വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ലിഫ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നില്ല

അമ്പലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജാശുപത്രിയിലെ ലിഫ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നില്ല. രോഗികള്‍ ദുരിതത്തില്‍. സമയാസമയങ്ങളില്‍ അറ്റകുറ്റപ്പണി ചെയ്യാത്തതും വേണ്ടത്ര ജീവനക്കാരില്ലാത്തതുമാണ് ഇടക്കിടെ ലിഫ്റ്റ് പ്രവര്‍ത്തന രഹിതമാകുന്നതിനു കാരണം.
ലിഫ്റ്റുകള്‍ പണിമുടക്കുന്നതുമൂലം കിടത്തി ചികില്‍സയില്‍ കഴിയുന്ന രോഗികളാണ് ഏറെ വലയുന്നത്. മുകള്‍നിലയിലെ വാര്‍ഡുകളില്‍ നിന്ന് സിടി സ്‌കാന്‍, എക്‌സ്‌റേ തുടങ്ങിയ പരിശോധനകള്‍ക്ക് താഴെ എത്തേണ്ടതുണ്ട്. ഇതിനായി പടിവഴി നടന്നിറങ്ങേണ്ട ഗതികേടിലാണ് രോഗികള്‍. കിടപ്പുരോഗികളും വൃക്കരോഗികളും ഹൃദ്രോഗികളുമാണ് അതാതു വിഭാഗങ്ങളിലെത്താന്‍ കൂടുതല്‍ ബുദ്ധിമുട്ടുന്നത്.
ആകെയുള്ള 17ലിഫ്റ്റുകളില്‍ രണ്ടെണ്ണം പ്രവര്‍ത്തന രഹിതമായിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും ബാക്കിയുള്ള 15 ലിഫ്റ്റ് പ്രവര്‍ത്തിപ്പിക്കാന്‍ മൂന്നു ഷിഫ്റ്റുകളിലായി 45 ജീവനക്കാരാണ് വേണ്ടത്. എന്നാന്‍ നിലവില്‍ ലിഫ്റ്റ് ഓപ്പറേര്‍മാര്‍ 15 പേരാണുള്ളത്.
ഇതേതുടര്‍ന്ന് രാവിലെ അഞ്ച്, ഉച്ചക്ക് അഞ്ച് രാത്രിയില്‍ മൂന്നു എന്നി നിലകളിലാണ് ലിഫ്റ്റുകളുടെ പ്രവര്‍ത്തനം. അതേസമയം ലിഫ്റ്റ് പ്രവര്‍ത്തന യോഗ്യമാക്കാനോ വേണ്ടത്ര ജീവനക്കാരെ നിയമിക്കാനോ അധികാരികള്‍ തയ്യാറായിട്ടില്ല. പിഎസ്്‌സിയില്‍ ഉള്‍പ്പെട്ട നിരവധി ലിഫ്റ്റ് ഓപ്പറേറ്റര്‍മാര്‍ റാങ്ക് ലിസ്റ്റിലുണ്ടെങ്കിലും ഇവരെ വിട്ടുകിട്ടുന്നതിലേക്ക് അധികാരികളുടെ ഭാഗത്തുനിന്നും വര്‍ഷങ്ങളായിട്ടും സര്‍ക്കാരിലേക്കോ പിഎസ്‌സിയിലേക്കോ വിവരം ധരിപ്പിച്ചിട്ടില്ലെന്നുള്ളതാണ് ചൂണ്ടി കാണിക്കുന്നത്.
ഇതു സംബന്ധിച്ചു ആശുപത്രി വികസന സമിതി വിളിച്ചു ചേര്‍ക്കുകയോ അവലോകന യോഗം നടത്തുകയോ ചെയ്തിട്ടില്ല. ആശുപതി വളപ്പില്‍ ലക്ഷങ്ങളും കോടികളും മുടക്കി കെട്ടിടം കെട്ടി പൊക്കുന്നതല്ലാതെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ അധികാരികള്‍ക്കാവുന്നില്ല. ഇതിന് പരിഹാരം കാണാന്‍ ആശുപത്രി വികസന സമിതി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഇടപെടണമെന്ന ആവശ്യവും മനുഷ്യാവകാശ കമ്മീഷന്‍ ആശുപത്രി സന്ദര്‍ശിച്ച് പോരായ്മകള്‍ പരിഹാന്‍ ശ്രമിക്കാത്ത ആശുപത്രി അധികാരികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്.

RELATED STORIES

Share it
Top