വടക്കാഞ്ചേരിയിലെ വികസന പദ്ധതികള്‍ അട്ടിമറിക്കുന്നതായി എംഎല്‍എ

വടക്കാഞ്ചേരി: വടക്കാഞ്ചേരി നഗരസഭാ പരിധിയില്‍ വരുന്ന എംഎല്‍എ യ്ക്ക് അനുവദിക്കുന്ന ഫണ്ടുകള്‍ ഉപയോഗിച്ച് നടപ്പിലാക്കുന്ന പദ്ധതികള്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന വടക്കാഞ്ചേരി നഗരസഭാ ചെയര്‍പേഴ്‌സണും ഭരണസമിതിക്കുമെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അനില്‍ അക്കര എം.എല്‍.എ നിയമസഭാ സ്പീക്കര്‍ ശ്രീരാമകൃഷ്ണന് അവകാശ ലംഘന നോട്ടീസ് നല്‍കി.
വടക്കാഞ്ചേരി നഗരസഭയുടെ പരിധിയില്‍ വരുന്ന കെ.എസ്.ഇ.ബി യുടെ ഉടമസ്ഥതയിലുള്ള ഇലക്ട്രിക്ക് പോസ്റ്റുകളില്‍ നിലവിലുള്ള തെരുവ് വിളക്കുകള്‍ മാറ്റി എല്‍.ഇ.ഡി വിളക്കുകളാക്കി മാറ്റുന്നതിന് ആസ്തി വികസന ഫണ്ടില്‍ നിന്നും, ഊത്രാളിക്കാവ് ടെമ്പിള്‍ റോഡ്, കാട്ടിലങ്ങാടി റോഡ്, ഞാറക്കുളങ്ങര റോഡ് എന്നിവയുടെ പുനരുദ്ധാരണത്തിന് 2016  2017 ലെ പ്രത്യേക വികസന നിധിയില്‍ നിന്നും തുക അനുവദിച്ചിരുന്നതും ആയതിന് ഭരണാനുമതി ലഭിച്ചിട്ടുള്ളതുമാണ്. വടക്കാഞ്ചേരി നഗരസഭാ പരിധിയിലെ ഊത്രാളിക്കാവ്, ഞാറക്കുളങ്ങര എന്നീ പ്രധാന ക്ഷേത്രങ്ങളിലേയ്ക്കുള്ള റോഡുകളും ക്ലേലിയ നേഴ്‌സറി സ്‌കൂളിലേയ്ക്കുള്ള കാട്ടിലങ്ങാടി റോഡും പൂര്‍ണ്ണമായി തകര്‍ന്നതിനെ തുടര്‍ന്ന് ഈ പ്രദേശത്തെ ജനങ്ങളുടെയും ജനപ്രതിനിധികളുടെയും നിരന്തരമായ ആവശ്യത്തെ മാനിച്ചാണ് ഈ റോഡുകള്‍ക്കാവശ്യമായ തുക പ്രത്യേക വികസന നിധിയില്‍ നിന്ന് അനുവദിച്ചത്. തെരുവ് വിളക്കുകള്‍ എല്‍.ഇ.ഡി ആക്കി മാറ്റുന്നതിന് പദ്ധതി തയ്യാറാക്കിയത് നഗരസഭാ ചെയര്‍പേഴ്‌സന്റെ രേഖാമൂലമുള്ള കത്തിന്റെയും, നഗരസഭാ വൈസ് ചെയര്‍മാനും കെ.എസ്.ഇ.ബി അധികൃതരും തമ്മില്‍ കൂടിയാലോചന നടത്തിയതിന്റെ അടിസ്ഥാനത്തിലുമാണ്.
സംസ്ഥാന സര്‍ക്കാരിന്റെ പൊതുഖജനാവില്‍ നിന്നും നല്‍കുന്ന ഫണ്ട് ഉപയോഗിച്ച് പൊതുജനങ്ങളുടെ താല്‍പ്പര്യാര്‍ത്ഥം സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി നടപ്പിലാക്കുന്ന ഈ പദ്ധതികള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പിന് നിര്‍ദ്ദേശം നല്‍കുന്നതോടൊപ്പം ഉത്തരവാദിത്വം പൂര്‍ത്തീകരിക്കുവാന്‍ തടസ്സം നില്‍ക്കുകയും അധികാര ദുര്‍വിനിയോഗം നടത്തുകയും ചെയ്ത വടക്കാഞ്ചേരി നഗരസഭാ ചെയര്‍പേഴ്‌സണും ഭരണസമിതിക്കുമെതിരെ നടപടി സ്വീകരിക്കണമെന്ന്  ആവശ്യപ്പെട്ടാണ്  കത്ത് നല്‍കിയിട്ടുള്ളത്. കത്തിനോടൊപ്പം നഗരസഭാ ചെയര്‍പേഴ്‌സണ്‍ നഗരസഭാ പരിധിയിലെ തെരുവ് വിളക്കകള്‍ എല്‍.ഇ.ഡി ആക്കി മാറ്റണമെന്ന് താല്‍പ്പര്യപ്പെട്ടുകൊണ്ട് എം.എല്‍.എ യ്ക്ക് നല്‍കിയ കത്തും സ്പീക്കര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top