വട്ടപ്പള്ളിയിലെ മാര്‍ക്കറ്റില്‍ മദ്യശാല തുറക്കില്ലെന്നു മന്ത്രി ജി സുധാകരന്‍ചങ്ങനാശ്ശേരി: തിരക്കേറിയെ മാര്‍ക്കറ്റില്‍ വട്ടപ്പള്ളിയില്‍ വെയര്‍ കോര്‍പറേഷന്റെ കെട്ടിടത്തില്‍ ആരംഭിക്കാനിരുന്ന ബിവറേജസ് കോര്‍പറേഷന്റെ മദ്യവില്‍പനശാലക്കെതിരേ നാട്ടുകാര്‍ ഒന്നടങ്കം നടത്തിയ രാപ്പകല്‍ സമരം ഉള്‍പ്പെടെയുള്ള സമരത്തിനു ഫലം കണ്ടു. മദ്യവില്‍പ്പനശാല ഇവിടെ തുറക്കില്ലെന്നു മന്ത്രി ജി സുധാകരന്‍ അറിയിച്ചതോടെ രണ്ടു മാസത്തിലേറെയായി ഇതിനെതിരെ നടന്ന എല്ലാ സമരങ്ങളും അവസാനിച്ചു. മദ്യശാല തുറക്കരുതെന്ന് എംഡിക്കു നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചതോടെ ജനം ആഹ്ലാദത്തിലായി. അതേസമയം മദ്യശാല തുറക്കാന്‍ ജനവാസം കുറഞ്ഞ സ്ഥലത്ത് സൗകര്യമൊരുക്കണമെന്നു സി എഫ് തോമസ് എംഎല്‍എയോടു മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ചങ്ങനാശ്ശേരിയില്‍ മാത്രമല്ല മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ എം മാണി എന്നിവരുടെ മണ്ഡലങ്ങളിലെ ജനവാസകേന്ദ്രങ്ങളില്‍ നിന്ന് മദ്യവില്‍പ്പനശാല മാറ്റാന്‍ എംഡിക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചങ്ങനാശ്ശേരിയിലെ വട്ടപ്പള്ളിയില്‍ മദ്യ വില്‍പ്പനശാല തുറക്കുന്നതിനെതിരേ ശക്തമായ എതിര്‍പ്പു നിലനില്‍ക്കുന്നതായി അറിഞ്ഞ ഉടന്‍തന്നെ  അതു തുറക്കരുതെന്നു എംഡിയോട് ആവശ്യപ്പെട്ടിരുന്നതായി മന്ത്രി അറിയിച്ചു. കൂടാതെ സി എഫ് തോമസ് എംഎല്‍എയും ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കിയാണ് നിര്‍ദേശം നല്‍കിയത്. സെന്‍ട്രല്‍ ജങ്ഷനു സമീപം പ്രവര്‍ത്തിച്ച ഔട്ട്‌ലെറ്റായിരുന്നു മാര്‍ക്കറ്റിലേക്ക് മാറ്റാന്‍ തീരുമാനം എടുത്തതും അതിന്റെ തുടര്‍ച്ചയെന്നോണം രണ്ടാഴ്ച മുമ്പ് ഇതിന്റെ പ്രവര്‍ത്തനം ആരംഭിച്ചതും. നഗരസഭയുടെ അനുമതി ലഭിക്കുന്നതിനായി അപേക്ഷ സമര്‍പ്പിക്കുകയും എന്നാല്‍ അവ ലഭിക്കുന്നതിനു മുമ്പേ തന്നെ വട്ടപ്പള്ളിയില്‍  മദ്യശാല തുറന്ന് ഏതാനും സമയം പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. ജനകീയവേദിയുടെ നേതൃത്വത്തില്‍ രാപ്പകല്‍ സമരം നടക്കുന്നതിനിടെയാണ് മദ്യം ലോറിയില്‍ കൊണ്ടുവന്ന് ഇറക്കിയതും ഏതാനും സമയം തുറന്നു പ്രവര്‍ത്തിച്ചതും. തുടര്‍ന്ന് ലോറി തടയാനെത്തിയ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളെ ചില തൊഴിലാളികള്‍ മര്‍ദ്ദിച്ചതായി ആരോപണം ഉയരുകയും പിറ്റേദിവസം ഹര്‍ത്താലും നടത്തിയിരുന്നു. തുടര്‍ന്നു മദ്യശാലക്കെതിരേയുള്ള സമരം ശക്തമാവുകയും മര്‍ച്ചന്റ്‌സ് അസോസിയേഷന്‍, ജമാഅത്തു കമ്മിറ്റകള്‍, എസ്എന്‍ഡിപി നേതാക്കള്‍, സഭാ നേതാക്കള്‍, സാമൂഹിക,സാംസ്‌ക്കാരിക സംഘടനകള്‍, വിവിധ സ്‌കൂള്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ രംഗത്തെത്തുകയും നഗരസഭ ഇടപെട്ട് മദ്യശാലക്കു സ്റ്റോപ്പ് മെമ്മോ നല്‍കി പൂട്ടുകയുമായിരുന്നു. ഇതിനെത്തുടര്‍ന്നാണ് മന്ത്രി ജി സുധാകരന്‍ മദ്യശാല തുറക്കില്ലെന്നു പറഞ്ഞിരിക്കുന്നത്. ഇത് ഏറെ പ്രതീക്ഷയോടെയാണ് ജനങ്ങള്‍ കാണുന്നതെങ്കിലും ജനവാസം കുറഞ്ഞ സ്ഥലത്ത് ഇതിനായി സൗകര്യം ഒരുക്കണമെന്നു നിര്‍ദേശിച്ചതില്‍ ആശങ്കയും നില നില്‍ക്കുന്നുണ്ട്. അതേസമയം ബൈപാസ് റോഡില്‍ ഇതു തുറക്കുന്നതിനായി ചില അണിയറ നീക്കങ്ങള്‍ നടക്കുന്നതായും പറയുന്നു.

RELATED STORIES

Share it
Top