വടുതല ജനകീയ കോളനി: 179 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കും

തിരുവനന്തപുരം: എറണാകുളം കണയന്നൂര്‍ താലൂക്കിലെ പുഴ പുറമ്പോക്ക് വടുതല ജനകീയ കോളനിയില്‍ രണ്ടുമുതല്‍ നാലു സെന്റുവരെ ഭൂമിയില്‍ താമസിക്കുന്ന 179 കുടുംബങ്ങള്‍ക്ക് വീട് നിര്‍മാണത്തിനു വേണ്ടി സ്ഥലം പതിച്ചു നല്‍കാന്‍ മന്ത്രിസഭായോഗ തീരുമാനം.
പട്ടയഭൂമി വീടിനല്ലാതെ മറ്റൊരു ആവശ്യത്തിനും ഉപയോഗിക്കാന്‍ പാടില്ലെന്ന നിബന്ധനയോടെയാണ് ഭൂമി അനുവദിക്കുക. ശേഷിക്കുന്ന ഭൂമി കൈയേറ്റങ്ങളില്‍നിന്നും സംരക്ഷിക്കുന്നതിന് കൊച്ചി കോര്‍പറേഷന്‍ സംരക്ഷണ ഭിത്തി നിര്‍മിക്കണമെന്നും നിര്‍ദേശമുണ്ട്.
ആറളം ഫാമിങ് കോര്‍പറേഷനിലെ തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും സ്വയം വിരമിക്കല്‍ പദ്ധതി തുടര്‍ന്നും അനുവദിക്കാന്‍ തീരുമാനിച്ചു. ഇതിനുവേണ്ടി സര്‍ക്കാര്‍ 11.93 കോടി രൂപ അനുവദിക്കും. സംസ്ഥാന പിന്നാക്ക കോര്‍പറേഷന്‍ ജീവനക്കാര്‍ക്ക് 2014 ജൂലൈ മുതല്‍ ശമ്പളപരിഷ്‌കരണം നടപ്പാക്കും.
എക്‌സൈസ് വകുപ്പില്‍ അഡീഷനല്‍ എക്‌സൈസ് കമ്മീഷണര്‍ (ഭരണം) തസ്തിക സൃഷ്ടിക്കാന്‍ യോഗം അംഗീകാരം നല്‍കി. തിരുവനന്തപുരം ആനയറയില്‍ കെഎസ്ആര്‍ടിസിയുടെ കൈവശമുളള മൂന്നര ഏക്കറില്‍ 1.78 ഏക്കര്‍ സിഎന്‍ജി / എല്‍എന്‍ജി ടെര്‍മിനല്‍ സ്ഥാപിക്കുന്നതിന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന് പാട്ടത്തിന് നല്‍കും.
ഒഡെപെക്കില്‍ പിഎസ്‌സി മുഖേനയും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയും ജോലി ലഭിച്ച 6 പേര്‍ക്ക് ശമ്പള പരിഷ്‌കരണം അനുവദിക്കാനും ബൗദ്ധിക സ്വത്തവകാശവും ബന്ധപ്പെട്ട വിഷയങ്ങളും നിയമ വകുപ്പില്‍ നിന്ന് ശാസ്ത്ര-സാങ്കേതിക വകുപ്പിലേക്ക് മാറ്റാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

RELATED STORIES

Share it
Top