വടക്കനാട് കാട്ടാനശല്യം വനപാലകരെ തടഞ്ഞുവച്ച് പ്രദേശവാസികള്‍

സുല്‍ത്താന്‍ ബത്തേരി: വന്യമൃഗശല്യം രൂക്ഷമായ വടക്കനാട് കാട്ടാനയെ തുരത്താനെത്തിയ വനപാലകരെ നാട്ടുകാര്‍ തടഞ്ഞുവച്ചു. തിങ്കളാഴ്ച രാത്രി 8.30ഓടെ വടക്കനാട് മണലാടിയില്‍ കുറിച്യാട് റേഞ്ച് ഓഫിസര്‍ ബാബുരാജ്, ഡെപ്യൂട്ടി റേഞ്ചര്‍ രാജീവ് എന്നിവരെയാണ് പ്രദേശവാസികള്‍ തടഞ്ഞുവച്ചത്. പ്രദേശത്ത് ശല്യക്കാരാനായ കാട്ടുകൊമ്പന്‍ നിരന്തരമായി കൃഷിനാശം വരുത്തിട്ടും ആനയെ മയക്കുവെടി വച്ച് പിടികൂടാന്‍ നടപടിയുണ്ടാവാത്ത സാഹചര്യത്തിലാണ് നാട്ടുകാരുടെ പ്രതിഷേധം.
കഴിഞ്ഞ ദിവസം രാത്രി ശല്യക്കാരാനായ കാട്ടാന ജനവാസകേന്ദ്രത്തിലിറങ്ങുകയും കൃഷി നശിപ്പിക്കുകയും ചെയ്തിരുന്നു. പ്രദേശത്ത് കാട്ടാനയിറങ്ങിയ വിവരം കര്‍ഷകര്‍ വനപാലകരെ അറിയിച്ചെങ്കിലും ഗാര്‍ഡിനെയും രണ്ടു വാച്ചര്‍മാരെയും മാത്രമാണ് അയച്ചത്. സ്ഥലത്തെത്തിയ ഇവരെയും നാട്ടുകാര്‍ തടഞ്ഞുവച്ചു.
ഇതറിഞ്ഞ് സ്ഥലത്തെത്തിയ റേഞ്ചറെ തടഞ്ഞുവച്ചതിന് ശേഷം വാച്ചര്‍മാരെയും ഗാഡിനെയും നാട്ടുകാര്‍ വിട്ടയച്ചു. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എത്തിയാല്‍ മാത്രമേ റേഞ്ചറെ വിട്ടയക്കൂവെന്ന നിലപാടിലായിരുന്നു പ്രദേശവാസികള്‍. തുടര്‍ന്ന് പോലിസ് സ്ഥലത്തെത്തി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. വൈകീട്ടോടെ വനംവകുപ്പ് ഉദ്യോഗസ്ഥരായ എന്‍ ടി സാജന്‍, ധനേഷ്‌കുമാര്‍, ഡിവൈഎസ്പി, ജനപ്രതിനിധികള്‍ എന്നിവരുടെ നേത്യത്വത്തില്‍ മണലാടിയില്‍ നടന്ന ചര്‍ച്ചയ്ക്കു ശേഷമാണ് റേഞ്ചറെ വിട്ടയച്ചത്.

RELATED STORIES

Share it
Top