വടക്കാഞ്ചേരിയില്‍ ഒമ്പത് വീടുകളില്‍ മോഷണ ശ്രമം

വടക്കാഞ്ചേരി: വടക്കാഞ്ചേരിയിലെ മോഷണ പരമ്പര തുടരുന്നു. മുഖം തുണികൊണ്ട് മറച്ചെത്തിയ മോഷ്ടാക്കളാണ് വ്യാപകമായി മോഷണം നടത്തിയത്. ഒരു വീട്ടില്‍ നിന്നും പതിനായിരം രൂപ നഷ്ടപ്പെട്ടു. ഒമ്പതോളം വീടുകളില്‍ മോഷണശ്രമം. ഉത്രാളിക്കാവ് ക്ഷേത്രത്തിലെ വാരസ്യാര്‍ തിരുവാണത്ത് വാരിയത്ത് രാജലക്ഷ്മിയുടെ വീട്ടില്‍ നിന്നാണ് പതിനായിരം രൂപ നഷ്ടപ്പെട്ടത്.
സമീപത്തെ പൂക്കുന്നത്ത് കൃഷ്ണദാസ്, പൂക്കുന്നത്ത് വിജയം, കുന്നത്തുള്ളി രവീന്ദ്രന്‍ എന്നിവരുടെ വീടുകളില്‍ വാതിലുകള്‍ പൊളിച്ച് അകത്ത് കയറിയെങ്കിലും വീട്ടുകാര്‍ ഉണര്‍ന്നതിനെ തുടര്‍ന്ന് ശ്രമം ഉപേക്ഷിക്കുകയായിരുന്നു.
തളിയില്‍ കണ്ണന്‍, കാക്ക തുരുത്തിയില്‍ മത്തായി എന്നിവരുടെ വീടുകളില്‍ നിന്ന് രണ്ട്‌ബൈക്കുകള്‍ മോഷ്ടിച്ച മോഷ്ടാക്കള്‍ പോലിസിനെ കണ്ടതിനെത്തുടര്‍ന്ന് ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. എങ്കക്കാട് പേങ്ങാട്ടു പുത്തന്‍പുരയില്‍ തങ്കച്ചന്‍, കടമ്പാട്ട് അരുണ്‍, മാരാത്ത് കുന്ന് മേനോത്ത് വളപ്പില്‍ സരിതന്‍ എന്നിവരുടെ വീടുകളിലും കവര്‍ച്ചാ ശ്രമം നടന്നു. വീടിനകത്തു കയറിവന്ന് മോഷ്ടാക്കള്‍ മാരാത്ത് കുന്ന് മേനോത്ത് വളപ്പില്‍ സരിതന്റെ മാതാവ് ജാനകിയുടെ കഴുത്തില്‍ കിടന്നിരുന്ന റോള്‍ഡ് ഗോള്‍ഡ് മാല പൊട്ടിച്ചു.
മുപ്പത് വയസ്സില്‍ താഴെയുള്ള മൂന്നംഗ സംഘം തുണി ഉപയോഗിച്ച് മുഖം മറച്ച് വ്യാപകമായി മോഷണം നടത്തിയത്. വടക്കാഞ്ചേരി പോലിസിന്റെ നേതൃത്വത്തില്‍ മേഖലയില്‍ പട്രോളിങ്ങ് നടത്തവേയാണ് പലയിടത്തും മോഷണങ്ങള്‍ നടന്നത്. കഴിഞ്ഞ ദിവസം മങ്കരയില്‍ വീട് കുത്തിതുറന്ന് മൂന്നര പവന്റെ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നിരുന്നു. മങ്കര നരിയം പുള്ളി ഇസ്മയിലിന്റെ വീട്ടിലാണ് പുലര്‍ച്ചെയോടെ മോഷണം നടന്നത്.
വീടിന്റെ പുറകു വശത്തെ വാതില്‍ കുത്തി തുറന്ന മോഷ്ടാവ് അകത്ത് ഉറങ്ങി കിടന്നിരുന്ന ഒന്നര വയസ്സുകാരിയുടെ അരഞ്ഞാണവും, മാലയും,വളയും മോഷ്ടിച്ചു. ഇതിനിടെ ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നതിനെ തുടര്‍ന്ന് മോഷ്ടാവ് ഓടി രക്ഷപ്പെടുകയും ചെയ്തു.

RELATED STORIES

Share it
Top