വണ്ടിപ്പെരിയാറില്‍ മഴക്കാല പൂര്‍വ ശുചീകരണം ആരംഭിച്ചില്ലവണ്ടിപ്പെരിയാര്‍: കാലവര്‍ഷത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പഞ്ചായത്തില്‍ മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടില്ലെന്ന് ആക്ഷേപം. ഓടകളില്‍ നിറഞ്ഞു കിടക്കുന്ന മാലിന്യങ്ങള്‍ വേനല്‍മഴയില്‍ റോഡിലൂടെ പുറത്തേക്കൊഴുകുന്നത് പതിവായിരിക്കുകയാണ് .ദേശീയ പാതയോരത്തെ കടകളുടെ മുമ്പിലെ ഓടകളിലെ സ്ലാബ് പലതും പൊട്ടിയ നിലയിലാണ്.ഇത് അപകട ഭീഷണിയുയര്‍ത്തുന്നു. പശുമല കവലയിലെ കടകള്‍ക്ക് മുന്‍വശത്തെ ഓടയ്ക്ക് മുകളിലെ പല സ്ലാബുകളും പൊട്ടിയ നിലയിലാണ്.പൊട്ടിയ സ്ലാബുകള്‍ നന്നാക്കി ബലവത്താക്കി ഇടാന്‍ പോലും അധികൃതര്‍ ഇതുവരെ തയാറായിട്ടില്ല.ടൗണിലെ നടപ്പു വഴികളില്‍ മാലിന്യം കൂടിക്കിടക്കുന്നു.ഇവിടെ നിന്നും അസഹനീയമായ ദുര്‍ഗന്ധം വമിക്കുകയാണ്.കാല്‍നടക്കാര്‍ക്കും പ്രദേശവാസികള്‍ക്കം വ്യാപാരികള്‍ക്കും ഇത് ദുരിതമായിരിക്കുകയാണ്.ആരോഗ്യ വകുപ്പിന്റെ പഠനത്തില്‍ ഈ മേഖലകളില്‍ ഡങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഡങ്കിപ്പനിയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അരോഗ്യ വകുപ്പ് നടത്തുമ്പോള്‍ മറുവശത്ത് പ്രതിരോധ പ്രവര്‍ത്തനം നടത്തുന്നതില്‍ അലംഭാവമാണ് കാട്ടുന്നത്. വിവിധ സ്ഥലത്ത് നിന്നും അടിഞ്ഞുകൂടിയ പാഴ് വസ്തുക്കള്‍ വെള്ളത്തിന്റെ ഒഴുക്കിനെയും തടസപ്പെടുത്തുന്നുണ്ട്. ഇവിടെ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കൊതുകുകള്‍ മുട്ടയിട്ട് പെരുകാനും സാധ്യതയുണ്ട്. പഞ്ചായത്ത് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നുണ്ടെങ്കിലും പെരിയാര്‍ ടൗണ്‍ കേന്ദ്രീകരിച്ച് മാത്രമാണ് ഇത് നടക്കുന്നത്. കക്കി കവല, വാളാര്‍ഡി, 63 മൈല്‍ തുടങ്ങിയ ദേശീയ പാതയുടെ ഭാഗങ്ങളില്‍ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നില്ല. ഈ പ്രദേശങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളും നടന്നിട്ടില്ല. പല കട ഉടമകളും സ്വന്തം ചെലവിലാണ് ഓടയ്ക്ക് മുകളിലെ സ്ലാബുകളിട്ട് ആളുകള്‍ക്ക് കടയിലേക്ക് കയറാന്‍ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

RELATED STORIES

Share it
Top