വണ്ടന്‍മേട് എംഇഎസിലെ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു

ഇടുക്കി: സ്‌കൂളിനും മാനേജ്‌മെന്റിനും എതിരേ തെറ്റിദ്ധാരണ പരത്തി വിദ്യാര്‍ഥികളെക്കൊണ്ട് സമരം ചെയ്യിച്ച വണ്ടന്‍മേട് എംഇഎസ് സ്‌കൂളിലെ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു. സ്‌കൂള്‍ മാനേജരുടെ സസ്‌പെന്‍ഷന്‍ നടപടി കോട്ടയം ആര്‍ഡിഡി അംഗീകരിച്ച് ഉത്തരവായി. പ്രമോഷന്റെ ഭാഗമായി സ്ഥലം മാറ്റിക്കൊണ്ടുള്ള നിയമാനുസൃത ഉത്തരവിനെ തെറ്റിദ്ധപ്പിച്ച് ഹയര്‍ സെക്കന്‍ഡറി വിഭാഗം വിദ്യാര്‍ഥികളെ രംഗത്തിറക്കി സമരം നടത്തിയെന്ന പരാതിയിലാണ് അധ്യാപകന്‍ ജസ്റ്റിനെ സസ്‌പെന്‍ഡ് ചെയ്തത്.
സംഭവത്തില്‍ നാല് അധ്യാപകര്‍ക്കെതിരേയാണ് പരാതി ഉയര്‍ന്നത്. ജസ്റ്റിനെതിരേ നടപടി സ്വീകരിച്ചെങ്കിലും സമാന കുറ്റക്കാരായ മൂന്ന് അധ്യാപകര്‍ക്കെതിരേ നടപടിയെടുക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധ്യപ്പെടുത്താനുള്ള മെമ്മോ മാത്രമാണ് എംഇഎസ് അധികൃതര്‍ നല്‍കിയിട്ടുള്ളത്. ഇത് ആരോപണ വിധേയരായ മൂന്ന് അധ്യാപകരെ രക്ഷിക്കാനാണെന്ന ആക്ഷേപമുണ്ട്. വണ്ടന്‍മേട് എംഇഎസ് സ്‌കൂളിനെ തകര്‍ക്കാന്‍ ഈ അധ്യാപകര്‍ കോക്കസായി ശ്രമിക്കുകയാണെന്നും ഇതിനു ചില വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും കരുവാക്കുകയുമാണെന്ന് നാളുകളായി സ്‌കൂളിലുണ്ടായിവന്ന പ്രശ്‌നങ്ങള്‍ പഠിച്ചശേഷം വിദ്യാഭ്യാസ വകുപ്പിലെ ഉന്നതോദ്യോഗസ്ഥര്‍ റിപോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
എന്നാല്‍, കേരളാ കോണ്‍ഗ്രസ്സിന്റെ അധ്യാപക സംഘടനാ നേതാവായ സ്‌കൂളിലെ അധ്യാപകന്റെ സമ്മര്‍ദംമൂലം നടപടി സ്വീകരിക്കുന്നതില്‍ നിന്ന് എംഇഎസ് മാനേജ്‌മെന്റ് പിന്നാക്കം പോയതാണ് സസ്‌പെ ന്‍ഷനും മെമ്മോ നല്‍കലും ഇത്രയും നീണ്ടുപോവാന്‍ കാരണമായത്. വണ്ടന്‍മേട് എംഇഎസ് സ്‌കൂളിനെ ചില അധ്യാപകരുടെ നേതൃത്വത്തില്‍ തകര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും മാനേജ്‌മെന്റ് ഇതൊന്നും കണ്ടില്ലെന്നു നടിക്കുകയാണെന്നും കാട്ടി തെളിവുകള്‍ സഹിതം തേജസ് നേരത്തെ വാര്‍ത്ത നല്‍കിയിരിക്കുന്നു. സ്‌കൂളില്‍ വിദ്യാര്‍ഥികളെയിറക്കി സമരം നടത്തിയതിനു പിന്നിലെ ഒളിയജണ്ടയും വാര്‍ത്തയായിരുന്നു. തേജസ് വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് കുറ്റക്കാരായ അധ്യാപകര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് എംഇഎസ് മാനേജ്‌മെന്റിന് നിര്‍ദേശം നല്‍കിയത്.
സ്‌കൂളിന്റെ നിലനില്‍പ്പിനെ പ്രതിസന്ധിയിലാക്കുന്നവര്‍ക്കെതിരേ സ്‌കൂള്‍ മാനേജ്‌മെന്റിനു തന്നെ നേരിട്ട് നടപടി സ്വീകരിക്കാവുന്നതേയുള്ളൂ. മുമ്പ് പലപ്പോഴും അതുണ്ടായില്ലെന്നു മാത്രമല്ല, പല സംഭവങ്ങളും ഒതുക്കിത്തീര്‍ക്കുകയും ചെയ്തു. സ്‌കൂളിലെ പ്രശ്‌നങ്ങള്‍ പഠിച്ച് വിദ്യാഭ്യാസ വകുപ്പ് തന്നെ നിര്‍ദേശം നല്‍കിയ ശേഷമാണ് മാനേജ്‌മെന്റ് നടപടി സ്വീകരിക്കാന്‍ തയ്യാറായത്. ഇതിനിടെ സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ഥിയുടെ പിതാവായ ഇ പി നാസര്‍ അധ്യാപകരുടെ നിലപാടുകള്‍ക്കെതിരേ രേഖാമൂലം പരാതിപ്പെട്ടതും നടപടി സ്വീകരിക്കുന്നതിന് അധികൃതരെ നിര്‍ബന്ധിതരാക്കി. ഇപ്പോള്‍, ഒരു അധ്യാപകനെ മാത്രം സസ്‌പെന്റ് ചെയ്യുകയും ബാക്കിയുള്ളവരെ മെമ്മോ നല്‍കി സംരക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന മാനേജ്‌മെന്റിനെതിരേ ഒരു വിഭാഗം രക്ഷിതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. കുറ്റക്കാരായ മുഴുവന്‍ അധ്യാപകര്‍ക്കെതിരേയും കര്‍ശന നടപടിയാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് ഇ പി നാസര്‍ പറഞ്ഞു.
അതേസമയം, അധ്യാപകര്‍ക്കു നല്‍കിയ മെമ്മോ നടപടിക്രമങ്ങളുടെ ഭാഗമാണെന്നും മറുപടി ലഭിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും സ്‌കൂള്‍ മാനേജര്‍ അബ്ദുല്‍ ഹമീദ് അറിയിച്ചു.

RELATED STORIES

Share it
Top