വണ്ടന്നൂരില്‍ മാരാകായുധവുമായി ആക്രമണം; രണ്ടു പേര്‍ അറസ്റ്റില്‍

കിളിമാനൂര്‍: പഴയകുന്നുമ്മേല്‍ ഗ്രാമപ്പഞ്ചായത്തിലെ വണ്ടന്നൂര്‍ മഠത്തില്‍ കുന്ന് പ്രദേശത്ത് മാരാകായുധവുമായി ആക്രമണം നടത്തിയ സംഭവത്തില്‍ രണ്ടു പേരെ കിളിമാനൂര്‍ പോലിസ് അറസ്റ്റ് ചെയ്തു.
മഠത്തില്‍ കുന്ന് ചെവളക്കോണം അമ്പാടിയില്‍ അമ്പാടി എന്ന് വിളിക്കുന്ന അമല്‍ രാജ് (19) മഠത്തില്‍ കുന്ന് ചരുവിള വീട്ടില്‍ അക്കു എന്ന് വിളിക്കുന്ന അജയ് (19) എന്നിവരെയാണ് കിളിമാനൂര്‍ സിഐ പ്രദീപ് കുമാര്‍, കിളിമാനൂര്‍ എസ്‌ഐ ബി കെ അരുണ്‍ എന്നിവരുടെ സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയില്‍ ഡ്രൈവര്‍മാരായ പ്രജീബ്, മണിക്കുട്ടന്‍ എന്നിവരെ രാത്രിയില്‍ മാരകായുധങ്ങള്‍ ഉപയോഗിച്ച് തലക്കടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു.
വണ്ടന്നൂര്‍ മഠത്തില്‍ കുന്ന് പ്രദേശങ്ങളില്‍ ചില യുവാക്കളുടെ ഇടയില്‍ അമിതമായി മയക്ക് മരുന്ന്, ലഹരി ഉപയോഗം വര്‍ധിച്ചിട്ടുണ്ട്. അറസ്റ്റിലായ പ്രതികള്‍ നേരത്തെ കിളിമാനൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അടിച്ചു തകര്‍ത്ത കേസില്‍ പ്രതികളാണ്. വണ്ടന്നൂര്‍ പ്രദേശത്ത് ക്രമസമാധാനം തകര്‍ക്കുന്നതില്‍ ഇവര്‍ക്ക് പ്രധാന പങ്കുള്ളതായി നാട്ടുകാര്‍ പറയുന്നു.
ആക്രമണം നടത്തിയതില്‍ പ്രതിഷേധിച്ച് വണ്ടന്നൂരില്‍ കഴിഞ്ഞ ദിവസം നാട്ടുകാര്‍ പ്രകടനവും പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു.

RELATED STORIES

Share it
Top