വടക്കേ അങ്ങാടിക്കവല വികസനത്തിനുള്ള അനിശ്ചിതത്വം നീങ്ങി

ചേര്‍ത്തല: വടക്കേ അങ്ങാടിക്കവലവികസനത്തിന് എട്ട് വര്‍ഷമായി നില നിന്നിരുന്ന അനിശ്ചിതത്തിന് വിരാമമായി. ഇന്നലെ മുതല്‍ വ്യാപാരികള്‍ കടമുറികള്‍ ഒഴിഞ്ഞ് തുടങ്ങി. 26 നുള്ളില്‍ താക്കോല്‍ ഏല്‍പ്പിക്കണമെന്നാണ് പൊതുമരാമത്ത് നിരത്ത് വിഭാഗം ഡിവിഷന്‍ ഓഫിസില്‍ നിന്ന് 68 ഓളം വ്യാപാരികള്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്.
ഇന്നലെ ഇതില്‍ ഒരാള്‍ മാത്രമാണ് താക്കോല്‍ ഏല്‍പ്പിച്ചത്. ബാക്കിയുള്ളവര്‍ ഇന്നു മുതല്‍ നല്‍കി തുടങ്ങും. പൊതുമാരാമത്ത് നികത്ത് വിഭാഗം ഡിവിഷന്‍ ഓഫിസില്‍ വാടകക്കാര്‍ കട ഒഴിഞ്ഞ് താക്കോല്‍ കൊടുത്തുത്താല്‍ മാത്രമേ അവര്‍ക്കുള്ള തുകയായ രണ്ട് ലക്ഷം രൂപ അക്കൗണ്ടില്‍ നല്‍കാനാകുവെന്നാണ് അറിയിച്ചിട്ടുള്ളത്. ഭൂ ഉടമകളുടെ വെരിഫിക്കേഷന്‍ നടപടികള്‍ സര്‍ക്കാര്‍ പ്ലീഡര്‍ മുഖേന നടക്കുന്നതേയുള്ളു. ഇത് ഒരുമാസത്തിനുള്ളില്‍ പൂര്‍ത്തീകരിച്ച് നോട്ടീസ് നല്‍കുമെന്ന് പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ ബി വിനു പറഞ്ഞു.
കവലയുടെ മദ്ധ്യഭാഗത്ത് നിന്നും അഞ്ചു ദിശയിലേക്കും 50 മീറ്റര്‍ നീളത്തിലും, 20 മീറ്റര്‍ വീതിയിലുമാണ് റോഡ് വികസിപ്പിക്കുന്നത്. എറണാകുളത്ത് നിന്നും ചേര്‍ത്തല ബസ്റ്റാന്റിലേക്ക് ബസുകള്‍ കടന്നു പോകുന്ന പ്രധാന ഭാഗമാണ് വടക്കേ അങ്ങാടി കവല. നിലവില്‍ ബസുകളും ലോറികളും ചെറിയവാഹനങ്ങളും ഏറെ ഗതാഗതകുരുക്ക് അനുഭവപെട്ടാണ് കടന്നു പോകുന്നത്. ഇതുമൂലം ഇരുചക്രവാഹനങ്ങളും കാല്‍ നടയാത്രക്കാരും വ്യാപാരികളുമാണ് ഏറെ ദുരിതമനുഭവിച്ചിരിന്നത്. റോഡ് വികസനം വരുന്നതോടെ ചേര്‍ത്തല നഗരത്തിന്റെ മുഖഛായ തന്നെ മാറും. സ്ഥലം എം എല്‍എയും മന്ത്രിയുമായ പി തിലോത്തമന്റെ ഏറെ നാളത്തെ ശ്രമത്തിന്റെ ഫലമായാണ് വടക്കേ അങ്ങാടി കവലയുടെ വികസനത്തിന് വഴിയോരുങ്ങുന്നത്.

RELATED STORIES

Share it
Top