വടക്കഞ്ചേരി -വാളയാര്‍ ദേശിയപാത : അപകടങ്ങള്‍ തുടര്‍ക്കഥ; കാമറ സ്ഥാപിക്കല്‍ കടലാസില്‍ മാത്രംകുഴല്‍മന്ദം: വടക്കഞ്ചേരി വാളയാര്‍ നാലുവരിപ്പാതയില്‍ അപകടം വിതച്ച് വാഹനങ്ങളുടെ മരണപ്പാച്ചില്‍. കാമറ നിരീക്ഷണമില്ലെന്ന് അറിയാവുന്നവര്‍ 100-120 കിലോമീറ്റര്‍ വേഗതയിലാണ് വാഹനങ്ങളോടിക്കുന്നത്. സാധാരണഗതിയില്‍ 90 കിലോമീറ്റര്‍ വേഗതയാണ് കേരളത്തിലെ ദേശീയപാതയില്‍ പോലീസും മോട്ടോര്‍ വാഹനവകുപ്പും അനുവദിക്കുന്നത്. വാണിയമ്പാറയ്ക്കും വാളയാറിനുമിടയ്ക്ക് ജനുവരിയില്‍ 26 അപകടങ്ങളാണ് ഉണ്ടായത്. എരിമയൂരിലും വാളയാറിലും ഒരാള്‍വീതം മരിച്ചു. 30 ലേറെ പേര്‍ക്ക് പരിക്കേറ്റു. ഫെബ്രുവരിയില്‍ വടക്കഞ്ചേരി അണക്കപ്പാറയിലും പാലക്കാട് കാടാങ്കോടും ഒരാള്‍വീതം അപകടത്തില്‍ മരിച്ചു. വാഹനങ്ങള്‍ 100-120 കിലോമിറ്റര്‍ വേഗതയില്‍ ഓടിക്കാവുന്ന വിധമാണ് ദേശീയപാതയുടെ നിര്‍മാണം. ഇതിനെക്കാള്‍ ഉയര്‍ന്ന വേഗതയിലാണ് ആഡംബര കാറുകളും ഇതരസംസ്ഥാനത്തേക്ക് സര്‍വീസ് നടത്തുന്ന വിദേശനിര്‍മിത ബസുകളും പറക്കുന്നത്. നിയന്ത്രിക്കാനോ നിരീക്ഷിക്കാനോ സംവിധാനമില്ല. കാമറയുള്ളിടത്ത് വേഗത കുറക്കേണ്ടി വരുന്നതു മൂലമുണ്ടാവുന്ന സമയനഷ്ടം പരിഹരിക്കുന്നത് കാമറയില്ലാത്ത വടക്കഞ്ചേരി വാളയാര്‍ റൂട്ടിലെത്തുമ്പോഴാണ്്.അപകടം പതിവായ സ്ഥലങ്ങളില്‍ വേഗത നിരീക്ഷിക്കാനും നിയമം ലംഘിക്കുന്നവര്‍ക്കെതിരേ നിയമ നടപടിയെടുക്കാനും കാമറ സ്ഥാപിക്കണമെന്ന് പോലിസും മോട്ടോര്‍വാഹന വകുപ്പും ദേശീയപാതാ അതോറിറ്റിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ദേശീയപാതാ അതോറിറ്റി ഇതിനനുകൂലമല്ല. 100-120 കിലോമീറ്റര്‍ വേഗതയില്‍ വാഹനങ്ങള്‍ക്ക് ഓടാവുന്ന നിലവാരത്തിലാണ് പാത നിര്‍മിച്ചിരിക്കുന്നത്. വേഗത നിയന്ത്രിക്കേണ്ടത് പോലിസിന്റെയും മോട്ടോര്‍വാഹന വകുപ്പിന്റെയും ചുമതലയാണ്. അവര്‍ വേണമെങ്കില്‍ കാമറ സ്ഥാപിക്കട്ടെയെന്നാണ് അതോറിറ്റിയുടെ നിലപാട്. കാമറ സംവിധാനമുള്ള പോലിസിന്റെ ഇന്റര്‍സെപ്റ്റര്‍ വാഹനം എത്തിയെങ്കിലും വിവിധ പോലിസ് സ്റ്റേഷന്‍ പരിധികളില്‍ മാറിമാറി പോവേണ്ടി വരുന്നതിനാല്‍ സ്ഥിരം നിരീക്ഷണം നടത്താനാവാത്തതും അപകടങ്ങള്‍ കൂടാന്‍ കാരണമാവുന്നു.

RELATED STORIES

Share it
Top