വടക്കനാട്ടുകാരുടെ നിരാഹാര സമരം; മന്ത്രിതല ചര്‍ച്ചയില്‍ പരിഹാരം

സുല്‍ത്താന്‍ ബത്തേരി: തിരുവനന്തപുരത്ത് നടന്ന മന്ത്രിതല ചര്‍ച്ചയില്‍ കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചതോടെ വടക്കനാട് ഗ്രാമസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ 11 ദിവസമായി നടത്തിവന്ന സമരം വിജയം കണ്ടു. വനംമന്ത്രി കെ രാജുവിന്റെ അധ്യക്ഷതയിലാണ് ചര്‍ച്ച നടത്തിയത്. കര്‍ഷകര്‍ ഉന്നയിച്ച മുഖ്യ ആവശ്യങ്ങളിലൊന്നായ കാടും നാടും വേര്‍തിരിച്ച് കല്‍മതിലടക്കമുള്ള ശാശ്വത പ്രതിരോധ മാര്‍ഗം നടപ്പാക്കാമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.
ഇതുസംബന്ധിച്ച് വിശദമായ പദ്ധതിരേഖ തയ്യാറാക്കും. ഇതിനായി ഏപ്രില്‍ ഏഴിന് വടക്കനാട് മേഖലയില്‍ സുല്‍ത്താന്‍ ബത്തേരി എംഎല്‍എ അടക്കമുള്ള ജനപ്രതിനിധികളും സമരസമിതി ഭാരവാഹികളും വനംവകുപ്പ് ഉദ്യോഗസ്ഥരും വന്യമൃഗങ്ങള്‍ ഇറങ്ങുന്ന പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് റിപോര്‍ട്ട് തയ്യാറാക്കും. വിശദമായ റിപോര്‍ട്ട് ഏപ്രില്‍ 15നകം സര്‍ക്കാരിന് സമര്‍പ്പിക്കും.
30നകം സര്‍ക്കാര്‍ നടപടി സ്വീകരിച്ച് തുടര്‍പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനായ മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കാനും തീരുമാനമായി. വന്യമൃഗശല്യത്താല്‍ കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാര കുടിശ്ശിക ഏപ്രില്‍ 15നകം നല്‍കാനും ചര്‍ച്ചയില്‍ തീരുമാനിച്ചു. പ്രദേശത്തെ ശല്യക്കാരായ ആനകളെ തുരത്താന്‍ അടിയന്തര നടപടിയെടുക്കും.
ജനജാഗ്രതാ സമിതി മാസത്തിലൊരിക്കല്‍ യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കും. ലീസ് ഭൂമിയില്‍ കൃഷിയിറക്കിയ വിളകള്‍ വന്യമൃഗശല്യത്താല്‍ നശിച്ചാല്‍ ഇതുവരെ നഷ്ടപരിഹാരം നല്‍കിയിരുന്നില്ല. ഇനിമുതല്‍ ലീസ് ഭൂമിയിലെ കര്‍ഷകര്‍ക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ സാക്ഷ്യപത്രം നല്‍കിയാല്‍ നഷ്ടപരിഹാരം ലഭ്യമാക്കാനും ധാരണയായി. കൂടാതെ ജണ്ട കെട്ടുന്നതുമായി ബന്ധപ്പെട്ട് കര്‍ഷകരും വനംവകുപ്പും തമ്മിലുണ്ടാവുന്ന തര്‍ക്കങ്ങള്‍ സംയുക്ത പരിശോധന നടത്തി പരിഹരിക്കാനും ചര്‍ച്ചയില്‍ തീരുമാനിച്ചു.
വന്യമൃഗശല്യത്താല്‍ വിളനാശവും ജീവഹാനിയും സംഭവിച്ചാല്‍ നല്‍കുന്ന നഷ്ടപരിഹാരം ഉയര്‍ത്തണമെന്ന സമരസമിതിയുടെ ആവശ്യങ്ങള്‍ പരിശോധിച്ച് നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. കര്‍ഷകരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതിനാല്‍ സമരം ഇന്നു രാവിലെ പത്തോടെ അവസാനിപ്പിക്കും. ചര്‍ച്ചയില്‍ ജില്ലയിലെ മൂന്ന് എംഎല്‍എമാര്‍, മറ്റു ജനപ്രതിനിധികള്‍, സമരസമിതി നേതാക്കള്‍ പങ്കെടുത്തു.
വന്യജീവി പ്രശ്‌നത്തിന് ശാശ്വത പരിഹാരം വേണമെന്നാവശ്യപ്പെട്ട് വടക്കനാട് ഗ്രാമസംരക്ഷണ സമിതിയുടെ നേത്യത്വത്തില്‍ വന്യജിവി സങ്കേതം മേധാവിയുടെ കാര്യാലയത്തിന് മുന്നില്‍ 17നാണ്    അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്. 20ന് ജില്ലാ കലക്ടര്‍ എസ് സുഹാസ് സമരപ്പന്തലിലെത്തി നേതാക്കളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് ഇന്നലെ മന്ത്രിതല ചര്‍ച്ച നടന്നത്.

RELATED STORIES

Share it
Top