വടകര നാര്‍ക്കോട്ടിക് കോടതിയില്‍ വിചാരണ മുടങ്ങിയിട്ട് ഒന്നരമാസംവടകര: കേരളത്തില്‍ ആകെയുള്ള രണ്ടു മയക്കുമരുന്നു കോടതികളില്‍ വടകര നാര്‍ക്കോട്ടിക്ക് കോടതി ജഡ്ജിയില്ലാതായിട്ട് ഒന്നര മാസമായിട്ടും അധികൃതരുടെ ഭാഗത്ത് നിന്നും നടപടിയായില്ല. ഇനി ജഡ്ജി എന്നു വരും എന്ന ചോദ്യത്തിനു ഉത്തരവുമില്ല. നിയമിക്കാന്‍ ജഡ്ജിമാരില്ലെന്നാണ് ഈ ചോദ്യത്തിന് മറുപടായായി അധികൃതര്‍ നല്‍കുന്നത്. രണ്ടും മൂന്നും വര്‍ഷങ്ങളായി വിചാരണ പൂര്‍ത്തിയാവാതെ ജയിലില്‍ കഴിയുന്ന 27 പ്രതികളുടെ കേസ് ഈ കോടതിയിലുണ്ട്. വിചാരണ തടവുകാരുടെ കേസ് പെട്ടെന്ന് തീര്‍ക്കാനുള്ള പൊതുവായ നിര്‍ദ്ദേശത്തിനു പുറമെ 6 മാസകാലാവധിക്കുള്ളില്‍ തീര്‍ക്കാനുള്ള പ്രത്യേക നിര്‍ദ്ദേശമുള്ള കേസുകളും കാലാവധി കഴിഞ്ഞിട്ട് മാസങ്ങളായി. 114 റിമാണ്ട് പ്രതികളും ഈ കോടതിയിലുണ്ട്. പലതിലും കുറ്റപത്രം വന്നിട്ടും വിചാരണ തുടങ്ങാതെ കിടക്കുകയാണ്. നിലവില്‍ ഈ കോടതിയുടെ ചാര്‍ജ്ജ് ഇപ്പോള്‍ കോഴിക്കോട്ടെ വഖഫ് ട്രിബ്യൂണലില്‍ നിന്നും വടകര എംഎസിടി ജഡ്ജി എംവി രാജകുമാരക്ക് കൈമാറിയിട്ടുണ്ട്. ചാര്‍ജ്ജ് ട്രിബ്യൂണലിനു കൈമാറിയ നടപടിയും ചട്ട വിരുദ്ധ മാണെന്ന് ചൂണ്ടി കാണിക്കപ്പെടുന്നതായും അഭിഭാഷകര്‍ അഭിപ്രായപ്പെടുന്നു. എംഎസിടി ക്ക് ക്യാമ്പു സിറ്റിം ഗ് ഉള്ള ദിവസങ്ങളില്‍ ഉച്ചക്കു ശേഷമാണ് റിമാണ്ട് നീട്ടിക്കൊടുക്കുന്നത്. അതു വരെ പ്രതികളുമായി കോടതി പരിസരത്തു തങ്ങേണ്ടി വരുന്ന പോലീസുകാര്‍ക്ക് വന്‍ സുരക്ഷാ പ്രശ്‌നമാണ് നിലവിലുള്ളത്. എംഎസിടിക്ക് ഫുള്‍ അഡീഷണല്‍ ചാര്‍ജ്ജ് നല്‍കാത്തതിനാല്‍ റിമാണ്ട് നീട്ടിക്കൊടുക്കുന്ന ജോലിമാത്രമാണ് നടക്കുന്നത്.

RELATED STORIES

Share it
Top