വടയമ്പാടിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ ഭീഷണിയുമായി വീണ്ടും സംഘപരിവാരം

കൊച്ചി: വടയമ്പാടി സമരത്തെക്കുറിച്ച് റിപോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ വീണ്ടും സംഘപരിവാര ശക്തികള്‍. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ലേഖിക ഗോപിക, ഫോട്ടോഗ്രാഫര്‍ ഷിജിത് എന്നിവര്‍ക്കു നേരെയാണ് വടയമ്പാടിയിലെ ഒരു പറ്റം ആര്‍എസ്്എസ് പ്രവര്‍ത്തകര്‍ ഭീഷണിയും അസഭ്യവര്‍ഷവും നടത്തിയത്. കഴിഞ്ഞദിവസം നടന്ന സംഭവത്തിന്റെ തുടര്‍ വാര്‍ത്തകള്‍ ശേഖരിക്കുന്നതിനാണ് ഗോപികയും ഷിജിതും വടയമ്പാടിയില്‍ എത്തിയത്. കെപിഎംഎസ് നേതാക്കളായ ടി വി ബാബുവും നീലാണ്ടന്‍ മാസ്റ്ററും കോളനി മൈതാനം സന്ദര്‍ശിക്കുന്നുണ്ടായിരുന്നു. ഈ സമയം വാഹനത്തില്‍ എത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഗോപികയുടെ അടുത്തെത്തി ചോദ്യം ചെയ്യുകയായിരുന്നു. താന്‍ മാധ്യമ പ്രവര്‍ത്തകയാണെന്ന് പറഞ്ഞ ഗോപിക തന്റെ ഐഡികാര്‍ഡ് ഇവരെ കാണിച്ചുവെങ്കിലും ഇവര്‍ ഭീഷണിയും അസഭ്യവര്‍ഷവും നടത്തുകയായിരുന്നു. തുടര്‍ന്ന് ഇരുവരും മടങ്ങിപ്പോന്നു. കഴിഞ്ഞദിവസം ദലിത് ആത്മാഭിമാന സംഗമം റിപോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെയും ഒരു കൂട്ടം സംഘപരിവാര പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പോലിസിനെ നോക്കുകുത്തിയാക്കി ആക്രമണം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ വീണ്ടും മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ ഭീഷണിയും അസഭ്യവര്‍ഷവും ഉണ്ടായത്. മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ ആക്രമണത്തില്‍ കെയുഡബ്ല്യുജെ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രസ്‌ക്ലബ്ബ് ഹാളില്‍ പ്രതിഷേധ യോഗം നടന്നു. ജില്ലാ പ്രസിഡന്റ് ഡി ദീലീപ് യോഗം ഉദ്ഘാടനം ചെയ്തു. ഭൂസമരസമിതി പ്രവര്‍ത്തകരെ അറസ്റ്റ്‌ചെയ്ത ശേഷം വളരെ ആസൂത്രിതമായി അന്തരീക്ഷം സൃഷ്ടിച്ചാണ് ആര്‍എസ്എസുകാര്‍ മാധ്യമപ്രവര്‍ത്തകരെ മര്‍ദിച്ചതെന്ന് യോഗം കുറ്റപ്പെടുത്തി. ഈസമയം പോലിസുകാര്‍ ഇടപെടാതെ നോക്കിനില്‍ക്കുകയായിരുന്നുവെന്നും യോഗം വിലയിരുത്തി. വൈസ്പ്രസിഡന്റ് അനിതാ മേരി ഐപ് അധ്യക്ഷത വഹിച്ചു. മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ആര്‍ ഗോപകുമാര്‍ പ്രമേയം അവതരിപ്പിച്ചു.— മീഡിയാ അക്കാദമി ഗവേണിങ് കൗണ്‍സില്‍ അംഗം ദീപക് ധര്‍മടം, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പി എ മെഹ്ബൂബ്  സെക്രട്ടറി സുഗതന്‍ പി ബാലന്‍, ടോമി മാത്യു സംസാരിച്ചു.

RELATED STORIES

Share it
Top