വണ്ടാനം ദേശീയപാതയോരത്ത് കക്കൂസ് മാലിന്യം തള്ളുന്നു : മാലിന്യം നിക്ഷേപിക്കുന്നതിന് പോലിസ് സഹായമുണ്ടെന്ന് ആക്ഷേപംഅമ്പലപ്പുഴ: വണ്ടാനത്ത് ദേശീയ പാതയോരത്ത് കക്കൂസ് മാലിന്യം ഉള്‍പ്പടെയുള്ള മാലിന്യം തള്ളുന്നു. പോലിസിന്റെ സഹായവും ഇതിനുണ്ടെന്ന് ആരോപണം.വണ്ടാനം മെഡിക്കല്‍ കോളജ് ജങ്ഷന്‍ മുതല്‍ തെക്കോട്ട് പോസ്റ്റ് ഓഫിസിനു സമീപം വരെയും പടിഞ്ഞാറോട്ട് നഴ്‌സിങ് കോളജിന് സമീപത്തു മായാണ് കക്കൂസ് മാലിന്യവും അറവു മാലിന്യവും തള്ളുന്നത്. ഏതാനും നാള്‍ മുമ്പ്് പുലര്‍ച്ചെ മിനി ടാങ്കറില്‍ കക്കൂസ് മാലിന്യം റോഡരികില്‍ തള്ളുന്നത് ശ്രദ്ധിക്കപ്പെട്ട ഒരു ഹോട്ടലുടമ ഈ വിവരം പോലിസില്‍ അറിയിച്ചിരുന്നു. എന്നാല്‍ പുന്നപ്ര പോലിസ് സ്ഥലത്തെത്തിയപ്പോഴും മാലിന്യം തള്ളുന്നത് കണ്ടിട്ടും ഇതിനെതിരേ നടപടിയെടുത്തില്ല. തൊട്ടടുത്ത ദിവസം ഹോട്ടലുടമയെ മാലിന്യം നിക്ഷേപിച്ചവര്‍ ഫോണില്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഹോട്ടലുടമയുടെ നമ്പര്‍ ഇവര്‍ക്ക് കൈമാറിയത് പോലിസ് തന്നെയാണെന്നാണ് സൂചന. ആലുവ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു സംഘമാണ് മാലിന്യം ഇവിടെ പതിവായി തള്ളുന്നത്. ഏതാനും ആഴ്ച മുമ്പ് വണ്ടാനത്ത് ഒരു വീടിനു മുന്നില്‍ മൂത്രമൊഴിച്ചതിന് ചോദ്യം ചെയ്ത വീട്ടുടമയുടെ വാഹനം തല്ലിതകര്‍ത്തതും ഈ സംഘത്തില്‍പ്പെട്ടവരാണെന്നാണ് സംശയം. ഇവര്‍ എത്തിയതും ആലുവ രജിസ്‌ട്രേഷന്‍ നമ്പരുള്ള ഒരു കാറിലായിരുന്നു. ഈ വിവരം പോലിസില്‍ അറിയിച്ചിട്ട് നാളുകള്‍ കഴിഞ്ഞിട്ടും അക്രമികളെ പിടികൂടാന്‍ ഇതുവരെ പുന്നപ്ര പോലിസിന് കഴിഞ്ഞിട്ടില്ല.അക്രമികളെ തങ്ങള്‍ കണ്ടെന്നും കാറില്‍ കയറുന്നതിനിടെ കൈ തട്ടിമാറ്റി രക്ഷപ്പെട്ടെന്നു മാണ് പോലിസ് നല്‍കുന്ന വിശദീകരണം. എന്നാല്‍ സംഘം സഞ്ചരിച്ചിരുന്ന കാറിന്റെ നമ്പര്‍ സംബന്ധിച്ച് പോലിസിനും വിവിരമില്ലാത്തത് സംശയം വര്‍ധിപ്പിക്കുന്നു.  ഇതും പോലിസ് ഇവരുമായി നടത്തുന്ന ഒത്തുകളിയുടെ ഭാഗമാണെന്നും ആക്ഷേപമുണ്ട്. ദേശീയ പാതയോരത്ത് പതിവായി മാലിന്യം നിക്ഷേപിച്ചിട്ടും സംഘത്തിലെ ആരെയും കണ്ടെത്താന്‍ പോലിസിന് കഴിഞ്ഞിട്ടില്ല. ആലുവയില്‍ നിന്ന് വണ്ടാനം വരെ ദേശീയപാത വഴി മാലിന്യം കൊണ്ടുവന്നിട്ടും ഇവരെ പിടികൂടാന്‍ കഴിയാത്തത് പോലിസിന്റെ കഴിവുകേടായി മാറിയിരിക്കുകയാണ്. മാലിന്യം നിക്ഷേപിക്കുന്നതിന് ഇക്കൂട്ടരില്‍ നിന്ന് പോലിസ് വന്‍ തുകയാണ് കൈപ്പറ്റുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്.

RELATED STORIES

Share it
Top