ ഭിന്നതയുണ്ടായിരുന്നു. എട്ട് കൗണ്‍സിലര്‍മാരുള്ള ലീഗിന് ആദ്യത്തെ 20 മാസം ചെയര്‍മാന്‍ പദവി ആവശ്യപ്പെട്ടത് ജനപക്ഷം അംഗീകരിക്കാത്തതും ഈ കുതിരക്കച്ചവടത്തിന് കോണ്‍ഗ്രസ്സിന്റെ പിന്തുണയില്ലാത്തതും ലീഗിനും ജനപക്ഷത്തിനും തിരിച്ചടിയായി. സിപിഎമ്മിലെ വിഭാഗീയതയുടെ ഭാഗമായാണ് ചെയര്‍മാനെ മാറ്റണമെന്ന് കത്തു നല്‍കിയത്. ജനപക്ഷം ലീഗുമായി ചേര്‍ന്ന് അവിശ്വാസം കൊണ്ടുവരാനുള്ള നീക്കത്തില്‍ സഹകരിക്കേണ്ടതില്ലെന്ന കോണ്‍ഗ്രസ് നിലപാട് മൂലം എല്‍ഡിഎഫും യുഡിഎഫും ഒരുപോലെ പ്രതിസന്ധിയിലാണ്.

RELATED STORIES

Share it
Top