വടക്കന്‍ സിറിയയില്‍ ഐഎസ് ആക്രമണം; 156 പേര്‍ കൊല്ലപ്പെട്ടു

ദമസ്‌കസ്: സ്വീദ നഗരമടക്കം വടക്കന്‍ സിറിയയില്‍ സര്‍ക്കാര്‍ അധീനതയിലുള്ള പ്രദേശങ്ങളില്‍ ഐഎസ് നടത്തിയ ആക്രമണത്തില്‍ 156 പേര്‍ കൊല്ലപ്പെട്ടതായി സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് (സിഒഎച്ച്്ആര്‍) അറിയിച്ചു. ബുധനാഴ്ച വിവിധ ഭാഗങ്ങളിലായി നടന്ന സ്‌ഫോടന പരമ്പരയില്‍ സ്വീദയില്‍ 100ലധികം പേരെ കൊലപ്പെടുത്തിയതായി ഐഎസും വ്യക്തമാക്കി.
സ്വീദയില്‍ 96 പേര്‍ കൊല്ലപ്പെട്ടതായും 176 പേര്‍ക്കു പരിക്കേറ്റതായും ആരോഗ്യവൃത്തങ്ങള്‍ അറിയിച്ചു. സ്വീദയുടെ വടക്കുകിഴക്കന്‍ ഗ്രാമങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ 41 സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടതായും സിഒഎച്ച്ആര്‍ പറഞ്ഞു. സിറിയയില്‍ നിന്ന് ഐഎസിനെ പരാജയപ്പെടുത്തിയതായി പ്രഖ്യാപിച്ച ശേഷം ആദ്യമായാണ് ആക്രമണ പരമ്പര അരങ്ങേറുന്നത്്. സ്വീദ നഗരത്തിലെ മാര്‍ക്കറ്റില്‍ സ്‌ഫോടകവസ്തു ശരീരത്തില്‍ കെട്ടിവച്ചു വന്ന ആള്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. സമീപനഗരത്തിലും സമാനരീതിയിലുള്ള ആക്രമണമുണ്ടായി. നേരത്തെ ബോംബ് സ്ഥാപിക്കാനുള്ള ശ്രമത്തിനിടെ രണ്ട് ഐഎസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായിരുന്നു.
വടക്കുകിഴക്കന്‍ സിറിയയില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ചില പ്രദേശങ്ങള്‍ ഐഎസ് നിയന്ത്രണത്തിലാക്കിയതായും സൈന്യവുമായി പോരാട്ടം തുടരുകയാണെന്നും സിഒഎച്ച്ആര്‍ അറിയിച്ചു.  ഇസ്രായേലിനെ ലക്ഷ്യമാക്കി ജൂലാന്‍ കുന്നുകള്‍ക്കു മുകളിലൂടെ പറന്ന സിറിയന്‍ യുദ്ധവിമാനം വെടിവച്ചിട്ടതായി ഇസ്രായേല്‍ അറിയിച്ചു.
തങ്ങളുടെ അധീനതയിലുള്ള ജൂലാന്‍ കുന്നുകള്‍ക്കു മുകളിലൂടെ അമിത വേഗതയില്‍ എത്തിയ സിറിയയുടെ സുഖോയി യുദ്ധവിമാനമാണ് അതിര്‍ത്തിയിലെത്തുന്നതിന് മുമ്പ് വെടിവച്ചിട്ടതെന്ന് ഇസ്രായേല്‍ ലഫ്റ്റനന്റ് കേണല്‍ ജോനാതന്‍ കോണ്‍സിരികസ് അറിയിച്ചു. എന്നാല്‍ സിറിയന്‍ അതിര്‍ത്തി പ്രദേശങ്ങളിലൂടെ ഐഎസിനെ ലക്ഷ്യമാക്കി നീങ്ങിയ യുദ്ധവിമാനമാണ് ഇസ്രായേല്‍ തകര്‍ത്തതെന്ന് സിറിയന്‍ ദേശീയ മാധ്യമങ്ങള്‍ അറിയിച്ചു.

RELATED STORIES

Share it
Top