വടകര വിദ്യാഭ്യാസ ജില്ലയിലെ ഊര്‍ജസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗരേഖയായി

വടകര: വിദ്യാഭ്യാസ ജില്ലയിലെ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇടയിലുള്ള ഊര്‍ജസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗരേഖയായി. ഊര്‍ജസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ രൂപീകരിച്ച എനര്‍ജി മാനേജ്‌മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഹൈസ്‌കൂള്‍, യുപി അധ്യാപകര്‍ക്കുള്ള സെന്‍സിറ്റൈസേഷന്‍ ക്യാംപിലാണ് ഇതിന് അന്തിമരൂപമായത്. ഇതനുസരിച്ച് സ്‌കൂളുകളില്‍ ഊര്‍ജസംരക്ഷണം, ജലസംരക്ഷണം, ഭക്ഷണം പാഴാക്കുന്നത് തടയല്‍ എന്നീ വിഷയങ്ങള്‍ക്ക് പ്രാധാന്യം നല്‍കും.
ഭക്ഷണം പാഴാക്കുമ്പോള്‍ ഭക്ഷ്യധാന്യങ്ങളുടെ ഉല്‍പാദന വിപണന വിതരണ മേഖലകളില്‍ ഉപയോഗിക്കപ്പെടുന്ന ഊര്‍ജമാണ് വ്യയം ചെയ്യപ്പെടുന്നത് എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് ഇത്തവണ ഭക്ഷണം പാഴാക്കലിനെതിരേ കൂടി നിലപാടെടുക്കാന്‍ തീരുമാനമായത്. ഈ മൂന്ന് തലങ്ങളിലുമുള്ള പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ സ്‌കൂളുകളില്‍ ഒരു നിരീക്ഷണ സമിതി രൂപീകരിക്കും. എസ്പിസി, സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ്, ജെആര്‍സി തുടങ്ങിയ സന്നദ്ധ സംഘടനകളുടെ സേവനങ്ങളും ഇതിനായി പ്രയോജനപ്പെടുത്തും. സ്‌കൂള്‍ തല മോണിട്ടറിങിനു പുറമെ സബ് ജില്ലാ തലത്തിലും, വിദ്യാഭ്യാസ ജില്ലാ തലത്തിലും നിരീക്ഷണസമിതികള്‍ ഉണ്ടാവും. സ്‌കൂളുകളിലും മുഴുവന്‍ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും വീടുകളിലും ഈ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനാണ് ലക്ഷ്യമിടുന്നത്.
ഊര്‍ജസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ വിദ്യാര്‍ഥികളില്‍ എത്തിക്കുന്നതിനായി സ്‌കൂള്‍ തലത്തില്‍ ഊര്‍ജോല്‍സവം നടക്കും. കാര്‍ട്ടൂണ്‍, ഉപന്യാസം, പ്രശ്‌നോത്തരി എന്നിവയിലാണ് മല്‍സരങ്ങള്‍ നടക്കുക. കാര്‍ട്ടൂണിന്റെ വിഷയം 'ഊര്‍ജവും പരിസ്ഥിതിയും' ഉപന്യാസരചനയുടെ വിഷയം’’ ഗാര്‍ഹിക ഊര്‍ജ ഉപഭോഗവും ഊര്‍ജസംരക്ഷണവും’ ആണ്. കൂടുതല്‍ വൈദ്യുതി സംരക്ഷിക്കാനായി ഊര്‍ജ ചാംപ്യന്‍ എന്ന മല്‍സരം നടത്തും. സ്‌കൂള്‍ തലത്തില്‍ വിജയികളാവുന്നവരെ പങ്കെടുപ്പിച്ചു കൊണ്ട് വിദ്യാഭ്യാസജില്ലാതല ഊര്‍ജോല്‍സവം ഒക്ടോബര്‍ മാസത്തില്‍ നടക്കും.  ഊര്‍ജോല്‍സവത്തിലേക്കുള്ള പ്രവേശന ഫോറങ്ങള്‍ സപ്തംബര്‍ ഇരുപതിനകം ഉപജില്ലാ, ജില്ലാ വിദ്യാഭ്യാസ ഓഫിസുകളില്‍ എത്തിക്കണം.
സ്‌കൂളുകളിലെ കംപ്യൂട്ടര്‍ ലാബുകളില്‍ മുഴുവന്‍ സമയവും കംപ്യൂട്ടറുകള്‍ ഓണ്‍ ചെയ്തു വയ്ക്കുന്ന രീതി ഒഴിവാക്കി ആവശ്യമായ സമയത്ത് മാത്രം ഓണ്‍ ചെയ്യുന്ന രീതിയിലേക്ക് കൊണ്ടുവരാനുള്ള പ്രത്യേക നിരീക്ഷണവും നടത്തും. രണ്ടു വര്‍ഷം കൊണ്ട് ജില്ലയെ കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ കാര്‍ബണ്‍ ന്യൂട്രാലിറ്റി ജില്ലയാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുക. കേളുവേട്ടന്‍ സ്മാരക ഹാളില്‍ നടന്ന സെന്‍സിറ്റൈസേഷന്‍ ക്യാംപ് നഗരസഭാ ചെയര്‍മാന്‍ കെ ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു.

RELATED STORIES

Share it
Top