വട്ടപ്പാറ; വളാഞ്ചേരിയില്‍ ഹര്‍ത്താല്‍ ഭാഗികം

വളാഞ്ചേരി: വട്ടപ്പാറയില്‍  അപകടങ്ങള്‍ കുറക്കുന്നതിന് വേണ്ട പരിഹാരം കാണാത്ത അധികൃതരുടെ നിലപാടില്‍ പ്രതിഷേധിച്ച് നടത്തുന്ന ഹര്‍ത്താല്‍ ഭാഗികം. വളാഞ്ചേരി മുന്‍സിപ്പാലിറ്റി അതിര്‍ത്തിയില്‍  ജനകീയ സമരസമിതിയുടെ നേതൃത്വത്തിലാണ്  രാവിലെ 6 മുതല്‍  വൈകുന്നേരം 6 വരെ ഹര്‍ത്താല്‍ ആചരിക്കുന്നത്.
മുന്‍സിപ്പാലിറ്റി അതിര്‍ത്തിയില്‍  വാഹനങ്ങളൊന്നും ഓടുന്നില്ല. ബസ്സുകള്‍ സ്റ്റാന്‍ഡില്‍ കയറാതെ അതിര്‍ത്തിയില്‍ ആളെ ഇറക്കി തിരിച്ച് പോകുന്നു. ദീര്‍ഘ ദൂര ബസ്സുകളും മറ്റു  വാഹനങ്ങളും വഴി തിരിച്ചു വിടുന്നുണ്ട്. കടകളെല്ലാം അടഞ്ഞ് കിടിക്കുകയാണ്.
ജനകീയ സമര സമിതിയുടെ  നേതൃത്വത്തില്‍ നാട്ടുകാര്‍ റോഡ് ഉപരോധവും പ്രകടനവും നടത്തി. കഴിഞ്ഞ ചൊവ്വാഴ്ച്ച  വട്ടപ്പാറയില്‍ നിയന്ത്രണം വിട്ട കണ്ടയ്‌നര്‍ ലോറി ഓട്ടോറിക്ഷക്ക്  മുകളിലേക്ക് മറിഞ്ഞ് 2 സ്ത്രീകളടക്കം 3 പേര്‍ അതിദാരുണമായി മരിച്ചിരുന്നു. ഈ അപകടത്തിന് ശേഷമാണ് നാട്ടുകാരുടെ പ്രതിഷേധം ശക്തമായത്.
അപകടങ്ങള്‍ നാള്‍ക്ക് നാള്‍ വര്‍ദ്ധിക്കുമ്പോഴും പരിഹാരം കാണാത്ത അധികൃതരുടെ നിസ്സംഗതക്കെതിരെയും സുരക്ഷിത യാത്രക്ക് പരിഹാരമാവുന്ന കത്തിപ്പുര  മൂടല്‍ ബൈപ്പാസ് പൂര്‍ത്തിയാക്കാതെ തകര്‍ന്ന് കിടക്കുന്നതുമാണ് നാട്ടുകാരില്‍ പ്രതിഷേധം ശക്തമാവാന്‍ കാരണം.

RELATED STORIES

Share it
Top