വടക്കനാട് നിരാഹാര സമരം ഏഴാം ദിനത്തിലേക്ക്‌

സുല്‍ത്താന്‍ ബത്തേരി: വടക്കനാട്    ഗ്രാമങ്ങളിലെ  വന്യജിവിശല്യത്തിനു ശാശ്വത പരിഹാരം ആവശ്യപ്പെട്ട് സുല്‍ത്താന്‍ ബത്തേരി വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ  കാര്യലയത്തിന് മുന്നില്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം ഏഴാം ദിവസത്തിലേക്ക് കടന്നു. സമരം തുടങ്ങിയതുമുതല്‍ ആവേശം ഒട്ടും കുറയാതെയാണ് ഗ്രാമവിസികള്‍ പങ്കാളികളാവുന്നത്. ഗ്രാമസംരക്ഷണസമിതിയുടെ നേത്യത്വത്തില്‍ നടത്തുന്ന സമരത്തിന് വിവിധ സംഘടനകളും പൊതുജനങ്ങളും രാഷ്ട്രിയ പാര്‍ട്ടി പ്രതിനിധികളുമായി ആയിരക്കണക്കിന് ആളുകളാണ് ഓരോ  ദിവസവും  പിന്തുണ നല്‍കി സമരപന്തലില്‍ എത്തുന്നത് .
ഇതുവരെ  ഇരുപതിനായിരത്തോളം ആളുകള്‍ വിവിധ സംഘടനകളുടെയും ഒറ്റയായും എത്തി    സമരത്തിന് എൈക്യദാര്‍ഡ്യം പ്രഖ്യാപിച്ചു. അതിനിടെ, വന്യമൃശല്യവുമായി ബന്ധപ്പെട്ട് വനം മന്ത്രിയുടെ പ്രസ്താവന വിവാദമായി. നിരാഹാരം സമരം സംബന്ധിച്ച്  ബുധനാഴ്ച്ച ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ  നിയമ സഭയില്‍ സബ് മിഷന്‍  ഉന്നയിച്ചിരുന്നു. ഇതിനു മറുപടിയായി ജില്ലയില്‍ വന്യമൃഗാക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം മറ്റു അപകടങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കുറവാണെന്നും മന്ത്രി കെ രാജു. പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ 40ലധികം പേര്‍ ജില്ലയില്‍ വന്യ ജിവിയാക്രമണങ്ങളില്‍  മരിച്ചതായി വനം വകുപ്പിന്റെ പക്കലുള്ള കണക്കുകള്‍ പറയുമ്പോഴാണ് നിയമസഭയില്‍ മന്ത്രിയുടെ ഈ വാദം. .ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
എന്നാല്‍ 27ന് നടക്കുന്ന മന്ത്രിതല ചര്‍ച്ചയില്‍ ഔദ്വോഗികമായി ഇതുവരെ അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും അറിയിപ്പ് ലഭിച്ചാല്‍ പങ്കെടുക്കുമെന്നും ഗ്രാമസംരക്ഷണ സമിതി നേതാക്കള്‍ അറിയിച്ചു. അയല്‍ സംസ്ഥാനമായ തമിഴ്‌നാട്, കര്‍ണ്ണാടക എന്നിവടങ്ങളില്‍നിന്നും സമരത്തിന് പിന്തുണയുമായി നിരവധി സംഘടന പ്രവര്‍ത്തകരും എത്തി. ആറാം ദിവസമായ ഇന്നലെ വടക്കനാടുമായി അതിര്‍ത്തി പങ്കിടുന്ന ആര്‍മാട്   നിന്നും പി ജെ പാപ്പച്ചന്‍, അച്യുതന്‍ എന്നിവരുടെ നേത്യത്വത്തില്‍ പൗരസമിതി പ്രവര്‍ത്തകര്‍ രാവിലെ തന്നെ എത്തി   പിന്തുണ അറിയിച്ചു. വയോജന വേദി ജില്ല കമ്മിറ്റി, ശ്രേയസ്സ്, മാര്‍ബസേലിയോസ് ബിഎഡ് കോളജ് വിദ്യാര്‍ത്ഥികള്‍, ഐടെക് എഞ്ചിനിയറിംഗ് കോളജ് വിദ്യാര്‍ത്ഥികള്‍, സുല്‍ത്താന്‍ ബത്തേരി ലക്ഷമി നരസിംഹ സ്വാമിക്ഷേത്ര ഭാരവാഹികള്‍, കെസിവൈഎം മാനന്തവാടി രൂപത, ക്രിസ്ത്യന്‍ കള്‍ച്ചറല്‍ ഫോം, ഗാന്ധി ദര്‍ശന്‍, ജില്ല  ക്രിസ്ത്യന്‍ ലീഡേഴ്‌സ് ഫോറം, കര്‍ഷക പ്രതിരോധ സമിതി, മദ്യ വിരുദ്ധ ജനകീയ മുന്നണി, വന്യമൃഗ പ്രതിരോധ സമിതി, യൂത്ത് ലീഗ്, നടവയല്‍ ജനകീയ സമിതി, എസ്‌സി എസ്ടി ഒര്‍ഗനൈസേഷന്‍ ജില്ല കമ്മിറ്റി, മാനവ സംസ്‌കൃതി ജില്ലാ കമ്മിറ്റി പിന്തുണയറിയിച്ച് സമരപന്തലിലെത്തി.

RELATED STORIES

Share it
Top