വട്ടോളിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

കൂത്തുപറമ്പ്: ചിറ്റാരിപ്പറമ്പിനു സമീപം വട്ടോളിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു. കണ്ണവം ലത്തീഫിയ്യ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വാന്‍ ഡ്രൈവര്‍ കണ്ണവം പുതിയപുരയില്‍ അയ്യൂബി(22)നാണു വെട്ടേറ്റത്. ഇന്നലെ വൈകീട്ട് 4.30ഓടെയാണു സംഭവം. വാനില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ ഇറക്കി മടങ്ങുന്നതിനിടെ വാഹനം തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. ഇരുകൈകള്‍ക്കും വെട്ടേറ്റ അയ്യൂബിനെ ഉടന്‍ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രാഥമിക ചികില്‍സ നല്‍കിയ ശേഷം കോഴിക്കോട് മിംസ് ആശുപത്രിയിലേക്കു മാറ്റി. ഒരാഴ്ച മുമ്പും അയ്യൂബിനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകനായ അമല്‍രാജിന്റെ നേതൃത്വത്തില്‍ മാരകായുധങ്ങളുമായി എത്തിയ സംഘമാണ് ആക്രമിച്ചതെന്നാണു പരാതി. കണ്ണവം എസ്‌ഐ കെ വി ഗണേഷിന്റെ നേതൃത്വത്തില്‍ പോലിസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

RELATED STORIES

Share it
Top