വണ്ടൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രസവവാര്‍ഡ് നോക്കുകുത്തിയാവുന്നു

കാളികാവ്: മലയോര മേഖലയിലെ പ്രധാന ആതുരാലയമായ വണ്ടൂര്‍താലൂക്ക് ആശുപത്രിയിലെ പ്രസവ വാര്‍ഡ് നോക്കുകുത്തിയാവുന്നതായി ആക്ഷേപം.നേരത്തേ സിഎച്ച്‌സി ആയിരുന്ന ആശുപത്രിയില്‍ മാസത്തില്‍ നൂറിലധികം പ്രസവ കേസുകള്‍ നടന്നിരുന്നു.എന്നാല്‍ നിലവിലുള്ള ഒരു ഡോക്ടറുടെ അനാസ്ഥകാരണം രോഗികള്‍ക്ക് വേണ്ട സേവനം ലഭിക്കുന്നില്ലെന്നാണ് പരാതി.  ഇത് കാരണം പ്രസവകേസുകളുമായെത്തുന്നവര്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണ്.
മുമ്പും ആശുപത്രിയില്‍ ഒരു സ്ത്രീ രോഗ വിദഗ്ധയാണുണ്ടായിരുന്നത്.    ഈ സമയം പ്രസവ വാര്‍ഡിലെ തിരക്കു കാരണം വരാന്തകളിലടക്കം സ്ത്രീകളെ കിടത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒരു വര്‍ഷത്തോളമായി വാര്‍ഡും അനുബന്ധ സാമഗ്രികളും നോക്കുകുത്തിയായി കിടക്കുകയാണ്.നിലവില്‍ പ്രസവചികില്‍സക്ക് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയടക്കമുള്ള സേവനങ്ങളാണ് നിര്‍ദേശിക്കുന്നത്. ഇത് രോഗികള്‍ക്ക്ഏറെ യാത്രാക്ലേശമുണ്ടാക്കും. ഇത് കാരണം സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണ് നാട്ടുകാര്‍.
എന്നാല്‍ തിയേറ്റര്‍, അനസ്‌തേഷ്യ അടക്കം   പ്രസവമെടുക്കാന്‍ വേണ്ട സൗകര്യങ്ങളില്ലാത്തതാണ് പ്രസവകേസുകള്‍ പരിഗണിക്കാതിരിക്കാന്‍ കാരണമെന്ന് സ്ത്രീ രോഗവിഭാഗം വിദഗ്ധ ഡോ അനീസ പറഞ്ഞു.24 മണിക്കൂര്‍ ഡോക്ടര്‍മാരുടെ സേവനം നല്‍കുന്നതിനും നിലവില്‍ സൗകര്യങ്ങളില്ല.പ്രശ്‌നം ഡിഎംഒയെ അറിയിച്ചിട്ടുണ്ടെന്നും  അധികൃതര്‍ പറഞ്ഞു. അശുപത്രിയുടെ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ പുരുഷന്മാരുടെ കിടത്തി ചികിത്സക്കും തടസ്സം നേരിടുന്നുണ്ട്.
ദിവസേന ആയിരത്തോളം രോഗികള്‍ ചികിത്സ തേടി ഒപിയിലെത്തുന്നുണ്ട്.  പ്രശ്‌നം പരിഹരിക്കാന്‍ ബന്ധപ്പെട്ടവര്‍ അടിയന്തിരമായി ഇടപെടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top